മെഡൽ പ്രതീക്ഷയിൽ ടിന്റു
മെഡൽ പ്രതീക്ഷയിൽ ടിന്റു
Friday, July 22, 2016 11:52 AM IST
<ആ>ബിജോയി ജോസഫ്

കോഴിക്കോട്: മെലിഞ്ഞ ശരീരം, ശോഷിച്ച കാലുകൾ... ഒരു കായിക താരത്തിനു വേണ്ട ഒരു യോഗ്യതയും ആരും കൽപ്പിക്കാതിരുന്ന ഒരു തനി നാട്ടിൻപുറത്തുകാരി തന്റെ രണ്ടാം ഒളിമ്പിക്സിന്റെ തിരക്കിലാണ്. കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലായുള്ള ടിന്റു ലൂക്ക റിയോ ഒളിമ്പിക്സിന്റെ ട്രാക്കിലിറങ്ങുമ്പോൾ രാജ്യം ഒരു മെഡൽ പ്രതീക്ഷിച്ചാൽ അത് ഒരിക്കലും അതിമോഹമാകില്ല. 800 മീറ്ററിൽ കായികകേരളത്തിന്റെ അഭിമാനതാരമായാണ് ടിന്റു ബ്രസീലിൽ എത്തുക. പി.ടി. ഉഷയുടെ പ്രിയശിഷ്യ ടിന്റു 4ഃ400 മീറ്റർ റിലേയിലും ഇടംപിടിച്ചിട്ടുണ്ട്.

ഒന്നാംക്ലാസ് മുതൽ ഓട്ടത്തിലും ചാട്ടത്തിലും താത്പര്യം കാണിച്ചിരുന്നു വാളാംതോട് ലൂക്ക–ലിസി ദമ്പതികളുടെ മൂത്ത മകളാണ് ടിന്റു. കായികതാരമായിരുന്ന ലിസി മകൾക്കും തന്റെ അഭിരുചിതന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. കരിക്കോട്ടക്കരി സെന്റ് തോമസ് സ്കൂളിലെ പഠനത്തിനൊപ്പം ലഭിക്കുന്ന സമയങ്ങളിലൊക്കെ മകൾക്ക് ലിസി പരിശീലനം നൽകിപ്പോന്നു. സബ്ജില്ല, ജില്ല തലമത്സരങ്ങളിൽ ലോംഗ്ജംപിൽ സമ്മാനം നേടാൻ ടിന്റുവിന് സഹായകമായത് ഈ പരിശീലനമായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഇരിട്ടി സബ്ജില്ലയെ പ്രതിനിധീകരിച്ച് സംസ്‌ഥാന സ്കൂൾ മീറ്റിലും ടിന്റു പങ്കെടുത്തിരുന്നു.

ഈയൊരു യോഗ്യതയുമായി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്റെ പടിവാതിലിൽ വന്നുനിന്ന പെൺകുട്ടിയെ പി.ടി. ഉഷ ഇന്ന് ഒളിമ്പ്യൻ ടിന്റുവാക്കി മാറ്റിയിരിക്കുകയാണ്. ഒളിമ്പിക്സ് അത്ലറ്റിക്സിൽ ഉഷ സ്വന്തമാക്കിയ അഭിമാനപ്രകടനം തന്റെ പ്രിയശിഷ്യ മറികടക്കുന്നതിനായുള്ള കഠിന പരിശീലനമാണ് ഉഷ സ്കൂളിൽ ടിന്റുവിന് ലഭിക്കുന്നത്. 2002ലാണ് ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സ് ആരംഭിക്കുന്നത്. കൊയിലാണ്ടി സ്റ്റേഡിയത്തിൽ പ്രവേശനം കാത്തുനിന്ന 800ലധികം കുട്ടികളിൽ ഒരാളായിരുന്നു ടിന്റു ലൂക്ക. അവരിൽനിന്ന് 60 കുട്ടികളെ തെരഞ്ഞെടുത്തപ്പോൾ അക്കൂട്ടത്തിലും ടിന്റു പെട്ടു. മാസങ്ങൾ നീണ്ടുനിന്ന പരിശീലനത്തിനൊടുവിൽ കണ്ടെത്തിയ 12 പേരിൽ അവസാന സ്‌ഥാനക്കാരിയായി ഉഷ സ്കൂളിന്റെ ഭാഗമായതോടെയാണ് ടിന്റു എന്ന കായികപ്രതിഭയെ ലോകം അറിയാൻ തുടങ്ങിയത്.

കായികതാരത്തിനു വേണ്ട ഒരു യോഗ്യതയും തുടക്കത്തിൽ ടിന്റുവിന് അവകാശപ്പെടാനില്ലായിരുന്നു. കഠിനാധ്വാനവും എന്തും ചെയ്യാനുള്ള മനസുമാണ് ടിന്റുവിനെ നയിക്കുന്നതെന്ന് പി.ടി. ഉഷ പറയുന്നു. ഉഷയെ പരിശീലകയായി ലഭിച്ചപ്പോൾ തന്നെ തന്റെ കായിക ജീവിതത്തിന് വിജയം കൈവരിച്ചെന്ന് ടിന്റു. തന്നെ വിജയത്തിലേക്ക് നയിക്കാൻ ഉഷയെന്ന പരിശീലകയ്ക്കു കഴിയുമെന്നുള്ള അടിയുറച്ച വിശ്വാസമാണ് ടിന്റുവിനെ രണ്ടാം ഒളിമ്പിക്സിന്റെ പടിവാതിലിൽ എത്തിച്ചിരിക്കുന്നത്.

2012ലെ ലണ്ടൻ ഒളിമ്പിക്സിലാണ് ടിന്റു ആദ്യം പങ്കെടുക്കുന്നത്. 2011ൽ സൗത്ത് കൊറിയയിലെ ദേഗു വേൾഡ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചാണ് ടിന്റു ഒളിമ്പിക്സിൽ 800 മീറ്ററിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നത്. ഹീറ്റ്സിൽ നാലാമതായി എത്തിയാണ് ടിന്റു സെമിഫൈനലിൽ കടന്നത്. സെമിയിൽ റഷ്യൻ താരങ്ങളടങ്ങുന്ന മികച്ച ഗ്രൂപ്പിലായിരുന്നു ടിന്റു ഓടേണ്ടിവന്നത്. ആറാം സ്‌ഥാനത്തെത്തുന്ന പ്രകടനത്തോടെ ടിന്റുവിന് ആദ്യ ഒളിമ്പിക്സിൽനിന്ന് പടിയിറങ്ങേണ്ടിവന്നു. പിന്നീട് ടിന്റു മത്സരിച്ച ഗ്രൂപ്പിലുണ്ടായിരുന്ന രണ്ടു റഷ്യൻ താരങ്ങൾ മരുന്നടിച്ചതിന്റെ പേരിൽ പുറത്താക്കപ്പെടുകയും ഒരു താരം അമിത പുരുഷ ഹോർമോണിന്റെ പേരിൽ വിവാദത്തിൽപ്പെടുകയുമുണ്ടായി. ഈ മൂന്നുപേരും അന്ന് ടിന്റുവിന്റെ മുമ്പിലോടി ഫൈനലിൽ കടന്നവരായിരുന്നു. വിവാദത്തിൽപ്പെട്ട ഈ താരങ്ങൾക്ക് അന്ന് മത്സരക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ അഥവാ അവർ തന്നെപ്പോലുള്ള വനിതാ താരങ്ങളായിരുന്നെങ്കിൽ ലണ്ടൻ ഒളിമ്പിക്സിന്റെ ഫൈനലിൽ ഓടാൻ തനിക്ക് അവസരം ലഭിച്ചേനെയെന്ന് ടിന്റു ഉറപ്പിച്ചു പറയുന്നു.


2015ൽ മോസ്കോയിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ വച്ചാണ് ടിന്റു റിയോ ഒളിമ്പിക്സ് ബർത്ത് സ്വന്തമാക്കിയത്. ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ടിന്റു. പരിശീലക ഉഷയ്ക്കും ടിന്റുവിന്റെ പ്രകടനത്തിൽ പൂർണ സംതൃപ്തിയാണുള്ളത്. വിദേശ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരമില്ലാത്തതാണ് ടിന്റുവിനെപ്പോലുള്ള താരങ്ങളുടെ പ്രകടനത്തിന് തിരിച്ചടിയാകുന്നതെന്ന് ഉഷ പറയുന്നു. ഒരു വർഷം മുമ്പേ ഒളിമ്പിക്സ് യോഗ്യത നേടാനായെങ്കിലും രണ്ടു വിദേശ മത്സരങ്ങളിൽ മാത്രമാണ് ടിന്റുവിന് പങ്കെടുക്കാൻ അവസരം ലഭിച്ചത്. സർക്കാരും അത്ലറ്റിക്സ് ഫെഡറേഷനുമൊക്കെ ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കുകയാണെങ്കിൽ കേരളത്തിൽനിന്നുള്ള താരങ്ങൾക്കും അത്ലറ്റിക്സിൽ മെഡൽ നേടാനാകുമെന്നത് തന്റെ അനുഭവത്തിൽനിന്ന് ഉറപ്പിച്ചുപറയാനാകുമെന്ന് ഉഷ വ്യക്‌തമാക്കുന്നു. വേൾഡ് ചാമ്പ്യൻഷിപ്പിനെക്കാളും മികച്ച സമയം തുടർന്നുള്ള മത്സരങ്ങളിൽ കണ്ടെത്താൻ ടിന്റുവിന് കഴിഞ്ഞെതും മെഡൽ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

<ആ>ടിന്റു ലൂക്ക

ജനനം–1989 ഏപ്രിൽ 21, വാളാംതോട്,

<ആ>നേട്ടങ്ങൾ

800 മീറ്റർ നാഷണൽ റിക്കാർഡ്(1:59.17)

2012 ഒളിമ്പിക്സ് അത്ലറ്റിക്സിൽ സെമിയിൽ ആറാം സ്‌ഥാനം

<ആ>ഏഷ്യൻ ഗെയിംസ്

2014 ഇഞ്ചിയോൺ 4ഃ400 മീറ്റർ റിലേയിൽ സ്വർണം

2014 ഇഞ്ചിയോൺ 800 മീറ്റർ വെള്ളി

2010 ഗ്വാങ്ഷു 800 മീറ്റർ വെങ്കലം

<ആ>ഏഷ്യൻ ചാമ്പ്യൻഷിപ്പ്

2013 പൂന 4ഃ400 സ്വർണം

2015 വുഹാൻ 800 മീറ്റർ സ്വർണം

2011 കോബ് 4ഃ400 വെള്ളി

2015 വുഹാൻ 4ഃ400 വെള്ളി

2011 കോബ് 800 വെങ്കലം

2013 പൂന 800 വെങ്കലം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.