കന്നിക്കാരുടെ വമ്പുമായി ഐസ്ലൻഡ്
കന്നിക്കാരുടെ വമ്പുമായി ഐസ്ലൻഡ്
Saturday, May 28, 2016 12:41 PM IST
മഞ്ഞു മലകളാലും പ്രകൃതിസൗന്ദര്യത്താലും ആരെയും ആകർഷിക്കുന്നൊരു രാജ്യം– ഐസ്ലൻഡ്. 3,30,000 ജനസംഖ്യയുള്ള ഈ നാട് ഇപ്പോൾ ആഘോഷത്തിമിർപ്പിലാണ്. മറ്റൊന്നുമല്ല, ചരിത്രത്തിലാദ്യമായി തങ്ങളുടെ പ്രിയ ടീം യൂറോകപ്പ് ഫുട്ബോളിന് യോഗ്യത നേടിയിരിക്കുന്നു. ഫിഫയുടെയോ യുവേഫയുടെയോ ടൂർണമെന്റിന്റെ പ്രധാന മത്സരത്തിന് ആദ്യമായാണ് ഐസ്ലൻഡ് യോഗ്യത നേടുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ ആറിന് കസാഖിസ്‌ഥാനോട് ഗോൾരഹിത സമനിലയിൽ കലാശിച്ചപ്പോൾ ഐസ്ലൻഡ് ചരിത്രപരമായ മുഹൂർത്തത്തിനു സാക്ഷ്യവഹിച്ചു. രണ്ടു കളി കൂടിയ ബാക്കിയിരിക്കേ യൂറോ യോഗ്യത. 2014 ലോകകപ്പിന്റെ യോഗ്യത ഘട്ടത്തിൽ പ്ലേ ഓഫ് വരെയെത്തിയിരുന്നു ടീം. എന്നാൽ, പ്ലേഓഫിൽ ക്രൊയേഷ്യയോടു തോറ്റതോടെ ആ സ്വപ്നം പൊലിഞ്ഞു. അവിടം മുതൽ ടീം ശരിയായ ദിശയിലായിരുന്നു.

ഐസ്ലൻഡിന്റെ ഈ പ്രവേശനത്തിന് ഫുട്ബോൾ ഫെഡറേഷനോടാണ് നന്ദിപറയേണ്ടത്. ഫുട്ബോളിന്റെ വളർച്ചയ്ക്കായി വലിയ കാര്യങ്ങളാണ് ഫെഡറേഷൻ ചെയ്തുകൊണ്ടിരിക്കുന്നത്. കുട്ടികൾക്കു കളി പഠിക്കാൻ മികച്ച പരിശീലന കേന്ദ്രങ്ങൾ, യുവാക്കൾക്ക് മികച്ച പരിശീലനം നൽകുന്നതിനായി ഹൈപെർഫോമൻസ് സെന്ററുകൾ. രാജ്യത്ത് മുതിർന്ന കളിക്കാർക്കു കളിക്കാനായി 20 കൃത്രിമ പ്രതലങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കു കളിക്കാനായി 150 ചെറിയ ഗ്രൗണ്ടുകളുമുണ്ട്. ഐസ് കട്ടകളാൽ നിറയുന്ന കാലാവസ്‌ഥയെ ഭയക്കാതെ വർഷം മുഴുവൻ പരിശീലനം നടത്താനാകും. നിലവിലെ ടീമിലെ മിക്ക കളിക്കാരും 1980നും 90ന് മദ്ധ്യേ ജനിച്ചവരാണ്. കളിക്കാരുടെ ആദ്യ തലമുറയ്ക്കു നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ പ്രതിഭ കൂടുതൽ മിനുക്കാൻ സാധിച്ചു.

2010ൽ മാത്രം ഐസ്ലൻഡിൽനിന്നാകെ 630 പരിശീലകർ യുവേഫയുടെ വിവിധ കോഴ്സുകൾ പഠിക്കാനുണ്ടായിരുന്നു. യൂത്ത് ടീമിനെ പരിശീലിപ്പിക്കുന്ന പരിശീലകർക്കു നല്ല വേതനവും നൽകി. ഏറ്റവും മികച്ച പരിശീലകരെയാണ് ഓരോ യൂത്ത് ടീമും സ്വന്തമാക്കിയിരിക്കുന്നത്. ഐസ ലൻഡിലെ പരിശീലന നിലവാരവും ലോകത്തെ ഏറ്റവും മികച്ചതാണ്.


യൂറോയ്ക്കുള്ള യോഗ്യതാ മത്സരങ്ങളിൽ പത്തിൽ ആറെണ്ണത്തിൽ ജയിച്ചു, രണ്ടെണ്ണം സമനിലയിലായി. രണ്ടെണ്ണം തോറ്റു. ഇതിൽ ലോകോത്തര താരങ്ങൾ നിറഞ്ഞ നെതർലൻഡ്സിനെ രണ്ടു തവണയും കീഴടക്കി. ചെക്ക് റിപ്പബ്ലിക്, തുർക്കി ഇവർക്കെതിരേ ഓരോ ജയം വീതവും ഉൾപ്പെടുന്നു. യോഗ്യതയുടെ ആദ്യ മത്സരത്തിൽ തുർക്കിയോടു തോറ്റു. പിന്നെ തുടർച്ചയായ രണ്ടു ജയം. ചെക് റിപ്പബ്ലിക്കിന്റെ മുന്നിലാണ് പിന്നീട് തോൽക്കുന്നത്. ജയവും സമനിലുമായി പോയ ടീം അവസാനമത്സരത്തിൽ തുർക്കിയോടു തോറ്റു. ചെക് റിപ്പബ്ലിക്കിനു പിന്നിൽ രണ്ടാം സ്‌ഥാനക്കാരായി യോഗ്യത നേടുകയായിരുന്നു. ലാഴ്സ് ലാഗർബാക്, ഹീമിർ ഹാൾഗ്രിംസൺ എന്നിവരാണ് ടീമിന്റെ പരിശീലകർ. ഐസ്ലൻഡ് ഉൾപ്പെടുന്ന ഗ്രൂപ്പ് എഫിൽ പോർച്ചുഗൽ, ഓസ്ട്രിയ, ഹംഗറി തുടങ്ങിയവരാണ്. പോർച്ചുഗലിനെതിരെയാണ് ആദ്യ മത്സരം.

യോഗ്യത മത്സരങ്ങളിൽ ആറ് ഗോളടിച്ച് ഒന്നാം സ്‌ഥാനത്തെത്തിയ ഗിൽഫി സിഗർഡ്സൺ, മുന്നേറ്റനിരയിലെ കോൺബീൻ സിഗ്തോർസൺ, നായകൻ ആരോൺ ഗണ്ണേഴ്സൺ എന്നിവരാണ് ശ്രദ്ധിക്കേണ്ട താരങ്ങൾ. പരിചയസമ്പന്നനായ മുൻ ചെൽസി മധ്യനിരതാരം ഇദുർ ഗുഡ്ജോൺസണും ടീമിൽ സ്‌ഥാനം പിടിച്ചിട്ടുണ്ട്. 37കാരനായ ഗുഡ്ജോൺസൺ 84 കളിയിൽ 25 ഗോൾ നേടിയിട്ടുണ്ട്. ഐസ്ലൻഡിനുവേണ്ടി ഏറ്റവും കൂടുതൽ തവണ കളത്തിലെത്തിയതും ഗോൾ നേടിയതും ഗുഡ്ജോൺസനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.