താങ്ങാനാവില്ല ഈ തോൽവി
താങ്ങാനാവില്ല ഈ തോൽവി
Sunday, August 21, 2016 11:18 AM IST
റിയോ: ബാഡ്മിന്റണിൽ ലിൻ ഡാൻ എക്കാലത്തെയും മികച്ചവനായിരിക്കാം. എന്നാൽ എക്കാലത്തെയും മികച്ച രണ്ടാം സ്‌ഥാനക്കാരൻ എന്ന പേര് കായികലോകത്ത് ആർക്കെങ്കിലും നൽകാമെങ്കിൽ അത് മലേഷ്യയുടെ ലീ ചോംഗ് വീയ്ക്കു മാത്രം അവകാശപ്പെട്ടതായിരിക്കും.

ലോക ഒന്നാം നമ്പറായിരിക്കുമ്പോഴും ചൈനീസ് താരങ്ങൾ ഈ മലേഷ്യക്കാരന് എന്നും വെല്ലുവിളി തീർത്തു. ചാമ്പ്യന്മാർ മാറി മാറി വരുമ്പോഴും രണ്ടാം സ്‌ഥാനം മാത്രം വിധിക്കപ്പെട്ട ഹതഭാഗ്യനായി ലീ ചോംഗ് തുടരുന്നു. കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും ഇതിഹാസമെന്നു ലോകം വാഴ്ത്തുന്ന ലിൻഡാനു മുമ്പിൽ പരാജയപ്പെട്ടു വെള്ളിയുമായി മടങ്ങി. ഇത്തവണ ബദ്ധവൈരിയായ ലിൻ ഡാനെ സെമിയിൽ തകർത്താണ് ലീ ചോങിന്റെ ഫൈനൽ പ്രവേശം. ഇത്തവണ കിരീടം ലീ ചോങിനെന്നു ആരാധകർ വിശ്വസിച്ചു. എന്നാൽ കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ ലീയെ തോൽപ്പിച്ചു കിരീടമണിഞ്ഞ ലോകരണ്ടാം നമ്പർ ചെൻ ലോങ് പ്രകടനം റിയോയിലും ആവർത്തിച്ചപ്പോൾ വിധിയുടെ കരങ്ങൾ ഒരിക്കൽക്കൂടി ലീയെ രണ്ടാമനാക്കി.


ലോക ഒന്നാം നമ്പറാണെങ്കിലും ഒരിക്കൽ പോലും ഒരു ലോകചാമ്പ്യൻഷിപ്പ് കിരീടം നേടാൻ ലീയ്ക്ക് കഴിഞ്ഞിട്ടില്ല. 2011, 2013 ലോകചാമ്പ്യൻഷിപ്പുകളുടെ ഫൈനലിൽ തോൽവി ലിൻ ഡാനോടായിരുന്നു. ലിൻ ഡാന്റെ പ്രതാപകാലം അസ്തമിച്ചു തുടങ്ങിയപ്പോൾ ലീ ഒന്നാശ്വസിച്ചു. എന്നാൽ ചൈന ഒരിക്കൽക്കൂടി ലീയ്ക്ക് പ്രതിബന്ധം സൃഷ്‌ടിച്ചു. 2015ൽ വീണ്ടും ലോകചാമ്പ്യൻഷിപ്പിന്റെ അവസാന കടമ്പയിൽ ലീ വീണു. ലിൻ ഡാൻ മാറി ചെൻ ലോങായി എന്നു മാത്രം.

തുടർച്ചയായ മൂന്ന് ഒളിമ്പിക്സുകളിൽ സിംഗിൾസ് ഫൈനലിൽ കടക്കുന്ന ഏകതാരം. തുടർച്ചയായ മൂന്ന് ഒളിമ്പിക്സ് ഫൈനലുകൾ തോൽക്കുന്ന ആദ്യതാരം. ഇനിയൊരു ഒളിമ്പിക്സിന് ലീയ്ക്ക് ബാല്യമുണ്ടോയെന്നു സംശയമാണ്. ഒരു ഒളിമ്പിക് സ്വർണം അത് ലീയുടെ മോഹമായിരുന്നു. ആ മോഹമവശേഷിപ്പിച്ചാണ് ലീ മടങ്ങുന്നത്. അടുത്ത ലോകചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായാലേ ഈ മുറിവുണങ്ങൂ. ലീയ്ക്ക അതിനു കഴിയും എന്ന് ആരാധകർ ഉറച്ചു വിശ്വസിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.