സുവർണ തലമുറയും കറുത്ത കുതിരകളും
സുവർണ തലമുറയും കറുത്ത കുതിരകളും
Thursday, June 30, 2016 12:13 PM IST
ബെൽജിയം – വെയ്ൽസ് പോരാട്ടം ഇന്ന് രാത്രി 12.30ന്

ലിലെ: ബെൽജിയം ഫുട്ബോളിന്റെ സുവർണ തലമുറയെന്ന ഓമനപ്പേരിന് അർഹരാണെന്നു തെളിയിക്കാനായി മാർക്ക് വിൽമോട്ടിന്റെ കുട്ടികൾ ഇന്നിറങ്ങുന്നു. മറുവശത്തുള്ള വെയ്ൽസാകട്ടെ ഏറ്റവും മികച്ച പോരാട്ടം പുറത്തെടുത്തു യൂറോ കപ്പ് ഫുട്ബോളിലെ കറുത്ത കുതിരകളാകാൻ ശ്രമിക്കുന്നവരും. ഇന്നു രാത്രി നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ലോകറാങ്കിംഗിൽ രണ്ടാമതുള്ള ബെൽജിയത്തെ തറപറ്റിക്കാൻ വെയ്ൽസിനായാൽ റാങ്കിംഗിൽ 26–ാം സ്‌ഥാനം മാത്രമുള്ള ടീം നേട്ടങ്ങളുടെ അത്യുന്നതിയിലെത്തും. അതേസമയം ടീമിന്റെ തുറുപ്പുചീട്ടായ ഗാരത് ബെയ്ലിന്റെ ഉദ്ദേശ്യം മറ്റൊന്നാണ്. 1958നു ശേഷം വലിയൊരു ടൂർണമെന്റ് കളിക്കുന്ന ടീമിനെ ഫൈനൽ വരെ എത്തിക്കുക എന്നതാണ് അത്. തന്റെ ടീമിന് ഫൈനലിലെത്താനാകുമെന്ന് ലോകത്തെ ഏറ്റവും വിലയേറിയ താരം വിശ്വസിക്കുന്നു.

ക്വാർട്ടർ ഫൈനലിലെ ഫേവറിറ്റുകൾ ബെൽജിയം തന്നെയാണെങ്കിലും യോഗ്യതാമത്സരത്തിൽ അവരെ ഒരുതവണ തോൽപ്പിച്ചപ്പോൾ മറ്റൊന്ന് സമനിലയുമായി. ഇതു വെയ്ൽസിനു വലിയ ആത്മവിശ്വാസമാണ് നൽകിയത്. മാർക്ക് വിൽമോട്ടിന്റെ ബെൽജിയൻ ടീമിനെ തോൽപ്പിക്കാൻ തന്റെ ടീമിനാകുമെന്നു തന്നെയാണ് റയൽ മാഡ്രിഡ് താരത്തിന്റെ വിശ്വാസം.

2016 യൂറോയ്ക്കുള്ള യോഗ്യതാ മത്സരത്തിൽ വെയ്ൽസ് ഗോൾരഹിത സമനിലയിൽ ബെൽജിയത്തെ കുടുക്കി. 2015ൽ കാർഡിഫ് സിറ്റിയിൽ നടന്ന രണ്ടാം മത്സരത്തിൽ ബെയ്ലിന്റെ ഏക ഗോളിൽ ബെൽജിയം തോറ്റു. കാർഡിഫിൽ നേടിയപോലെ ഒരു ജയമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വെയ്ൽസ് പ്രതിരോധനിരയിലെ നീൽ ടെയ്ലർ മുന്നറിയിപ്പ് നൽകി. ഈ ജയമാണ് ക്രിസ് കോൾമാൻ പരിശീലിപ്പിക്കുന്ന ടീമിന് യൂറോ കപ്പിനുള്ള വഴി തുറന്നത്. വെറുമൊരു ഭാഗ്യം കൊണ്ട് യൂറോയിൽ എത്തിയവരല്ല തങ്ങളെന്ന് ക്വാർട്ടർ ഫൈനൽ വരെയെത്തി വെയ്ൽസ് തെളിയിച്ചു കഴിഞ്ഞു. ഫേവറിറ്റുകളും റാങ്കിംഗിൽ മികച്ച ടീമുമെന്ന നിലയിൽ സമ്മർദം ബെൽജിയത്തിനാണെന്നും അവരേക്കാൾ മാനസികമായ ആധിപത്യം തങ്ങൾക്കാണെന്നുമാണ് ബെയ്ൽ പറയുന്നത്.

2012 സെപ്റ്റംബർ എട്ടിനു നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലാണ് ബെൽജിയം അവസാനമായി വെയ്ൽസിനെ തോൽപ്പിക്കുന്നത്. ബെൽജിയത്തിനെതിരേ എങ്ങനെ കളിക്കണമെന്നും അവരുടെ കളി എങ്ങനെയെന്നും അറിയാമെന്നും ബെൽജിയത്തിന്റെ മുന്നേറ്റങ്ങളെ തടയുന്നതിനൊപ്പം തങ്ങൾ ആക്രമണം ശക്‌തമാക്കുമെന്നും റയൽ താരം പറഞ്ഞു. മത്സരത്തിൽ കരുത്തരായ ബെൽജിയത്തോടു തോറ്റാലും വെയ്ൽസിനു നഷ്‌ടപ്പെടാനൊന്നുമില്ല. നാട്ടിലേക്കു ടീമിന് തല ഉയർത്തിപ്പിടിച്ച് പോകാം.

യൂറോയിലെ ആദ്യ മത്സരത്തിൽ സ്ലോവാക്യയെ തോൽപ്പിച്ചുകൊണ്ട് ആഷ്ലി വില്യംസിന്റെ നേതൃത്വത്തിലുള്ള ടീം അരങ്ങേറ്റം ഗംഭീരമാക്കി. അടുത്ത കളിയിൽ ഇംഗ്ലണ്ടിനു മുന്നിൽ വീണെങ്കിലും മൂന്നാം മത്സരത്തിൽ റഷ്യയെ എതിരില്ലാത്ത മൂന്നു ഗോളിനു തകർത്ത് പ്രീക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിൽ വടക്കൻ അയർലൻഡിൽനിന്നു കനത്ത ഭീഷണി നേരിട്ടെങ്കിലും ഗാരത് മെക്കാളെയുടെ സെൽഫ് ഗോൾ ക്വാർട്ടറിലേക്കുള്ള പാത തെളിയിച്ചു.


ബെയ്ൽ, ആരോൺ റാംസെ എന്നിവരുള്ള വെയ്ൽസിനു ക്വാർട്ടറും കടന്ന് പോകാനാകുമെന്നാണ് ഏവരും കരുതുന്നത്. മൂന്നു ഗോളുമായി ടോപ് സ്കോർ പദവിയിലുള്ള ബെയ്ൽ തുടരുന്ന മികവ് ടീമിന് ആത്മവിശ്വാസം നൽകുന്നു. റാംസെ ഗോൾ നേടുന്നുന്നതിനൊപ്പം വഴിയൊരുക്കുന്നതിനും മികവ് പ്രകടിപ്പിക്കുന്നു.

മുന്നേറ്റത്തോടൊപ്പം വെയ്ൽസ് പ്രതിരോധവും കരുത്തുറ്റതാണ്. ബെൽജിയം പലപ്പോഴും ശക്‌തമായ പ്രതിരോധത്തിനു മുന്നിൽ പതറിപ്പോകുന്ന ടീമുമാണ്. ഇറ്റലിക്കെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിൽ മുന്നേറ്റത്തിന്റെ അപാകതകൾ വെളിപ്പെട്ടതുമാണ്. വെയ്ൽസിന്റെ മികച്ച മുന്നേറ്റക്കാർക്കും പ്രതിരോധത്തിനു മുന്നിലും ബെൽജിയം എങ്ങനെ കളിക്കുമെന്ന് അറിയേണ്ടതാണ്. വെയ്ൽസിന്റെ പ്രതിരോധം ഭേദിക്കാനായി തുടക്കം ആക്രമണം തുടങ്ങുമെന്ന് ഉറപ്പാണ്.

ബെൽജിയം ഫുട്ബോളിന്റെ ഏറ്റവും മികച്ച തലമുറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടീം യൂറോ കപ്പ് നേടിയാൽ ആ പേരിനും റാങ്കിംഗിനും ന്യായീകരണമാകും. യൂറോ കപ്പിൽ ബെൽജിയത്തിന്റെ തുടക്കം നിരാശപ്പെടുത്തുന്നതായിരുന്നു. ഇറ്റലിയുടെ മുന്നിൽ കീഴടങ്ങി. എന്നാൽ അടുത്ത രണ്ടു മത്സരങ്ങളും ജയിച്ച് ബെൽജിയം പ്രീക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിൽ ഹംഗറിയെ തകർത്ത് ക്വാർട്ടർ ഉറപ്പിച്ചു. നായകൻ എഡൻ ഹസാർഡ് മികവിലേക്കു തിരിച്ചെത്തിയത് ബെൽജിയം ടീമിന് വൻ ഉണർവാണ് നല്കിയിരിക്കുന്നത്.

യൂറോയിൽ ബെൽജിയം അവസാനമായി നേടിയ ആറു ഗോളിൽ നാലിലും നായകന്റെ ടച്ച് ഉണ്ടായിരുന്നു. യൂറോയിൽ ഒരു ഗോളും മൂന്ന് അസിസ്റ്റും നായകന്റെ വകയായിരുന്നു. കെവിൻ ഡി ബ്രുയിനാണ് ടീമിലെ മറ്റൊരു പ്രധാനതാരം. ബെൽജിയം അവസാനം നേടിയ പന്ത്രണ്ട് ഗോളും ഡി ബ്രുയിനു നേരിട്ട് ബന്ധമുള്ളതാണ്. അഞ്ചു ഗോളും ഏഴ് അസിസ്റ്റുമാണ് മാഞ്ചസ്റ്റർ സിറ്റി താരത്തിന്റെ പേരിലുള്ളത്. യൂറോയിൽ ഇതുവരെ ഗോൾ നേടിയിട്ടില്ലെങ്കിലും രണ്ടു ഗോളിനു വഴിയൊരുക്കി. യൂറോയിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളിനു വഴിയൊരുക്കാനായി പാസ് നൽകിയതും ഹസാർഡും ഡി ബ്രുയിനുമാണ്. ഇരുവരും നാലു തവണ മറ്റുള്ളവർക്ക് ഗോളടിക്കാൻ പാകത്തിനു പന്ത് നൽകി. ഇവർക്കൊപ്പം ടൂർണമെന്റിൽ രണ്ടു ഗോൾ നേടിയ റൊമേലു ലുക്കാക്കു ഗോളടിക്കുന്നതിൽ സ്‌ഥിരത തുടരുകയാണെങ്കിൽ വെയ്ൽസ് വിഷമിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.