ഗോദയിൽ മരുന്നടി
ഗോദയിൽ മരുന്നടി
Sunday, July 24, 2016 11:38 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ ഒളിമ്പിക് ടീമിനാകെ നാണക്കേടു വരുത്തിക്കൊണ്ട് ഗോദയിലെ മരുന്നടി പിടിക്കപ്പെട്ടു. ഒളിമ്പിക് ഗുസ്തിയിൽ മെഡൽ പ്രതീക്ഷിക്കപ്പെട്ടിരുന്ന നർസിംഗ് പഞ്ചിംഗ് യാദവ് ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടു. ഇതോടെ നർസിംഗിന് ഒളിമ്പിക്സിൽ പങ്കെടുക്കാനാവില്ല. ഒളിമ്പിക് ഗുസ്തിയിൽ 74 കിലോഗ്രാം വിഭാഗം ഫ്രീസ്റ്റൈലിൽ മത്സരിക്കേണ്ടിയിരുന്ന നർസിംഗ് സാമ്പിളുകളുടെ എ, ബി പരിശോധനകളിൽ പരാജയപ്പെടുകയായിരുന്നു. ന്യൂഡൽഹിയിലെ സോനാപ്പെട്ടിലുള്ള സായി കേന്ദ്രത്തിൽ ജൂലൈ അഞ്ചിനാണ് ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി നർസിംഗിന്റെ പരിശോധന നടത്തിയത്. എ സാമ്പിൾ പരിശോധന പോസിറ്റീവായതിനെത്തുടർന്ന് ബി സാമ്പിൾ പരിശോധിച്ചു. ഇതിലും പോസിറ്റീവ് ഫലമാണ് ലഭിച്ചത്. പരിശോധനാഫലം ഗുസ്തി ഫെഡറേഷനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും നാഡ സമർപ്പിച്ചിട്ടുണ്ട്. അന്തിമതീരുമാനം പിന്നീടേ പ്രഖ്യാപിക്കൂ എങ്കിലും നർസിംഗിന് ഒളിമ്പിക്സിൽ പങ്കെടുക്കാനാവില്ലെന്നുതന്നെയാണു നിഗമനം. എന്നാൽ, നർസിംഗിനെ വീണ്ടും പരിശോധനയ്ക്കു വിധേയമാക്കണമെന്ന വാദവും ഉയർന്നിട്ടുണ്ട്.

ഒളിമ്പിക്സിനു പോകുന്നതിനുമുമ്പ് അത്ലറ്റുകളെല്ലാവരും ഉത്തേജകമരുന്നു പരിശോധന നടത്തണമെന്ന് നാഡ നിഷ്കർഷിച്ചിരുന്നു. ഇതുപ്രകാരമാണ് നർസിംഗിന്റെ സാമ്പിളുകൾ പരിശോധിച്ചത്. രണ്ടുവട്ടം ഒളിമ്പിക് മെഡൽ നേടിയിട്ടുള്ള സുശീൽ കുമാറുമായുള്ള നിയമപോരാട്ടത്തിനൊടുവിലായിരുന്നു നർസിംഗ് റിയോ ബെർത്ത് ഉറപ്പിച്ചത്. ഇന്ത്യക്കു ലഭിച്ച ക്വോട്ടയിൽ തന്നെ അയയ്ക്കണമെന്നായിരുന്നു സുശീലിന്റെ നിലപാട്.

ഇതിനിടെ തന്നെ ആരോ കുടുക്കിയതാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നർസിംഗ് ആരോപിച്ചു. ഞാൻ അറിഞ്ഞുകൊണ്ട് ഒരു ഉത്തേജകമരുന്നും ഉപയോഗിച്ചിട്ടില്ല. സത്യം ഒരിക്കൽ പുറത്തുവരും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എന്നെ പിന്തുണയ്ക്കും –നർസിംഗ് പറഞ്ഞു.

ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി നർസിംഗിന്റെ പരിശീലകൻ ജഗ്്മാൽ സിംഗും രംഗത്തെത്തി. എനിക്കുറപ്പുണ്ട്. നർസിംഗ് നിരോധിക്കപ്പെട്ട മരുന്നു കഴിക്കുകയോ തങ്ങളാരും നൽകുകയോ ചെയ്തിട്ടില്ല. ആരോ മനഃപൂർവം നർസിംഗിനെ കരിവാരിത്തേക്കാൻ ചെയ്ത പ്രവൃത്തിയാണിത് –അദ്ദേഹം പറഞ്ഞു. എന്നാൽ, നർസിംഗ് നിരോധിക്കപ്പെട്ട സ്റ്റിറോയ്ഡായ മെതൻഡിയോനോൺ

ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് നാഡ ഡയറക്ടർ ജനറൽ നവീൻ അഗർവാൾ സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നാഡയുടെ അച്ചടക്കസമിതിയുടെ മുമ്പാകെ നർസിംഗ് ഹാജരായെന്നും അദ്ദേഹം പറഞ്ഞു. നർസിംഗ് ഒളിമ്പിക്സിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ താനല്ല ഉത്തരം പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിയോ ഒളിമ്പിക്സിനു മുമ്പ് ഇന്നു ജോർജിയയിലേക്ക് വിദഗ്ധ പരിശീലനത്തിനു പോകാനിരിക്കെയാണ് നർസിംഗ് പിടിക്കപ്പെട്ടത്. ജോർജിയയിൽനിന്ന് നേരിട്ട് റിയോയിലേക്കു പോകാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ, പുതിയ സാഹചര്യത്തിൽ ടീമിലുള്ള മറ്റ് അംഗങ്ങൾ മാത്രമേ ജോർജിയയിലേക്കു പോകൂ. നർസിംഗിനെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ഇന്ത്യൻ റസലിംഗ് ഫെഡറേഷന്റെയും വിലയിരുത്തൽ. സുശീലുമായുള്ള പ്രശ്നങ്ങൾ മരുന്നടി ആരോപണത്തിനു പിന്നിലുണ്ടെന്നു കരുതുന്നവരാണ് ഏറെയും. സുശീൽ അനുകൂലികൾ നർസിംഗിനെതിരേ കളിച്ചതാവാമെന്നും ആരോപണമുയർന്നു കഴിഞ്ഞു.


<ആ>നർസിംഗ് പോയില്ലെങ്കിൽ ആരും പോവില്ല

ന്യൂഡൽഹി: നർസിംഗ് യാദവിന്റെ തുടർപരിശോധനയിലും ഉത്തേജകമുപയോഗിച്ചുവെന്നു തെളിഞ്ഞാൽ അദ്ദേഹത്തിനു പകരം മറ്റൊരാൾക്ക് പോകാനുള്ള സാഹചര്യമുരുത്തിരിയും. എന്നാൽ, നർസിംഗ് പരിശോധനയിൽ പരാജയപ്പെട്ടാൽ പകരം ആരെയും വിടുന്നില്ലെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് എൻ. രാമചന്ദ്രൻ വ്യക്‌തമാക്കി. നർസിംഗിനു പോകാനായില്ലെങ്കിൽ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽകുമാർ പോകുമെന്ന വാദം അദ്ദേഹം തള്ളി. സുശീൽ യോഗ്യത നേടിയിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹം പോകുന്ന പ്രശ്നമുദിക്കുന്നില്ല– രാമചന്ദ്രൻ പറഞ്ഞു. നാഡയുടെ റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. നർസിംഗ് മെഡൽ സാധ്യതയുള്ള താരമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നർസിംഗ് മരുന്നടിച്ചതായി തെളിഞ്ഞെന്ന് കായിക മന്ത്രാലയവും വ്യക്‌തമാക്കി.
<ആ>ഗോദയിൽ കുരുത്ത നർസിംഗ് യാദവ്

നർസിംഗിന്റെ ജന്മംതന്നെ ഗുസ്തികുടുംബത്തിലായിരുന്നു. പിതാവ് ഉത്തർപ്ര–ദേശിലെ വാരാണസി ജില്ലയിലുള്ള നീമ ഗ്രാമത്തിലെ അറിയപ്പെടുന്ന ഗുസ്തിക്കാരനായിരുന്നു. ദരിദ്രകുടുംബത്തിൽ പിറന്ന നർസിംഗ് പിന്നീട് പിതാവിനൊപ്പം മുംബൈക്കു താമസം മാറ്റുകയായിരുന്നു. സ്കൂൾകാലം മുതൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുത്ത നർസിംഗ് തികഞ്ഞ ഗുസ്തിക്കാരനായിരുന്നുവെന്ന് സഹപാഠികളും അധ്യാപകരും വ്യക്‌തമാക്കുന്നു. മുംബൈയിലെ കൻഡിവല്ലി സായി കേന്ദ്രത്തിൽ ജഗ്മാൽ സിംഗിന്റെ കീഴിലെത്തിയതോടെയാണ് നർസിംഗ് സാങ്കേതികത്തികവുള്ള ഫയൽവാനായത്. ആദ്യം 50 കിലോഗ്രാം വിഭാഗത്തിലായിരുന്നു നർസിഗ് മത്സരിച്ചിരുന്നത്. 10 വർഷത്തോളമായി നർസിംഗ് ജഗ്്മാലിനൊപ്പം പരിശീലിക്കുന്നു. പിന്നീട് 74 കിലോഗ്രാം വിഭാഗത്തിലേക്കു മാറി. ബെയ്ജിംഗ് ഒളിമ്പിക്സിൽ യോഗ്യതനേടാനാകാതെപോയത് 2010ൽ ഡൽഹി കോമൺവെൽത്ത് ഗെയിംസിനിടെ സംഭവിച്ച പരിക്കുമൂലമായിരുന്നെന്ന് പരിശീലകൻപറയുന്നു. ലണ്ടൻ ഒളിമ്പിക്സിനു യോഗ്യത നേടിയെങ്കിലും മികച്ച പ്രകടനം നടത്തുന്ന സുശീൽകുമാറിനായി ഒളിമ്പിക് ക്വോട്ട വിട്ടുകൊടുത്തു. ആ തീരുമാനം ശരിയായിരുന്നുവെന്ന് സുശീലിന്റെ വെള്ളി നേട്ടത്തോടെ ബോധ്യപ്പെട്ടുവെന്ന് നർസിംഗും പരിശീലകനും വിലയിരുത്തുന്നു. എന്നാൽ, ഇത്തവണ എല്ലാംകൊണ്ടും ഒളിമ്പിക്സിൽ മത്സരിക്കാൻ താനാണ് യോഗ്യനെന്നു മനസിലാക്കിയ നർസിംഗ് യോഗ്യത സ്വന്തമാക്കി. എന്നാൽ, എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ടാണ് ഇപ്പോൾ മരുന്നടിയിൽ നർസിംഗ് പിടിക്കപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.