ജർമനി ക്വാർട്ടറിൽ
ജർമനി ക്വാർട്ടറിൽ
Sunday, June 26, 2016 11:37 AM IST
പാരീസ്: സ്ലൊവാക്യയെ ഏകപക്ഷീയമായ മൂന്നു ഗോളിനു തുരത്തി ലോക ചാമ്പ്യന്മാരായ ജർമനി യൂറോ കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ. അത്യന്തം ആവേശം ജനിപ്പിച്ച മത്സരത്തിൽ ആദ്യപകുതിയിൽ മാത്രമാണ് സ്ലൊവാക്യ അല്പമെങ്കിലും പോരാടിയത്. എട്ടാം മിനിറ്റിൽ ജറോം ബോട്ടെംഗിലൂടെ മുന്നിലെത്തിയ ജർമനി 43–ാം മിനിറ്റിൽ മാരിയോ ഗോമസിലൂടെ ലീഡുയർത്തി. 63–ാം മിനിറ്റിൽ ജൂലിയൻ ഡാക്സലർ മൂന്നാം ഗോളും സ്വന്തമാക്കി. മികച്ച രീതിയിൽ കളി തുടങ്ങിയ സ്ലൊവാക്യയുടെ പോസ്റ്റിൽ അപ്രതീക്ഷിതമായാണ് ബോട്ടെംഗിന്റെ ഗോൾ വീണത്. ബോക്സിനു പുറത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ അപ്രതീക്ഷിതമായി പന്തു ലഭിച്ച ബോട്ടെംഗിന്റെ കൂറ്റൻ വലംകാൽ ഷോട്ട് വലയിൽ തുളച്ചു കയറി. 13–ാം മിനിറ്റിൽ ഗോമസിനെ ബോക്സിൽ വീഴ്ത്തിയതിനു ജർമനിക്കു ലഭിച്ച പെനാൽറ്റി മെസ്യൂട്ട് ഓസിൽ പാഴാക്കി.


ആദ്യമൊന്നു ഞെട്ടിയ സ്ലൊവാക്യ പിന്നീടു പതിയെ മത്സരത്തിലേക്കു തിരിച്ചുവന്നു. മികച്ച ചില മുന്നേറ്റങ്ങളും അവരിൽനിന്നുണ്ടായി. എന്നാൽ, 43–ാം മിനിറ്റിൽ യുവാതരം ഡാക്സലറുടെ അസാമാന്യമികവ് രണ്ടു ഗോളിന്റെ ലീഡ് ജർമനിക്കു സമ്മാനിച്ചു. ഡാക്സർ നൽകിയ പാസ് തട്ടി ഗോളാക്കുക എന്ന ചുമതല മാത്രമേ മാരിയോ ഗോമസിനുണ്ടായിരുന്നുള്ളൂ. ഡാക്സലറുടെ മികവിനുള്ള അംഗീകാരമെന്ന നിലയിലായിരുന്നു ജർമനിയുടെ മൂന്നാം ഗോൾ. കോർണറിൽനിന്നു ലഭിച്ച ഹെഡർ അദ്ദേഹം വലയിലാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.