ദീപികയുടെ ഉന്നം മെഡൽ
ദീപികയുടെ ഉന്നം മെഡൽ
Saturday, July 23, 2016 12:13 PM IST
<ആ>സന്ദീപ് സലിം

റിയോ ഒളിമ്പിക്സിൽ ഇതുവരെ മെഡൽ നേടിയിട്ടില്ലാത്ത ഒരിനത്തിൽ ഇന്ത്യ മെഡൽ നേടുമോ ? ഇന്ത്യൻ കായികലോകത്ത് മുഴങ്ങിക്കേൾക്കുന്ന ചോദ്യമാണിത്. കൂടുതൽ പേരും ഉത്തരം പറയുന്നത് അമ്പെയ്ത്തിൽ നേടും എന്നാണ്. കാരണം മറ്റൊന്നുമല്ല. ദീപിക കുമാരിയുണ്ടല്ലോ. അമ്പെയ്ത്തിൽ അർജുനന്റെ കൃത്യതയാണ് ദീപികയുടേതെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ നാടായ റാഞ്ചിയിൽനിന്നാണ് ദീപികയും വരുന്നത്. വളരെപ്പെട്ടെന്നായിരുന്നു ദീപികയുടെ വളർച്ച. 15–ാം വയസിൽ ആദ്യ അന്താരാഷ്ട്ര സ്വർണം നേടിക്കൊണ്ട് ദീപിക വിസ്മയിപ്പിച്ചു. 2009ൽ അമേരിക്കയിലെ ഒഗ്ഡനിൽ നടന്ന ലോക യൂത്ത് അമ്പെയ്ത്തിൽ സ്വർണം. വ്യക്‌തിഗത ഇനത്തിൽ മാത്രമായിരുന്നില്ല അന്നു സ്വർണം. ബോംബയ്ലാദേവി, ഡോളാ ബാനർജി എന്നിവരുമായി ചേർന്ന് ടീം ഇനത്തിലും ദീപിക സ്വർണം നേടി.

ശിവനാരായൺ പ്രജാപതിയെന്ന ഓട്ടോറിക്ഷ ഡ്രൈവറുടെയും റാഞ്ചി മെഡിക്കൽ കോളജിൽ നഴ്സായ ഗീത മഹാതോയുടെയും മകളായി 1994 ലായിരുന്നു ദീപികയുടെ ജനനം. ചെറിയ പ്രായത്തിൽ തെറ്റാലി ഉപയോഗിച്ച് മരത്തിൽ കിടക്കുന്ന കായ്കൾ കൃത്യമായി എറിഞ്ഞിടാൻ ദീപികയ്ക്കു കഴിയുമായിരുന്നുവെന്ന് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. പിന്നീട്, വളർന്നു വന്നപ്പോൾ ഇക്കാര്യത്തിൽ ദീപിക കൂടുതൽ കൃത്യത പലിച്ചു. മകൾക്ക് പ്രത്യേക കഴിവുണ്ടെന്നു തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മകളെ ഷൂട്ടിംഗിനു ചേർക്കണമെന്നായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചത്. എന്നാൽ, അതിനായി വേണ്ട സാമ്പത്തികസ്‌ഥിതി അവർക്കില്ലാതെ പോയി. ഒരു ഓട്ടോറിക്ഷ ഡ്രൈവറെ സംബന്ധിച്ചടത്തോളം അത് വലിയ ബാധ്യത തന്നെയായിരുന്നു. ഒടുവിൽ, ബുദ്ധിമുട്ടുകളൊക്കെ മാറ്റിവച്ച് ദീപികയെ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന അർജുൻ മുണ്ടെയുടെ ഭാര്യ മീര മുണ്ടൈയുടെ അർജുൻ ആർച്ചറി അക്കാഡമിയിൽ ചേർത്തു. അവിടെനിന്ന് അമ്പെയ്ത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ദീപിക 2006ൽ ജംഷഡ്പൂരിലെ ടാറ്റ ആർച്ചറി അക്കാഡമിയിലെത്തി. പിന്നീട്, ദീപികയുടെ വളർച്ച അതിവേഗത്തിലായിരുന്നു. ദാരിദ്ര്യത്തിന്റെ നടുവിൽ നിന്നു രാജ്യം അംഗീകരിക്കുന്ന താരമായി വളർന്നത് കഠിനാധ്വാനം, മനഃസാന്നിധ്യം, അർപ്പണബോധം എന്നിവ കൈമുതലാക്കിയാണ്. 2010 കോമൺവെൽത്ത് ഗെയിംസ് മുതൽ ദീപിക അമ്പെയ്ത്തിൽ ഇന്ത്യയുടെ മുൻനിര താരമായിമാറി. മൂന്നു സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവുമാണ് ആ ഗെയിംസിൽ അമ്പെയ്ത്തിൽ ഇന്ത്യ നേടിയത്. ഇതിൽ എടുത്തുപറയേണ്ടത് ദീപിക കുമാരിയുടെ പ്രകടനമാണ്. വ്യക്‌തിഗത ഇനത്തിലും റിക്കർവ് ടീം ഇനത്തിലും ദീപിക സ്വർണം നേടി.


ലോക യൂത്ത് ചാമ്പ്യൻഷിപ്പിലെയും കോമൺവെൽത്ത് ഗെയിംസിലെയും സുവർണ നേട്ടവുമായി ഗ്വാൻഷു ഏഷ്യൻ ഗെയിംസിലെത്തിയ ദീപികയ്ക്കു കാലിടറി. നാലാം സ്‌ഥാനത്തെത്താനേ അന്നു ദീപികയ്ക്കായുള്ളൂ.

എന്നാൽ, 2011ൽ ഇറ്റലിയിൽ നടന്ന ലോക ആർച്ചറി ചാമ്പ്യൻഷിപ്പിനെത്തിയ ദീപിക കൊറിയൻ താരങ്ങളെ സെമിയിൽ കീഴടക്കി വെള്ളി നേടി. ഈ വെള്ളിമെഡൽ നേട്ടത്തോടെ 2012 ലെ ലണ്ടൻ ഒളിമ്പിക്സിനുള്ള ബർത്തും ദീപിക ഉറപ്പിച്ചു. ആ ലോകചാമ്പ്യൻഷിപ്പിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്ക് ലോകചാമ്പ്യൻഷിപ്പിൽ ഒരു മെഡൽ ലഭിക്കുന്നത്. വ്യക്‌തിഗത ഇനത്തിലും ദീപിക വെള്ളി നേടി. പിന്നീട്, തുർക്കിയിലെ അന്റാലിയയിൽ നടന്ന അമ്പെയ്ത്ത് ലോകകപ്പിൽ വ്യക്‌തിഗത റിക്കർവ് ഇനത്തിൽ കൊറിയയുടെ ലീ സുംഗിനെ പിന്തള്ളി സ്വർണം നേടിയപ്പോൾ ലണ്ടൻ ഒളിമ്പിക്സിൽ ഒരു മെഡൽ ദീപിക നേടുമെന്ന് എല്ലാവരും കരുതി. തുർക്കിയിൽ സ്വർണം നേടുമ്പോൾ 17 വയസും 11 മാസവുമായിരുന്നു ദീപിക കുമാരിയുടെ പ്രായം. തൊട്ടുപിന്നാലെ ഈ വിഭാഗത്തിൽ ലോകത്തിലെ ഒന്നാം നമ്പർതാരമെന്ന പദവിയും ദീപികയെ തേടിയെത്തി.

പക്ഷേ, മികച്ച പ്രകടനങ്ങൾക്കിടെ വളരെ ദയനീയമായ പ്രകടനവും ദീപികയെ വിടാതെ പിന്തുടരാറുണ്ട്. അത് ലണ്ടനിലും ആവർത്തിച്ചു. ഉറച്ച മെഡൽ പ്രതീക്ഷയുമായിറങ്ങിയ ദീപിക ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി.

2013ൽ കൊളംബിയയിൽ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ പഴയ ദീപികയെ ഇന്ത്യക്കു തിരിച്ചു കിട്ടി. വീണ്ടും സ്വർണം നേടിക്കൊണ്ട് ദീപിക പ്രതിഭ നഷ്ടപ്പെട്ടിട്ടില്ലെന്നു തെളിയിച്ചു. 2015ൽ ലോകറിക്കാർഡ് പ്രകടനത്തോടെയാണ് ദീപിക റിയോ ഒളിമ്പിക്സിനും യോഗ്യത നേടിയിരിക്കുന്നത്. റിക്കർവ് ഇനത്തിൽ 686/720 എന്ന റിക്കാർഡ് സ്കോർ നേടിയാണ് ദീപിക യോഗ്യത നേടിയത്. ആ പ്രകടനം റിയോയിൽ ആവർത്തിക്കാൻ ദീപികയ്ക്കായാൽ അവർ ചരിത്രമാകും.

<ആ>ദീപിക കുമാരി

ജനനം: 1994 ജൂൺ 13 (റാഞ്ചി, ജാർഖണ്ഡ്)

നേട്ടങ്ങൾ:

ലോക ചാമ്പ്യൻഷിപ്പ്

2011 ടൊറിനൊ (ടീം)– വെള്ളി

2015 കോപ്പൻഹേഗൻ (ടീം)– വെള്ളി

ലോകകപ്പ്

2011 ഇസ്താംബുൾ– വെള്ളി

2012 ടോക്കിയോ– വെള്ളി

2013 ഷാംഗ്ഹായി– വെള്ളി

കോമൺവെൽത്ത് ഗെയിംസ്

2010 ഡൽഹി– സ്വർണം

2010 ഡൽഹി(ടീം)– സ്വർണം

ഏഷ്യൻ ഗെയിംസ്

2010 ഗ്വാൻഷു(ടീം)– വെങ്കലം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.