പ്രീമിയർ ലീഗിൽ കരുത്തർക്കു ജയം; ലിവർപൂളിനു തോൽവി
പ്രീമിയർ ലീഗിൽ കരുത്തർക്കു ജയം; ലിവർപൂളിനു തോൽവി
Sunday, August 21, 2016 11:18 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നിവയ്ക്കു മികച്ച ജയം. അതേസമയം, ലിവർപൂളിനു തോൽവി. ലീസ്റ്റർ സിറ്റി–ആഴ്സണൽ മത്സരം ഗോൾരഹിത സമനലിയായി. ലീഗിലെ രണ്ടാം മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് സ്റ്റോക് സിറ്റിയെ തോല്പ്പിച്ചു. ഇരട്ട ഗോളുകളുമായി സെർജിയോ അഗ്വേറോ (27, 36), നോലിറ്റോ (86, 90+5) എന്നിവരാണ് പെപ് ഗാർഡിയോളയുടെ സിറ്റിക്കു സീസണിലെ രണ്ടാം ജയമൊരുക്കിയത്. 49–ാം മിനിറ്റിലെ ബോയൻ പെരെസിന്റെ പെനാൽറ്റിയാണ് സ്റ്റോക്കിന് ആശ്വാസമായത്.

സ്ലാട്ടൻ ഇബ്രാഹിമോവിച്ച് രണ്ടാം മത്സരത്തിലും വലകുലുക്കിയതോടെ ഹൊസെ മൗറിഞ്ഞോയ്ക്കു യുണൈറ്റഡിനൊപ്പം രണ്ടാം ജയം സ്വന്തമാക്കാനായി. യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളിനു സതാംപ്ടണിനെ പരാജയപ്പെടുത്തുകയായിരുന്നു. രണ്ടു ഗോളും ഇബ്രാഹിമോവിച്ചിന്റെ (36, 52) വകയായിരുന്നു. കഴിഞ്ഞ സീസണിൽ തീർത്തും നിരാശപ്പെടുത്തിയ ചെൽസി വാറ്റ്ഫോർഡിനോട് പിന്നിട്ട നിന്നശേഷം വിജയത്തിലെത്തി. എറ്റിനെൻ കോപോ (55) വാറ്റ്ഫോർഡിനെ മുന്നിലെത്തിച്ചു. ആന്റോണിയോ കോന്റോയുടെ ചെൽസി മിച്ചി ബാറ്റ്സുയി (80), ഡിയേഗോ കോസ്റ്റ (87) എന്നിവരുടെ ഗോളിൽ രണ്ടാം ജയം നേടി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബേൺലിയാണ് ലിവർപൂളിനെ അട്ടിമറിച്ചത്. സാം വോക്സ് (2), ആൻഡ്രെ ഗ്രെ (37) എന്നിവരാണ് ഗോൾ നേടിയത്. ടോട്ടനം ഏകപക്ഷീയമായ ഒരു ഗോളിനു ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.