ഫുട്ബോൾ നിറയുന്ന ജൂൺ
ഫുട്ബോൾ നിറയുന്ന ജൂൺ
Tuesday, May 31, 2016 12:09 PM IST
<ആ>യൂറോയ്ക്കു 10 നാൾ

ജോസ് കുമ്പിളുവേലിൽ

ഫ്രാൻസിൽ നടക്കുന്ന യൂറോ കപ്പ് (യുവേഫ 2016) ഫുട്ബോൾ മാമാങ്കത്തിന്റെ ആരവമുയരാൻ ഇനി പത്തു നാൾ. ഒരുമാസം നീണ്ടുനിൽക്കുന്ന മത്സരങ്ങൾ ഫ്രാൻസിലെ വിവിധ സ്റ്റേഡിയങ്ങളിലാണ് അരങ്ങേറുന്നത്. ആകെ നാലു ഗണത്തിൽ ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. യൂറോ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ടീമുകൾ പങ്കെടുക്കുന്നത്. ഇതിനു മുമ്പുള്ള ടൂർണമെന്റുകളിൽ 16 ടീമുകളാണ് പങ്കെടുത്തിരുന്നത്.

ജൂൺ 10 ന് (വെള്ളി) രാത്രി പ്രാദേശിക സമയം എട്ടുമണി്ക്കാണ് ഉദ്ഘാടന മത്സരം. പാരീസിലെ സാൻ ദെനി സ്റ്റേഡിയത്തിൽ ആതിഥേയരായ ഫ്രാൻസും റൊമാനിയയും തമ്മിലാണു പോരാട്ടം.

ഗ്രൂപ്പ് എയിൽ ഫ്രാൻസ്, അൽബേനിയ, റൊമാനിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ടും വെയിൽസും ഒരേ ഗ്രൂപ്പിൽ ഇടം പിടിച്ചതോടെ ബ്രിട്ടനിലെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തിന് ഫ്രാൻസ് വേദിയാകും എന്ന പ്രത്യേകതയും 2016 ലെ യൂറോ കപ്പിനുണ്ട്. റഷ്യയും സ്ലോവാക്യയുമാണ് ബി ഗ്രൂപ്പിലെ മറ്റു ടീമുകൾ.

ഗ്രൂപ്പ് സി യിൽ 2014–ലെ ലോകകപ്പ് ജേതാക്കളായ ജർമനിയുമായി ഏറ്റുമുട്ടുന്നത് പോളണ്ട്, യുക്രെയ്ൻ എന്നീ ടീമുകൾക്കൊപ്പം ബ്രിട്ടന്റെ തന്നെ ഭാഗമായ നോർത്തേൺ അയർലൻഡുമാണ്. യൂറോ കപ്പിൽ ആദ്യമായി നോർത്തേൺ അയർലൻഡ് അരങ്ങേറ്റം കുറിക്കുന്നതും ഇക്കുറിയാണ്. ഗ്രൂപ്പ് ഡിയിൽ സ്പെയിൻ, ചെക് റിപ്പബ്ലിക്, തുർക്കി, ക്രൊയേഷ്യ എന്നിവയാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് ഇയിൽ ബെൽജിയം, ഇറ്റലി, സ്വീഡൻ എന്നിവർക്കൊപ്പം റിപ്പബ്ലിക് ഓഫ് അയർലൻഡിനും ഇടം കിട്ടി.

ഗ്രൂപ്പ് എഫിൽ പോർച്ചുഗൽ, ഐസ്ലൻഡ്, ഓസ്ട്രിയ, ഹംഗറി എന്നിവർ പോരാടും.

ജൂൺ 10ന് ആരംഭിക്കുന്ന ഗ്രൂപ്പ് യോഗ്യതാ റൗണ്ടിലെ പ്രാഥമിക മത്സരങ്ങൾ 22ന് അവസാനിക്കും. മൂന്ന് ദിവസത്തെ ഇടവേളയ്ക്കു ശേഷം 25ന് പ്രീ ക്വാർട്ടറിലെ നോക്ക്ഔട്ട് മത്സരങ്ങൾ ആരംഭിച്ച് 27ന് പൂർത്തിയാകും. ജൂൺ 30ന് ക്വാർട്ടർ ഫൈനൽ ആരംഭിക്കും. ജൂലൈ മൂന്നിന്് സാൻ ദെനിയിൽ നടക്കുന്ന മത്സരത്തോടുകൂടി സെമി ഫൈനൽ ലൈനപ്പാകും.

ആദ്യസെമി ജൂലൈ ആറിനും (ലിയോൺ) രണ്ടാമത്തെ സെമി ഏഴിനും മാഴ്സെ) ആണ് നടക്കുന്നത്.

ജൂലൈ പത്ത് ഞായറാഴ്ച സാൻ ദെനി് സ്റ്റേഡിയമാവും കലാശക്കൊട്ടിനു വേദിയാവുന്നത്. അന്ന് യൂറോ കപ്പ് ഫുട്ബോളിലെ രാജാക്കന്മാരെ അറിയാനാകും.

ഫ്രാൻസിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് സാൻ ദെനി. 1998–ലെ ലോകകപ്പിനോടനുബന്ധിച്ചു നിർമിച്ച ഈ സ്റ്റേഡിയം അതേവർഷം ജനുവരി 28 നാണ് തുറന്നത്. ഫ്രാൻസിലെ ദേശീയ സ്റ്റേഡിയത്തിൽ 81,338 കാണികൾക്കുള്ള ഇരിപ്പിടമുണ്ട്.

ഫ്രാൻസ് മൂന്നാം തവണയാണ് യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. പാർക് ഡെ പ്രിൻസ്(48,000), ലെൻസ്(38,000), ലിലെ(50,000), സാൻ ദെനി (81,000), ബോർഡോ(42,000), സെന്റ് എറ്റിയെൻ(42,000), ലിയോൺ(59,000), ടുളൂസ്(33,000), മാഴ്സേ (67,000), നീസ്(36,000) എന്നീ നഗരങ്ങളിലെ 10 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക. ഇതിൽ ബോർഡോ, ലിലെ, ലിയോൺ, നീസ് എന്നീ സ്റ്റേഡിയങ്ങൾ പുതുതായി നിർമിച്ചവയാണ്. ഡിസംബർ 14 മുതൽ മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരുന്നു. ജനുവരി മധ്യത്തോടെ ടിക്കറ്റുകൾ മുഴുവൻ വിറ്റഴിഞ്ഞിരുന്നു. മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങൾ 33,000 മുതൽ 80,000 വരെ ഇരിപ്പിട ശേഷിയുള്ളവയാണ്.

ഫിഫയിൽനിന്ന് സസ്പെൻഷൻ ലഭിച്ച യുവേഫ പ്രസിഡന്റ് മിഷേൽ പ്ലറ്റീനിയുടെ സാന്നിദ്ധ്യം ഇല്ലാതെയാവും ഇത്തവണത്തെ യൂറോകപ്പ്.

<ആ>തലവേദനകൾ ഏറെ

യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ട് ഫ്രാൻസിന് ആതിഥേയരെന്ന നിലയിൽ പ്രശ്നങ്ങൾ ഏറെയാണ്. റെയിൽ സമരം, തെരുവു പ്രക്ഷോഭങ്ങൾ, പെട്രോൾ ക്ഷാമം, ഇതിനൊക്കെ പുറമേ സുരക്ഷാ ഭീഷണികൾ എന്നിവ അതിജീവിച്ചു വേണം യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റ് പൂർത്തിയാക്കാൻ. തൊഴിൽ നിയമത്തിൽ സർക്കാർ വരുത്തിയ സമൂല പരിഷ്കരണങ്ങൾക്കെതിരെ ഫ്രാൻസിലെങ്ങും ശക്‌തമായ പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന സമയമാണിത്. പതിനായിരക്കണക്കിന് വിദേശ ആരാധകർ ടൂർണമെന്റ് കാണാനെത്തുന്ന സമയത്ത് ഇതെങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് പോലീസ്.


ഭീകര പ്രവർത്തകരെ പേടിച്ച് രാജ്യത്തെ എണ്ണ സംസ്കരണശാലകളും പെട്രോൾ സ്റ്റേഷനുകളും നിയന്ത്രിതമായാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. ഇതു കാരണം രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാണ്.

ഇതിനിടെ പാരീസിൽ ഗതാഗത തൊഴിലാളികൾ അനിശ്ചിതകാല സമരത്തിനും തയാറെടുത്തുകഴിഞ്ഞു. പുതിയ തൊഴിൽ നിയമങ്ങളിലും തൊഴിൽ സാഹചര്യങ്ങളിലും പ്രതിഷേധിക്കാനുള്ള സമരം വ്യാഴാഴ്ച ആരംഭിക്കുമെന്നുള്ള മുന്നറിയിപ്പ് സർക്കാരിനെ ഏറെ കുഴയ്ക്കുന്നുണ്ട്. ഭീകരാക്രമണ ഭീഷണിയെക്കുറിച്ചുള്ള വാർത്തകൾ ദിവസേനയെന്നോണം പുറത്തുവരുന്നു. ഭീഷണി നേരിടാൻ പുതിയ തരത്തിലുള്ള സുരക്ഷാ സന്നാഹങ്ങൾ ആസൂത്രണം ചെയ്തുവരുകയാണ് സംഘാടകർ. എന്തു സംഭവിച്ചാലും ടൂർണമെന്റ് റദ്ദാക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യില്ലെന്ന് സർക്കാർ അസന്നിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

<ആ>തൊണ്ണൂറായിരം സുരക്ഷാ ജീവനക്കാർ

അഭൂതപൂർവമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ ഫ്രാൻസ് ഒരുക്കിയിരി്ക്കുന്നത്. ശക്‌തമായ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ 90, 000 സുരക്ഷാ ജീവനക്കാരെയാണ് നിയോഗിക്കാൻ പോകുന്നത്. ആക്രമണ ശ്രമങ്ങൾ ഏതു വിധേനയും തടുക്കുക എന്നതാണ് ലക്ഷ്യം.

നാഷണൽ കപ്പ് ഫൈനൽ നടക്കുന്നതിനിടെ സ്റ്റേഡ് ദെ ഫ്രാൻസ് നാഷണൽ സ്റ്റേഡിയത്തിൽ പുകബോംബ് പൊട്ടിയത് ആശങ്ക പടർത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് സുരക്ഷാ സജ്‌ജീകരണങ്ങൾ വർധിപ്പിക്കുന്ന തീരുമാനം പുറത്തുവന്നിരിക്കുന്നത്.

പാരി് സാൻ ഷർമെയ്നും മാഴ്സെയും തമ്മിലുള്ള മത്സരത്തിനിടെയാണ് പുകബോംബ് പൊട്ടിയത്.

<ആ>അടിയന്തരാവസ്‌ഥ വീണ്ടും നീട്ടി

നവംബറിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഏർപ്പെടുത്തിയ അടിയന്തരാവസ്‌ഥ ഫ്രഞ്ച് സർക്കാർ വീണ്ടും ദീർഘിപ്പിച്ചു. ജൂൺ പത്തു മുതൽ ജൂലൈ പത്തു വരെ നടക്കുന്ന യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് കൂടി പിന്നിടും വിധത്തിൽ, രണ്ടു മാസത്തേക്കാണ് ദീർഘിപ്പിച്ചിരിക്കുന്നത്.

പാർലമെന്റിന്റെ ഇരുസഭകളും സർക്കാരിന്റെ തീരുമാനം വൻ ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. ഫ്രാൻസിൽ സുരക്ഷാ ഭീഷണി നിലനിൽക്കുകയും ഫുട്ബോൾ ടീമുകളെ ഭീകരർ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നൽകുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

ഫുട്ബോൾ ടൂർണമെന്റ് റദ്ദാക്കാനോ മാറ്റിവയ്ക്കാനോ ഒരു ആലോചനയും നടക്കുന്നില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാന്വൽ വാൽസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു.

<ആ>ഭീകരരുടെ ഭീഷണി

യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ ജർമൻ ടീമിനെ ഭീകര പ്രവർത്തകർ ലക്ഷ്യമിടാൻ സാധ്യതയുള്ളതായി ഇന്റലിജൻസ് മുന്നറിയിപ്പ്. ജർമനി അടക്കം മറ്റു ചില ടീമുകളും ഭീഷണി നേരിടുന്നു എന്നാണ് രഹസ്യ റിപ്പോർട്ട്. ടൂർണമെന്റ് വീക്ഷി്ക്കാൻ ഫ്രാൻസിൽ പത്തു ലക്ഷം പേർ എത്തുമെന്നാണ് പ്രതീക്ഷ.

അതിനിടെ, രാത്രികാലങ്ങളിൽ ഉയർന്ന ശബ്ദം സൃഷ്‌ടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ജർമൻ സർക്കാർ താത്കാലികമായി പിൻവലിച്ചു. യൂറോ കപ്പ് നടക്കുമ്പോൾ വലിയ സ്ക്രീനുകളിൽ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണിത്. സിറ്റികളിലും ടൗണുകളിലുമാണ് സ്ക്രീനിംഗ്. എന്നാൽ, ശബ്ദ നിയന്ത്രണം കാരണം ഇതിനു സാധിക്കാത്ത അവസ്‌ഥയാണ് നിലനിന്നത്. ഇളവിന് പാർലമെന്റ് അംഗീകാരം നൽകിയതോടെ ഫുട്ബോൾ പ്രേമികൾക്കും ആഹ്ലാദം. രാത്രി പത്തിനു ശേഷം അമിതമായി ശബ്ദമുണ്ടാക്കാൻ പാടില്ലെന്നതാണ് നിലവിലുള്ള ചട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.