ക്ലൗഡിയോ റനിയേരി
ക്ലൗഡിയോ റനിയേരി
Tuesday, May 3, 2016 12:42 PM IST
1994–95 സീസണിനുശേഷം ആദ്യമായി ബിഗ് ഫൈവ് ക്ലബുകളുടെ മേൽക്കോയ്മയിൽ നിന്നു പ്രമീയർ ലീഗ് മുക്‌തമാകുമ്പോൾ അതിനു പ്രധാനപ്പെട്ട കാരണക്കാരനാവുകയാണ് ക്ലൗഡിയോ റനിയേരി എന്ന പരിശീലകൻ. ഇതുവരെയും എഫ്എ കപ്പുപോലും നേടിയില്ല ഈ ടീമെന്നു ഓർക്കുക. ഒരുതവണ ഫസ്റ്റ് ഡിവിഷനിൽ റണ്ണറപ്പായതാണ് വലിയ നേട്ടം. ഈ അവസ്‌ഥയിൽ നിന്നാണ് ഇക്കുറി പരിശീലന ചുമതലയേറ്റ ക്ലൗഡിയോ റനിയേരി ലീസ്റ്ററിനെ ചാമ്പ്യൻമാരാക്കിയത്.

പ്രതിരോധമെന്ന സുന്ദരകലയെ ലോകത്തിനു പരിചയപ്പെടുത്തിയ ഇറ്റലിയിൽ നിന്നാണ് ലെസ്റ്ററിന്റെ പരിശീലനകനായ ക്ലൗഡിയോ റനിയേരിയുടെ വരവ്. 1986 മുതൽ പരിശീലക സ്‌ഥാനത്തുള്ള റനിയേരി കഴിഞ്ഞ മുപ്പതുവർഷമായി അതു തുടരുകയാണ്.

വിവിധ കാലയളവിലായി നാപോളി, വലൻസിയ, ഫ്ളോറന്റീന, അത്ലറ്റിക്കോ മാഡ്രിഡ്, ചെൽസി, പാർമ, യുവന്റ്സ്, മോണക്കോ, ഇന്റർമിലാൻ, ഗ്രീസ് നാഷണൽടീം തുടങ്ങിയവയ്ക്ക് പരിശീലനം നൽകിയിട്ടുണ്ട് റനിയേരി. വലൻസിയയിൽ ആയിരുന്നപ്പോഴാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. റനിയേരിയുടെ കീഴിൽ വലൻസിയ യുവേഫ ഇന്റർ ടോട്ടോ കപ്പ്, കോപ്പ ഡെൽ റേ, യുവേഫ സൂപ്പർകപ്പ് എന്നിവ നേടിയിട്ടുണ്ട്. കഴിഞ്ഞവർഷമാണ് ലെസ്റ്ററിന്റെ ചുമതലയേറ്റത്.

വ്യക്‌തിഗത പ്രകടനത്തേക്കാൾ ശാരീരിക ക്ഷമതയ്ക്കു മുൻതൂക്കം നൽകുന്ന ഗെയിമാണ് പ്രീമിയർലീഗിലേത്. അതുകൊണ്ടുതന്നെ 90 മിനിറ്റും തളരാതെ ഒരേ വേഗത്തിൽ കളിക്കുന്ന ടീമിനെ സജ്‌ജമാക്കുകയായിരുന്നു റനിയേരി ചെയ്തത്. ലീസ്റ്ററിൽ ഒരു താരം പോലുമില്ല. ഗോളടിച്ചുകൂട്ടിയ ജെയ്മി വാർഡിയെ പേരെടുത്തു പറയാമെങ്കിലും നായകൻ വെസ് മോർഗൻ, ജെഫ്രി ആൾബ്രൈറ്റണെ, ജപ്പാൻതാരം ഷിൻജി ഒക്കസാക്കി, അൾജീരിയൻ വംശജനായ റിയാദ് മഹ്റേസ്, ഫ്രഞ്ചുകാരൻ എൻകോളോ കോൺടെ, ഷുൽപ്* അങ്ങനെ ഒരോരുത്തരും താരങ്ങളാണ്. ഗോളി കാസ്പർ സ്മിഷേൽ പോലും ഉജ്വലമായി നിലകൊണ്ടു. സീസണിൽ മൂന്നുതവണയാണ് റനിയേരിയുടെ ടീം തോറ്റത്. 22 കളികളിൽ ജയിച്ചു. 11 എണ്ണം സമനിലയായി. 64 ഗോളുകൾ അടിച്ചുകൂട്ടി. 34 എണ്ണം തിരികെ വാങ്ങി.


യഥാർഥത്തിൽ ആകർഷകമായിരുന്നില്ല ലീസ്റ്ററിന്റെ കളി. 4–4–2 ശൈലിയിൽ കളിക്കുന്ന ടീം സംഘടിതമായാണ് കളിച്ചത്. പ്രത്യാക്രമണത്തിലാണ് റനിയേരി കൂടുതൽ ശ്രദ്ധിച്ചത്. ഗോൾ വഴങ്ങിയാലും തിരിച്ചടിക്കാൻ പ്രാപ്തിയുള്ളവരാക്കി ടീമിനെ. മാഞ്ചസ്റ്റർയുണൈറ്റഡിനെതിരേ കഴിഞ്ഞദിവസം നടന്ന എവേ മത്സരം ഇതു ഒരിക്കൽക്കൂടി കാട്ടി തന്നു. ആദ്യഗോൾ നേടിയ മാഞ്ചസ്റ്ററിനെ അധികം സന്തോഷിപ്പിക്കാതെ ഉടനടി വന്നു ലെസ്റ്ററിന്റെ മറുപടി ഗോൾ. നായകൻ മോർഗന്റെ തകർപ്പൻ ഹെഡർ മാഞ്ചസ്റ്ററിന്റെ വലയിലെത്തിയപ്പോൾ ഓൾഡ് ട്രാഫോർഡ് ശരിക്കും ഞെട്ടി. ഒരുകാര്യം കൂടി ഓർക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാൽഭാഗം വരുന്ന ശമ്പളത്തുക കൊണ്ടാണ് ലെസ്റ്ററിനെ റനിയേരി അണിയിച്ചൊരുക്കിയത്. അതുകൊണ്ടു തന്നെ ഈ പ്രീമിയർലീഗ് കിരീടത്തിനു മധുരം കൂടും. നവംബറിൽ പ്രീമിയർലീഗിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ലീസ്റ്റർ കളിച്ചത്. ഈ കാലയളവിൽ എഫ്എ മികച്ച പരിശീലകനായി തെരഞ്ഞെടുത്തത് റനിയേരിയെയായിരുന്നു. അതേ. റനിയേരിയുടെ തന്ത്രങ്ങൾ കായികലോകത്ത് ചരിത്രമായി കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.