നർസിംഗിനു പ്രതീക്ഷ വേണ്ട
നർസിംഗിനു പ്രതീക്ഷ വേണ്ട
Monday, July 25, 2016 11:09 AM IST
ന്യൂഡൽഹി: ഒളിമ്പിക്സ് യോഗ്യത നേടിയ നർസിംഗ് യാദവിനെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അദ്ദേഹത്തെ ഉത്തേജക മരുന്നിന്റെ പേരിൽ പിടിച്ചതെന്ന് ദേശീയ റെസലിംഗ് ഫെഡറേഷൻ. ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ പ്രസിഡന്റ് ബ്രജ് ഭൂഷന്റെ നേതൃത്വത്തി ലുള്ള സംഘം പ്രധാനമന്ത്രിയെ കണ്ടു.

എന്നാൽ, നർസിംഗിന്റെ റിയോ സ്വപ്നം അവസാനിച്ചുവെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ സൂചിപ്പിച്ചു. വാഡ കോഡ് അനുസരിക്കാൻ അത്ലറ്റുകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ഇത്തവണ ഒളിമ്പിക്സിന് അയയ്ക്കുന്നത് 119 പേരെയാണെന്നും വിജയ് ഗോയൽ സൂചിപ്പിച്ചതോടെ നർസിംഗിന്റെ റിയോ പങ്കാളിത്തമുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി. 31ന് ന്യൂഡൽഹിയിലെ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ഒളിമ്പിക് താരങ്ങൾക്ക് ആവേശം പകരാൻ നടത്തുന്ന റൺ ഫോർ ഒളിമ്പിക്സ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുമെന്നും ഗോയൽ പറഞ്ഞു.

എന്നാൽ, നർസിംഗിനു വീണ്ടും ഉത്തേജക മരുന്നു പരിശോധന വേണമെന്ന ആവശ്യവുമായി വിവിധ കായിക താരങ്ങളും റെസലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയും രംഗത്തെത്തി. സംഭവത്തിൽ രണ്ടു ദിവസത്തിനകം അന്തിമതീരുമാനമുണ്ടാകും.

ഫെഡറേഷൻ നർസിംഗിനെ നിരപരാധിയായാണ് കാണുന്നത്. നർസിംഗ് ഉത്തേജകമുപയോഗിച്ചു എന്ന് ഒരിക്കൽപ്പോലും ഉയർത്തിയിട്ടില്ല. ക്യാമ്പിലെ നിർദേശങ്ങളനുസരിച്ചും വാഡയുടെയും നാഡയുടെയം ഉപദേശങ്ങൾക്കനുസരിച്ചുമാണ് നർസിംഗ് പ്രവർത്തിച്ചതെന്ന് പൂർണബോധ്യമുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. നിരോധിത ഉത്തേജകമരുന്ന് എങ്ങനെയാണ് നർസിംഗിന്റെ ഭക്ഷണത്തിൽ കലർന്നതെന്ന് അന്വേഷിക്കണം. നർസിംഗിനു നീതി ആവശ്യമാണ്. അതുകൊണ്ട് വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണം. ഇന്ത്യ വളരെയധികം പ്രതീക്ഷിക്കുന്ന ഒരു ഒളിമ്പിക് മെഡലാണ് നർസിംഗിന്റേത് –ബ്രജ് ഭൂഷൺ നേരത്തെ പറഞ്ഞു. ന്യൂഡൽഹിയിലെ സോനാപ്പെട്ടിലുള്ള സായി കേന്ദ്രത്തിൽ ജൂലൈ അഞ്ചിനാണ് ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി നർസിംഗിന്റെ സാമ്പിളുകൾ പരിശോധിച്ചത്. എ സാമ്പിൾ പരിശോധന പോസിറ്റീവായതിനെത്തുടർന്ന് ബി സാമ്പിൾ പരിശോധിച്ചു. ഇതിലും പോസിറ്റീവ് ഫലമാണ് ലഭിച്ചത്.


ലാസ് വെഗാസിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയാണ് 74 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ നർസിംഗ് യാദവ് ഒളിമ്പിക് ബെർത്ത് സ്വന്തമാക്കിയത്. ഒളിമ്പിക്സിനു പോകുന്നതിനുമുമ്പ് അത്ലറ്റുകളെല്ലാവരും ഉത്തേജകമരുന്നു പരിശോധന നടത്തണമെന്ന് നാഡ നിഷ്കർഷിച്ചിരുന്നു. ഇതുപ്രകാരമാണ് നർസിംഗിന്റെ സാമ്പിളുകൾ പരിശോധിച്ചത്. സുശീൽ കുമാറുമായുള്ള നിയമപോരാട്ടത്തിനൊടുവിലായിരുന്നു നർസിംഗ് റിയോ ബെർത്ത് ഉറപ്പിച്ചത്. ഇന്ത്യക്കു ലഭിച്ച ക്വോട്ടയിൽ തന്നെ അയയ്ക്കണമെന്നായിരുന്നു സുശീലിന്റെ നിലപാട്. ഇതിനിടെ തന്നെ ആരോ കുടുക്കിയതാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നർസിംഗ് ആരോപിച്ചു. –നർസിംഗ് പറഞ്ഞു.

ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി നർസിംഗിന്റെ പരിശീലകൻ ജഗ്മാൽ സിംഗും രംഗത്തെത്തിയിയിരുന്നു.

ഇപ്പോൾ ഗുസ്തി ഫെഡറേഷൻ ഒന്നടങ്കം നർസിംഗിനു പിന്തുണയുമായെത്തിയത് അദ്ദേഹത്തിന് ആത്മവിശ്വാസമായി. അതിനിടെ, താൻ എല്ലാക്കാലത്തും നമ്മുടെ ഗുസ്തി താരങ്ങളെ പിന്തുണച്ചിട്ടേയുള്ളൂ എന്ന് ഒളിമ്പിക്സിൽ ഇരട്ട മെഡൽ ജേതാവ് സുശീൽ കുമാർ പറഞ്ഞു. ഗുസ്തിയിൽ ഇന്ത്യക്കു മൂന്നാമതൊരു മെഡൽ ഈ ഒളിമ്പിക്സിൽ താൻ സ്വപ്നം കാണുന്നുവെന്നും സുശീൽ പറഞ്ഞു. നർസിംഗ് ഒളിമ്പിക്സിൽ പങ്കെടുത്തില്ലെങ്കിൽ ഇന്ത്യക്കുള്ള ക്വോട്ട ഒഴിഞ്ഞുകിടക്കുമെന്ന് കഴിഞ്ഞ ദിവസം ഐഒഎ പ്രസിഡന്റ് എൻ. രാമചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.