പറക്കും ട്രാക്കിൽ യുവ ഇന്ത്യ
പറക്കും ട്രാക്കിൽ യുവ ഇന്ത്യ
Wednesday, May 25, 2016 12:45 PM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല സ്റ്റേഡിയത്തിൽ 13–ാമത് ദേശീയ യൂത്ത് അത്ലറ്റിക്സിനു ഇന്നു തുടക്കം. കേരളത്തിൽ ആദ്യമായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത് 595 യുവ കായികതാരങ്ങളാണ്. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 356 പുരുഷ കായിക താരങ്ങളും 239 വനിതാ കായിക താരങ്ങളുമാണ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകുന്നത്. ഇവരെ കൂടാതെ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 100 ഒഫീഷ്യലുകളും 100 സപ്പോർട്ടിംഗ് ഒഫീഷ്യലുകളും മത്സരം നിയന്ത്രിക്കാനെത്തും.

ഡൽഹിയിൽ നിന്നുള്ള ഫോട്ടോ ഫിനിഷിംഗ് വിദഗ്ധ സംഘത്തിന്റെയും ആന്റി ഡോപ്പിംഗ് സംഘത്തിന്റെയും സാന്നിധ്യവും ചാമ്പ്യൻഷിപ്പിലുണ്ടാകും. കേരളമാണ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും വലിയ സംഘത്തെ അണിനിരത്തുന്നത്; 100 താരങ്ങൾ. തമിഴ്നാട്, ഹരിയാന തുടങ്ങിയ ടീമുകൾ 50ലധികം പേരെ ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുന്നുണ്ട്.

കേരളത്തിൽ വർഷങ്ങൾക്കു ശേഷം നടക്കുന്ന ദേശീയ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ സംഘാടകർ മലപ്പുറം ജില്ലാ അത്ലറ്റിക് അസോസിയേഷനാണ്. 23 ലക്ഷം ചെലവു വരുന്ന മേള സർക്കാർ, സർക്കാരിതര ഏജൻസികളുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.


മൂന്നു ദിവസങ്ങളിലും രാവിലെ 6.30 മുതൽ മത്സരങ്ങൾ തുടങ്ങും. ആൺ– പെൺ വിഭാഗങ്ങളിലായി ഹൈജംപ്, ലോംഗ് ജംപ്, ജാവലിൻ ത്രോ, ഷോട്ട്പുട്ട്, റിലേ, 3000, 100 മീറ്റർ ഓട്ടം, 10000, 5000 മീറ്റർ നടത്തം, പോൾവോൾട്ട്, ഹാമർത്രോ, ഡിസ്കസ് ത്രോ, ട്രിപ്പിൾ ജംപ്, ജാവലിൻ ത്രോ തുടങ്ങിയവയാണ് ചാമ്പ്യൻഷിപ്പിലെ മത്സര ഇനങ്ങൾ. മലബാറിലേക്ക് കൂടുതൽ മത്സര ഇനങ്ങൾ കൊണ്ടുവരാനും അതുവഴി കായിക താരങ്ങളുടെ മികവ് ഉയർത്താനും ലക്ഷ്യമിട്ടാണ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാൻ താൽപര്യമെടുത്തതെന്ന് സംഘാടകർ പറഞ്ഞു.

<ആ>കേരളത്തിൽ ആദ്യം

കേരളത്തിൽ ദേശീയ യൂത്ത് അത്ലറ്റിക് മീറ്റ് നടത്തുന്നത് ഇതാദ്യമായാണ്. തുടർച്ചയായ നാല് വർഷം കിരീടം ചൂടിയ കേരളം ഇത്തവണ ആതിഥേയരാകുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കാലിക്കട്ട് സർവകലാശാല സിന്തറ്റിക് ട്രാക്കിലെ ആദ്യ മീറ്റും ദേശീയ യൂത്ത് ചാമ്പ്യൻഷിപ്പായതും മറ്റൊരു പ്രത്യേകതയാണ്. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ ജിസ്ന മാത്യുവിന്റെയും ആൽഫി ലൂക്കോസ്, ലിനറ്റ് ജോർജ് എന്നീ കായിക താരങ്ങളുടെയും കരുത്തിലാണ് കേരളം ഇത്തവണയും കിരീടം ചൂടാൻ തയാറെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.