ബൗളർമാർ നേതൃഗുണം പ്രകടിപ്പിക്കണമെന്നു കുംബ്ലെ
ബൗളർമാർ നേതൃഗുണം പ്രകടിപ്പിക്കണമെന്നു കുംബ്ലെ
Wednesday, June 29, 2016 11:37 AM IST
ബംഗളൂരു: ഇന്ത്യൻ ബൗളർമാർ നേതൃത്വ ഗുണം പ്രകടിപ്പിക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ അനിൽ കുംബ്ലെ. പരിശീലക സ്‌ഥാനം ഏറ്റെടുത്ത ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് കുംബ്ലെ ഇക്കാര്യം പറഞ്ഞത്. “”ഏറ്റവും പ്രാധാന്യത്തോടെ മാറ്റംവരുത്തേണ്ട മേഖല ബൗളിംഗാണ്. അവരിൽ വിജയ തൃഷ്ണ വളർത്തിയെടുക്കണം. നേതൃത്വ ഗുണത്തോടെ മൈതാനത്ത് ഇറങ്ങാനാകണം. നമുക്ക് പ്രതിഭാധനരായ ബൗളർമാരുണ്ട്. പക്ഷേ, അവരെ പ്രചോദിപ്പിച്ച് മികച്ച പ്രകടനത്തിലേക്കെത്തിക്കണം. അത് വളരെ പ്രയാസമുള്ള കാര്യമാണ്. ബൗളർമാർ ആത്മവിശ്വാസം വളർത്തിയെടുക്കണം. ഞാൻ താരമെന്ന നിലയിൽ മൈതാനത്തായിരുന്നപ്പോൾ ക്യാപ്റ്റനാണെന്നു സ്വയം മനസിനെ ഓർമപ്പെടുത്തിയിരുന്നു. ആ ശീലം നമ്മുടെ ബൗളർമാരും വളർത്തിയെടുക്കണം. പരിശീലകനെന്ന നിലയിൽ വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. താരമെന്ന നിലയിൽ മൈതാനത്തു നിന്നു സ്വായത്തമാക്കിയ അറിവുകളും അനുഭവങ്ങളും പുതിയ താരങ്ങൾക്കു കൈമാറും. ക്യാപ്റ്റനും പരിശീലകനും തമ്മിലുള്ള ബന്ധവും വളരെ പ്രധാനമാണ്. – കുംബ്ലെ പറഞ്ഞു.

ഓപ്പണിംഗ് ബൗളർമാരെപ്പോലെ തന്നെ മധ്യനിര ബൗളർമാരുടെ പ്രകടനവും വളറെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലെ പിച്ച് പോലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകൾ മറ്റൊരിടത്തുമില്ല. പക്ഷേ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ലോകോത്തരം എന്നു വിശേഷിപ്പിക്കാവുന്ന സ്പിന്നർമാർ ഇന്ത്യയിൽനിന്ന് ഉണ്ടായിട്ടില്ല. ഞാനൊരു സ്പിന്നർ ആയിരുന്നതു കൊണ്ടോ, അശ്വിനെ മറന്നു കൊണ്ടോ അല്ല പറയുന്നത്. ബാറ്റിംഗിലും നമുക്ക് പ്രശ്നങ്ങളുണ്ട്. വ്യക്‌തികേന്ദ്രീകൃതമായ പ്രകടനങ്ങാണ് നമുക്കുള്ളത്. ഏതെങ്കിലും ഒരു ബാറ്റ്സ്മാനെ ആശ്രയിച്ചാവരുത് നമ്മുടെ പ്രകടനങ്ങൾ. ഓപ്പണിംഗ് ബാറ്റ്സ്മാൻമാരുടെ ലക്ഷ്യവും മധ്യനിര ബാറ്റ്സ്മാൻമാരുടെ ലക്ഷ്യവും വ്യത്യസ്തമാണ്. ഓപ്പണിംഗ് നന്നായാലും മോശമായാലും മധ്യനിര ബാറ്റ്സ്മാന്മാർ അവരുടെ ദൗത്യം നിറവേറ്റണം. ലോകത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാനായ സച്ചിൻ തെണ്ടുൽക്കറും മധ്യനിര ബാറ്റ്സ്മാനായ രാഹുൽ ദ്രാവിഡും ഉണ്ടായിരുന്ന ടീമായിരുന്നു നമ്മുടേത്. അവരുടെ പ്രകടനങ്ങൾ വാഴ്ത്തിയാൽ പോര. പകരം, സൂക്ഷ്മമായി പഠിക്കാൻ പുതുതലമുറ തയാറാവണം. ഏതു ഘട്ടത്തിലായാലും മധ്യനിര ബാറ്റ്സ്മാൻ വിക്കറ്റ് നഷ്‌ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. –കുംബ്ലെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.