ശാപം കഴുകി മാറക്കാന
ശാപം കഴുകി മാറക്കാന
Sunday, August 21, 2016 11:25 AM IST
<ആ>സ്പോർട്സ് ലേഖകൻ

മാറക്കാന, ബ്രസീലിനെ സംബന്ധിച്ച് ഈ സ്റ്റേഡിയത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. വിജയവഴികൾ ധാരാളം തുറന്നുകൊടുത്തിട്ടുണ്ടെങ്കിലും ചരിത്രത്താളുകളിൽ ഒരു പരാജയത്തിന്റെ നീറുന്ന ഓർമയാണ് മാറക്കാനയെ ഫുട്ബോൾ പ്രേമികളെ മറക്കാനാവാത്തതാക്കുന്നത്. 1950ൽ ബ്രസീലിൽ ആദ്യമായി വിരുന്നിനെത്തിയ ലോകകപ്പ് ഫുട്ബോൾ ആഘോഷിക്കുകയായിരുന്നു കോടിക്കണക്കിനു ജനങ്ങൾ. തങ്ങളുടെ ടീം കിരീടം നേടുന്നതു കാണാൻ കൊച്ചുകുട്ടികൾ മുതൽ മുത്തച്ഛന്മാർ വരെ കാത്തിരുന്നു. എന്നാൽ, മാറക്കാന അവർക്കു സമ്മാനിച്ചത് തീരാദുഃഖമായിരുന്നു. കലാശപ്പോരാട്ടം വരെ എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ ബ്രസീൽ ഫൈനലിൽ ഉറുഗ്വെയോടു പരാജയപ്പെട്ടു. ആ മുറിവുണക്കാൻ 2014ലും ബ്രസീൽ പോരാടി. എന്നാൽ, സെമിയിൽ ബെലോ ഹൊറിസോണ്ടയിലെ അത്ലറ്റിക്കോ മിനെയ്റോ സ്റ്റേഡിയത്തിൽ ജർമനിയോട് ഒന്നിനെതിരേ ഏഴു ഗോളിനു പരാജയപ്പെടാനായിരുന്നു ബ്രസീലിന്റെ വിധി, ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം. ടീം ഏറെ പഴി കേട്ടു, ക്യാപ്റ്റൻ രാജിവച്ചു, സൂപ്പർ താരം നെയ്മർ സെമിക്കു മുമ്പേ പരിക്കേറ്റു വീണു. മാറക്കാന ദുരന്തത്തിനു ശേഷം മിനെയ്റാസോ ദുരന്തവും ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ജനത കണ്ണീരോടെ നേരിൽക്കണ്ടു.

എങ്കിലും ടീമിനെ കൈവെടിയാൻ അവർ ഒരുക്കമായിരുന്നില്ല. അതിനുള്ള തെളിവായിരുന്നു മാറക്കാനയിൽ കഴിഞ്ഞ ദിവസം കണ്ട ആരാധകപ്രവാഹം. 78000–ലേറെ ആരാധകർക്കു മുന്നിൽ നെയ്മറുടെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ചരിത്രത്തിലാദ്യമായി ഒളിമ്പിക് സ്വർണം നേടി.

പലവട്ടം ലോകകപ്പും കോൺഫെഡറേഷൻസ് കപ്പും കോപ്പ അമേരിക്കയും നേടിയിട്ടുണ്ടെങ്കിലും ഒളിമ്പിക് സ്വർണം അവർക്ക് അന്യമായിരുന്നു. അതും അവർ സ്വന്തമാക്കി. 21–ാം നൂറ്റാണ്ടിൽ ഫിഫ നടത്തിയ എല്ലാ ചാമ്പ്യൻഷിപ്പുകളും കിരീടം നേടുന്ന ഏക ടീം കൂടിയാണ് ബ്രസീൽ.


ബ്രസീൽ ഇന്നലെ ഉറങ്ങിയില്ല. രാവേറെ ചെല്ലുമ്പോഴും അവർ ആട്ടവും പാട്ടും തുടർന്നു. നെയ്മറാണ് അവർക്കിപ്പോൾ രാജാവ്, രക്ഷകൻ. പെലെയെയും റൊണാൾഡോയെയും ഗാരിഞ്ചയെയും ദിദിയെയും സോക്രട്ടീസിനെയും സീക്കോയെയുമൊക്കെ അവർ തത്കാലത്തേക്കു മറന്നു. നെയ്മർക്കു വേണ്ടി ആർത്തുവിളിക്കുകയാണ്. നെയ്മറിൽ ബ്രസീലുകാർ വച്ചുപുലർതച്തിയ പ്രതീക്ഷയോടു നീതിപുലർത്തിയ പ്രകടനവുമായി അദ്ദേഹം തലയുയർത്തി നിന്നു. നിർണായകമായ ഫ്രീ കിക്ക് ഗോളും സമ്മർദഘട്ടത്തിലെ ഷൂട്ടൗട്ട് ഗോളും നേടിയ നെയ്മർ ബ്രസീലുകാരുടെ രക്ഷകനായിരിക്കുന്നു. കളിയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തുകൊണ്ടായിരുന്നു നെയ്മർ കളിച്ചത്. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലുമൊക്കെ നെയ്മർ നിറസാന്നിധ്യമായി. ടീമിനെ യുവതാരങ്ങൾക്കു പ്രചോദനമായി നെയ്മർ തകർത്തു കളിച്ചു.

ഇനി അവർക്കു മതിമറന്നു ചിരിക്കാം. ഒരുപരിധിവരെ മാറക്കാനാസോയും മിനെയ്റാസോയും അവർക്കു മറക്കാം. സ്വന്തം രാജ്യം ഏറ്റെടുത്തു നടത്തിയ ഒരു ഒളിമ്പിക്സിൽ ആ രാജ്യത്തിന്റെ പ്രിയപുത്രൻ നേതൃത്വം നൽകുന്ന ടീം സ്വർണം നേടുക, അതു സംഭവിച്ചിരിക്കുന്നു. ആനന്ദലബ്ധിക്ക് ഇനി എന്തുവേണം?

മാറക്കാന ശാപം കഴുകിക്കളഞ്ഞിരിക്കുന്നു. ഈ മത്സരത്തോടെ ബ്രസീലുകാരുടെ പ്രിയപ്പെട്ട കളിയിടമായി മാറക്കാന മാറി. ലോകമെമ്പാടുമുള്ള ബ്രസീലിന്റെ ആരാധകർക്കും ഇത് ആവേശത്തിന്റെ നിമിഷം. അതു നൽകിയ ബ്രസീലിനും നെയ്മർക്കും നന്ദി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.