ലോക ജൂണിയർ ചെസ്: വെങ്കല ശോഭയിൽ നാരായണൻ
ലോക ജൂണിയർ ചെസ്: വെങ്കല ശോഭയിൽ നാരായണൻ
Sunday, August 21, 2016 11:25 AM IST
തിരുവനന്തപുരം: ഭുവനേശ്വറിൽ നടന്ന ലോക ജൂണിയർ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം എസ്.എൽ. നാരായണന് വെങ്കലം. ഈ നേട്ടത്തിലൂടെ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി മാറി നാരായണൻ.

ഗ്രാൻഡ്മാസ്റ്റർ കിരീടം സ്വന്തമാക്കിയ നാരായണന്റെ കരിയറിലെ മറ്റൊരു പൊൻതൂവലാണ് ഈ വെങ്കല നേട്ടം. കഴിഞ്ഞ വർഷം ഫിലിപ്പീൻസിൽ നടന്ന രാജ്യാന്തര ഗ്രാൻഡ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഏഴാം സ്‌ഥാനം നേടിയിരുന്നു. ആലുവ സ്വദേശി ജി.എൻ. ഗോപാലിനുശേഷം ഗ്രാൻഡ് മാസ്റ്റർ പട്ടം നേടിയ ഈ പതിനേഴുകാരന്റെ പേരിലാണ് ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഗ്രാൻഡ് മാസ്റ്റർ എന്ന ഖ്യാതി.

ഈ വർഷം തന്നെ നടന്ന ഏഷ്യൻ ജൂണിയർ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിലും നാരായണൻ വെള്ളി നേടിയിരുന്നു. പൂനെയിൽ കഴിഞ്ഞ വർഷം നടന്ന ഫിഡെ ലോക അണ്ടർ–20 ചെസിലാണ് നാരായണൻ ആദ്യ ഗ്രാൻഡ് മാസ്റ്റർ നോം നേടിയത്. മുൻ സംസ്‌ഥാന ചാമ്പ്യൻ സി. ശ്രീകുമാറിന്റെ കീഴിലായിരുന്നു തുടക്കത്തിൽ നാരായണന്റെ പരിശീലനം. പതിനഞ്ചാം വയസിൽ ഇന്റർനാഷണൽ മാസ്റ്റർ പട്ടം കരസ്‌ഥമാക്കി. ഇതേത്തുടർന്ന് സംസ്‌ഥാന സർക്കാരിന്റെ ധനസഹായത്തോടെ വിദേശ കോച്ചിന്റെ പരിശീലനം ലഭ്യമാക്കി. ഉക്രെയിൻ കോച്ച് അലക്സാണ്ടർ ഗോളോഷപോവിന്റെയും ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ പ്രവീൺ തിപ്സയുടെയും കീഴിലാണ് ഇപ്പോൾ പരിശീലനം.


കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് ഇപ്പോൾ താൻ സ്വന്തമാക്കിയതെന്നും മെഡൽ നേടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും കൂടുതൽ ഉയരത്തിലേക്കു കുതിക്കാൻ നേട്ടം പ്രചോദനമാകുമെന്നും നാരായണൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.