അത്ലറ്റിക്കോയെ കരഞ്ഞു, ഒന്നല്ല, മൂന്നു തവണ
അത്ലറ്റിക്കോയെ കരഞ്ഞു, ഒന്നല്ല, മൂന്നു തവണ
Sunday, May 29, 2016 11:15 AM IST
മിലാൻ: റയൽ മാഡ്രിഡ് ഒരിക്കൽക്കൂടി അത്ലറ്റികോ മാഡ്രിഡിനെ ക്രൂരമായി കരയിച്ചു. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിലെ തോൽവിയോടെ രണ്ടാം തവണയും അത്ലറ്റിക്കോ നഗരവാസികളായ റയലിനു കിരീടം അടിയറവു വച്ചു.

ഇതൊരിക്കലല്ല രണ്ടു തവണയല്ല, മൂന്നു പ്രവാശ്യമാണ് അത്ലറ്റിക്കോ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടപ്പെടുന്നത്. മിലാനിലും അത്ലറ്റിക്കോ താരങ്ങളും സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ അത്ലറ്റിക്കോ ആരാധകരും കണ്ണീർ വീഴ്ത്തിക്കൊണ്ടാണ് സാൻ സിറോ വിട്ടത്. യൂറോപ്യൻ കപ്പിന്റെ ഫൈനലിൽ അത്ലറ്റിക്കോയെ ദുരന്തം വിടാതെ പിന്തുടരുകയാണ്. ഈ തോൽവിയിലും ഏറ്റവും പ്രശംസിക്കേണ്ടത് അത്ലറ്റിക്കോയുടെ ആരാധകരെയാണ്. അവരുടെ പ്രിയ ടീം തോൽക്കുന്നത് കണ്ട കണ്ണുനീരണിയുകയല്ലാതെ ആരെയും കുറ്റപ്പെടുത്തിയില്ല. അടുത്ത സീസണിൽ കാണാമെന്ന പ്രതീക്ഷയിൽ ആരാധകർ കളം വിട്ടു. മൂന്നു തവണയും അധികസമയത്തായിരുന്നു അത്ലറ്റിക്കോയുടെ തോൽവി.

2014ൽ ലിസ്ബണിൽ നടന്ന ഫൈനലിൽ മാഡ്രിഡ് ടീമുകൾ നേർക്കുനേർ വന്നപ്പോൾ ജയം റയലിനൊപ്പമായിരുന്നു. ഈ ഫൈനലിനു മുമ്പ് കഴിഞ്ഞ പത്ത് കളിയിൽ റയൽ മാഡ്രിഡിന് ഒരു പ്രാവശ്യം മാത്രമേ അത്ലറ്റിക്കോയ്ക്കെതിരെ ജയം നേടാനായിട്ടുള്ളു. മികച്ച രീതിയിൽ ഒരുങ്ങിയാണ് ഡിയേഗോ സിമിയോണിയുടെ ടീം നഗരവാസികളെ നേരിടാൻ എത്തിയത്. 2014ലെ നഷ്‌ടം അത്രയേറെ അത്ലറ്റിക്കോയെ വിഷമിപ്പിച്ചിരുന്നു. ലിസ്ബണിലെ ഫൈനലിൽ ലീഡ് നേടിയശേഷം തോൽവി വഴങ്ങുകയായിരുന്നു.


1974ൽ അത്ലറ്റിക്കോ, യൂറോപ്യൻ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നു. ബയേൺ മ്യൂണിക്കായിരുന്നു എതിരാളികൾ. അന്ന് ബ്രസൽസിൽ നടന്ന ഫൈനലിൽ മത്സരം അധിക സമയത്തേക്കു കടന്നു. അധികസമയത്ത് 114–ാം മിനിറ്റിൽ ലൂയിസ് അരാഗൊനെസിന്റെ ഗോളിൽ അത്ലറ്റിക്കോ മുന്നിൽ. മത്സരം അത്ലറ്റിക്കോ ജയിച്ചു എന്നു തോന്നിച്ച അവസരത്തിൽ അതാ ബയേൺ ഹാൻസ്–ജോർജ് ഷ്വാസൻബക് 120–ാം മിനിറ്റിൽ അത്ലറ്റിക്കോയുടെ വല കുലുക്കി. അന്ന് പെനാൽറ്റി ഷൂട്ടൗട്ട് ഇല്ലായിരുന്നു. റിപ്ലേ മത്സരത്തിൽ ബയേൺ എതിരില്ലാത്ത നാലു ഗോളിന് അത്ലറ്റിക്കോയെ തകർത്തു. പിന്നീട് നാല്പതു വർഷങ്ങൾക്കുശേഷം ലിസ്ബണിൽ നടന്ന ഫൈനലിൽ റയൽ മാഡ്രിഡിനെതിരെ സംഭവിച്ചതും ഇതുതന്നെ. ഡിയോഗോ ഗോഡിന്റെ ഗോളിൽ അത്ലറ്റിക്കോ 36ാം മിനിറ്റിൽ മുന്നിലെത്തി. എന്നാൽ, ആ ഗോളിൽ അത്ലറ്റിക്കോ ജയം ഉറപ്പിച്ചെന്നു തോന്നിച്ചു. കളി ഇഞ്ചുറി ടൈമിലേക്കു കടന്നു. ഇഞ്ചുറി ടൈമിൽ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. 90+3ാം മിനിറ്റിൽ സെർജിയോ റാമോസ് റയലിനു സമനില നൽകി. ഇതോടെ മത്സരം അധികസമയത്തേക്കു നീങ്ങി. അധിക സമയത്ത് റയൽ മൂന്നു ഗോളുകൂടിയടിച്ച് അത്ലറ്റിക്കോയെ തകർത്തു തരിപ്പണമാക്കി. മൂന്നു വർഷം കഴിഞ്ഞപ്പോൾ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി മാറിയെങ്കിലും എതിരാളികൾ മാറിയില്ല. റയൽ മാഡ്രിഡിന്റെ പരിശീലകനായി സിനദിൻ സിദാൻ വന്നു അത്ലറ്റിക്കോയ്ക്ക് സിമിയോണി തന്നെ. വിധി മറിച്ചായില്ല. അത്ലറ്റിക്കോയ്ക്കു തോൽവി തന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.