ചെമ്പടതാളം
ചെമ്പടതാളം
Monday, June 27, 2016 11:48 AM IST
ന്യൂജേഴ്സി: കോപ്പയിൽ കൊടുങ്കാറ്റായി വീണ്ടും ചിലി. മെസിയുടെയും അർജന്റൈൻ ആരാധകരുടെയും കണ്ണീരിനു മേൽ ആനന്ദനൃത്തമാടിയ ചെമ്പട കോപ്പ അമേരിക്ക ശതാബ്ദി പതിപ്പിലും കിരീടം സ്വന്തമാക്കി. നിശ്ചിതസമയത്തും അധിക സമയത്തും ഗോൾ രഹിതമായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടു. ഷൂട്ടൗട്ടിൽ 4–2 നു വിജയിച്ച ചിലി കോപ്പ ശതാബ്ദി കിരീടം എന്നെന്നേക്കുമായി നാട്ടിലേക്കു കൊണ്ടുപോയി. അർജന്റീനയുടെ മെസിയും ലൂക്കാസ് ബിഗ്ലിയയും പെനാൽറ്റി കിക്ക് പാഴാക്കി ദുരന്ത നായകന്മാരായി. ബ്രസീലിനു ശേഷം കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തുന്ന രാജ്യമാണ് ചിലി.

ടൂർണമെന്റിലെ മികച്ച താരമായി ചിലിയുടെ അലക്സിസ് സാഞ്ചസ് തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ ഗോൾ നേടിയ താരത്തിനു കൊടുക്കുന്ന സുവർണപാദുകം എഡ്വാർഡോ വർഗാസിനും മികച്ച ഗോളിക്കുള്ള പുരസ്കാരം ക്ലൗഡിയോ ബ്രാവോയ്ക്കും ലഭിച്ചു.

2015ലെ കോപ്പ അമേരിക്ക ഫൈനലിലും അർജന്റീനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ചിലി കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ പരാജയപ്പെട്ട നിരാശയിൽ ലോകോത്തര ഫുട്ബോളർ ലയണൽ മെസി ദേശീയ കുപ്പായത്തിൽ കളി മതിയാക്കി എന്നു പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചു.

കിരീടത്തിനായുള്ള അർജന്റീനയുടെ 23 വർഷത്തെ കാത്തിരിപ്പും മെസിയുടെ കിരീടസ്വപ്നവുമാണ് ഇത്തവണ പൊലിഞ്ഞത്. മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ 82,000 കാണികൾക്ക് മുന്നിൽ ചെമ്പട അക്ഷരാർഥത്തിൽ മെസിയെയും അർജന്റീനയെയും വരിഞ്ഞുമുറുക്കി. കൃത്യമായ പ്രതിരോധതന്ത്രം ആവിഷ്കരിച്ചു നടപ്പിലാക്കിയപ്പോൾ ഗോളി ബ്രാവോയുടെ അസാമാന്യ മികവും ചിലിക്കു നേട്ടമായി. മരുവശത്ത് അർജ ന്റീനയാകട്ടെ, മികച്ച മുന്നേറ്റങ്ങളോടെ കളം നിറഞ്ഞെങ്കിലും അവയൊക്കെ ചിലിയൻ പ്രതിരോധത്തിൽ തട്ടിത്തകർന്നു. ആദ്യപകുതിയിൽത്തന്നെ ഇരുടീമിലെയും ഓരോ കളിക്കാർ ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. 28–ാം മിനിറ്റിൽ ചിലിയുടെ മാഴ്സെലോ ഡയസും 43–ാം മിനിറ്റിൽ അർജന്റീനയുടെ മാർക്കോസ് റോഹോയുമാണ് ചുവപ്പുകാർഡ് കണ്ട് പുറത്തായത്.

അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മത്സരം തുടങ്ങി 19–ാം സെക്കൻഡിൽ തന്നെ എവർ ബെനേഗ തൊടുത്ത നീണ്ട ഷോട്ട് ഗോളായില്ല. 20–ാം മിനിറ്റിൽ ചിലിയൻ പ്രതിരോധത്തിൽവന്ന പിഴവ് ഹിഗ്വെയ്ൻ ഗോളാക്കി മാറ്റാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. അർജന്റീനയ്ക്കു ലഭിച്ച സുവർണാവസരമായിരുന്നു ഇത്.

28–ാം മിനിറ്റിൽ മെസിയെ ഫൗൾ ചെയ്തതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഡയസ് കളത്തിനു പുറത്തായി. ഇതോടെ പത്തുപേരായി ചുരുങ്ങിയ ചിലി പിന്നീട് പ്രതിരോധത്തിലായി. തക്കം മുതലാക്കിയ അർജന്റീന മികച്ച ആക്രമണങ്ങളിലൂടെ കളം നിറഞ്ഞു. എന്നാൽ, മെസിയുടെ മുന്നേറ്റത്തെ ഫലപ്രദമായി തടയാൻ ചിലിയൻ താരങ്ങൾക്കായി. മെസിയുടെ പിന്നാലെയെത്തി ടാക്കിൾ ചെയ്യുന്ന ചിലിയൻ പ്രതിരോധം വിജയിച്ചു. മെസിക്ക് ഒരു പരിധിയിൽക്കൂടുതൽ മുന്നേറാനായില്ല. ഇതു പലപ്പോഴും അദ്ദേഹത്തെ അസ്വസ്‌ഥനാക്കി.


40–ാം മിനിറ്റിൽ ബോക്സിൽ ഡൈവ് അഭിനയിച്ച മെസിക്കും കിട്ടി മഞ്ഞക്കാർഡ്. 41–ാം മിനിറ്റിൽ അർജന്റൈൻ താരം റോഹോയ്ക്ക് ചുവപ്പു കാർഡ് ലഭിച്ചു. അർതുറോ വിദാലിനെ വീഴ്ത്തിയതിനാണ് റോഹോയ്ക്ക് പുറത്തു പോകേണ്ടിവന്നത്.

ആദ്യ പകുതിയിൽ ആറു തവണ അർജൈന്റെൻ താരങ്ങൾ ചിലിയൻ മുഖത്തേക്ക് മുന്നേറ്റം നടത്തിയപ്പോൾ പന്ത് കൂടുതൽ കൈവശം വച്ചത് ചിലിയായിരുന്നു; 53 ശതമാനം.

രണ്ടാം പകുതിയിൽ പ്രതിരോധത്തിലൂന്നിയാണ് ഇരു ടീമും കളിച്ചത്. 69–ാം മിനിറ്റിൽ അർജന്റീന ഹിഗ്വയിനെ വലിച്ച് സെർജിയോ അഗ്വേറോയെ ഇറക്കി.

80–ാം മിനിറ്റിൽ വർഗാസിന്റെ ഉശിരൻ അടി അർജന്റൈൻ ഗോളി റൊമേരോ തടുത്തു. 84–ാം മിനിറ്റിൽ അഗ്വേറോയും അർജന്റീനയുടെ ഒരു തുറന്ന ഗോളവസരം നഷ്ടമാക്കി. മൂന്നു മിനിറ്റ് അധിക സമയത്തിനു മുമ്പ് ചിലിയുടെ ഒന്നാന്തരം നീക്കത്തിൽ നിന്ന് കഷ്ടിച്ചാണ് അർജന്റീന രക്ഷപ്പെട്ടത്. ഇഞ്ചുറി ടൈമിൽ ഇരുടീമിനും മൂന്നോ നാലോ അവസരം ലഭിച്ചെങ്കിലും, അവയത്രയും പാഴായി.

നിശ്ചിത സമയത്ത് ഇരുടീമിനും ഗോൾ നേടാൻ സാധിക്കാഞ്ഞതിനെ തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക്. അധിക സമയത്തിന്റെ 20–ാം മിനിറ്റിൽ അർജന്റീന എവർ ബെനേഗയ്ക്കു പകരം ലമേലയെ ഇറക്കി. 28–ാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് മെസിയെടുത്ത കിക്ക് പ്രതിരോധ ഭിത്തിയിൽ തട്ടി പുറത്തു പോയി. ചിലിയൻ പ്രതിരോധം ശക്‌തമാക്കിയതിനെത്തതുടർന്ന് അധികസമയവും അവസാനിക്കുകയായിരുന്നു.

<ആ>മെസിയുടെ മിസ്

അത്യന്തം ആവേശം നിറഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യം കിക്കെടുത്തത് ചിലിയുടെ അർതുറോ വിദാലായിരുന്നു. എന്നാൽ, അർജന്റീനയുടെ റൊമേരോയുടെ മികച്ച പ്രതിരോധത്തിൽത്തട്ടി വിദാലിന്റെ ഷോട്ട് പാഴായി. ഇതോടെ ചിലിയുടെ നെഞ്ചിടിച്ചു.

അർജന്റീനയുടെ ആദ്യകിക്കെടുത്തത് സാക്ഷാൽ മെസി തന്നെയായിരുന്നു. എന്നാൽ, തന്നെ എല്ലാക്കാലത്തും രക്ഷിച്ച ഇടംകാൽ മെസിക്കു വില്ലനായി. പന്ത് ക്രോസ്ബാറിന്റെ വലതു മൂലയിലൂടെ പുറത്തേക്ക്്. ആരാധകരും മെസിയും ഒരു നിമിഷം തരിച്ചു പോയ നിമിഷം. സംഭവിച്ചതെന്തെന്ന് പലർക്കും മനസിലായില്ല. ചിലിക്കു വേണ്ടി രണ്ടാം കിക്കെടുത്ത നിക്കോളാസ് കാസ്റ്റിലോയ്ക്കു പിഴച്ചില്ല. പന്ത് വലയിൽ.

അർജന്റീനയുടെ ഹാവിയർ മസ്കരാനോയും പന്ത് വലയിലെത്തിച്ചതോടെ സ്കോർ 1–1. ചിലിക്കായി ചാൾസ് അരാംഗിസും യീൻ ബോസ്ജറും പന്ത് ലക്ഷ്യത്തിലെത്തിച്ചപ്പോൾ അർജന്റീനയുടെ നാലാം കിക്കെടുത്ത ലൂക്കാസ് ബിഗ്ലിയയുടെ ഷോട്ട് ചിലിയൻ ഗോളി ബ്രാവോ തടുത്തു. നിർണായകമായ അവസാന കിക്കെടുത്ത ചിലിയുടെ ഫ്രാൻസിസ്കോ സിൽവയുടെ കിക്കെ ലക്ഷ്യത്തിലെത്തിയതോടെ കിരീടം ചെമ്പടയ്ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.