സൂര്യോദയം യഥാസമയം
സൂര്യോദയം യഥാസമയം
Monday, May 30, 2016 12:14 PM IST
ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ടീം കിരീടം നേടുക. അത്യപൂർവമായി മാത്രം സംഭവിക്കുന്നത്. അത് സൺ റൈസേഴ്സ് ഹൈദരാബാദിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നു. അതും ടീമിന്റെ ആദ്യ കിരീടം. കഴിഞ്ഞ മൂന്നു സീസണിലും പ്രതീക്ഷയ്ക്കൊത്തുയരാതെ പോയ ടീമാണ് സൺറൈസേഴ്സ്. ഇത്തവണത്തെ സീസണിന്റെ തുടക്കത്തിൽ എല്ലാവരും എഴുതിത്തള്ളിയ ടീമായിരുന്നു ഡേവിഡ് വാർണറുടെ ടീം.

പക്ഷേ, ക്ലൈമാക്സിൽ കിരീടം അവരുടേതായി. ആദ്യ മത്സരത്തിൽ തങ്ങളെ പരാജയപ്പെടുത്തിയ ടീമിനെ തന്നെ ഫൈനലിൽ തോൽപ്പിക്കുക വഴി ആദ്യ മത്സരത്തിലെ പരാജയത്തിനുള്ള ഒരു പ്രതികാരം കൂടിയായി സൺറൈസേഴ്സിന് കിരീട നേട്ടം. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരുപോലെ തിളങ്ങിയതിനപ്പുറം മികച്ച ടീം സ്പിരിറ്റും അവരുടെ വിജയത്തിൽ നിർണായകമായി.

<ആ>17 മത്സരങ്ങൾ, 11 ജയം 6 തോൽവി

ആദ്യ രണ്ടു തോൽവികൾക്കുശേഷം തുടർച്ചയായ മൂന്നു ജയങ്ങൾ സ്വന്തമാക്കിയാണ് വാർണറുടെ ടീം ടൂർണമെന്റിലേക്കു തിരിച്ചുവന്നത്.

മൂന്നു മത്സരങ്ങളിലും അർധസെഞ്ചുറി നേടി ക്യാപ്റ്റൻ ഡേവിഡ് വാർണർ ടീമിനെ മുന്നിൽ നിന്നു നയിച്ചു. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്, ആദ്യമായി ഐപിഎലിൽ അരങ്ങേറിയ ഗുജറാത്ത് ലയൺസ്, കിംഗ്സ് ഇലവൻ പഞ്ചാബ് എന്നിവരെയാണ് പരാജയപ്പെടുത്തിയത്. സൺറൈസേഴ്സ് തോറ്റ മത്സരങ്ങളിൽ ഒന്നിന്റെ ഫലം നിശ്ചയിച്ചത് ഡക്വർത്ത് ലൂയിസ് നിയമപ്രകാരവുമായിരുന്നു.

<ആ>ടീം സ്പിരിറ്റിന്റെ വിജയം

സൺറൈസേഴ്സിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ടീമംഗങ്ങളുടെ ഒത്തിണക്കമായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളിലെ തോൽവി ടീമിനെ കുറച്ചൊന്നുമല്ല ഉലച്ചത്.

അവിടെ നിന്നും കിരീട നേട്ടത്തിലേക്കു ടീം എത്തിയത് ടീം സ്പിരിറ്റിന്റെ ബലത്തിലാണെന്നതിൽ രണ്ടുപക്ഷമില്ല. ബൗളർമാരായ ഭുവനേശ്വർകുമാർ, മുസ്താഫിസുർ, ആശിഷ് നെഹ്റ എന്നിവരുടെ പ്രകടനമാണ് ടീമിന്റെ കിരീടനേട്ടത്തിൽ നിർണായകമായത്.


<ആ>നായകന്റെ പ്രകടനം

സൺറൈസേഴ്സിന്റെ പ്രകടനം മികച്ചതായിരുന്നു. അതിൽ പ്രത്യേകം എടുത്തു പറയേണ്ട പേര് ക്യാപ്റ്റൻ ഡേവിഡ് വാർണറുടേതാണ്. ഒമ്പത് അർധസെഞ്ചുറികളാണ് വാർണറുടെ ബാറ്റിൽ നിന്നു പിറന്നത്. അതിൽ എട്ടെണ്ണവും ടീം വിജയിച്ച മത്സരത്തിൽ. ടീമിനെ മുന്നിൽ നിന്നു നയിക്കുകയെന്നതാണ് ഏതൊരു ക്യാപ്റ്റന്റെ ധർമം അക്ഷരാർഥത്തിൽ വാർണർ ചെയ്തതും അതാണ്. ടൂർണമെന്റിൽ ഏറ്റവും അധികം റൺസ് നേടിയത് വിരാട് കോഹ്്ലിയാണ്. 973 റൺസ്. തൊട്ടുപിന്നിൽ വാർണറാണ് 848 റൺസ്. 122 റൺസിന്റെ കുറവ്. വിരാടിന്റെ പ്രകടനത്തിൽ നാലു സെഞ്ചുറികളുണ്ടായിരുന്നു. പക്ഷേ, വാർണർ ഒരിക്കൽ പോലും മൂന്നക്കം കടന്നില്ല. എന്നാൽ, പ്രകടനത്തിൽ സ്‌ഥിരത പുലർത്തി. പ്രകടനങ്ങൾ ടീമിന്റെ വിജയം മാത്രം ലക്ഷ്യമിട്ടായിരുന്നു. ഒരിക്കൽ പോലും സെഞ്ചുറിയെന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പ്രകടനം തന്നെ അടിവരയിടുന്നു.

<ആ>മധ്യനിരയുടെ തകർച്ച

സൺറൈസേഴ്സിനെ സംബന്ധിച്ച് പ്രതിസന്ധി നേരിട്ടത് മധ്യനിരയുടെ പരാജയമായിരുന്നു. പ്രത്യേകിച്ച് മോയിസെസ് ഹെൻറിക്സിന്റെ പരാജയം. മൂന്നാം നമ്പറിലും നാലാം നമ്പറിലും ബാറ്റിംഗിനിറങ്ങിയ അദ്ദേഹം പൂർണ പരാജയമായിരുന്നു. 14 ഇന്നിംഗ്സുകളിൽനിന്ന് അദ്ദേഹത്തിനു നേടാനായത്. 182 റൺസ് മാത്രമായിരുന്നു. ശരാശരി 15. 16. ഓൾറൗണ്ടർ എന്ന നിലയിൽ ടീമിലെത്തിയ അദ്ദേഹത്തിന്റെ ബൗളിംഗ് പ്രകടനവും വളരെ നിരാശാജനകമായിരുന്നു. 12 വിക്കറ്റുകൾ മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. ടീം പരാജയപ്പെട്ട മത്സരങ്ങളിൽ റൺസ് നൽകുന്നതിൽ അദ്ദേഹം ഒട്ടും പിശുക്കുകാട്ടിയുമില്ല. 14 ഇന്നിംഗ്സുകൾ പത്തിലും അദ്ദേഹം പരാജയപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.