അത്ലറ്റിക്കോയെ കാത്ത് ബയേൺ
അത്ലറ്റിക്കോയെ കാത്ത് ബയേൺ
Monday, May 2, 2016 12:24 PM IST
മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിന് അലിയൻസ് അരീന ഒരുങ്ങി. കഴിഞ്ഞയാഴ്ച അത്ലറ്റിക്കോ മാഡ്രിഡിന്റെ സ്റ്റേഡിയം വിസന്റെ കാൽഡെറോണിലേറ്റ തോൽവിക്കു പകരം വീട്ടി ഫൈനലിലെത്താനായാണ് ബയേൺ സ്വന്തം കാണികളുടെ മുന്നിലെത്തുന്നത്. അത്ലറ്റിക്കോയാണെങ്കിൽ ആദ്യപാദത്തിൽ നേടിയ ഒരു ഗോളിന്റെ ലീഡ് ഉയർത്തി രണ്ടു വർഷം മുമ്പത്തേതുപോലെ ഒരു ഫൈനൽ പ്രവേശനത്തിനുമാണ് എത്തുന്നത്. ആദ്യപാദത്തിൽ പന്തടക്കത്തിലും ഷോട്ടുകൾ ഉതിർക്കുന്ന കാര്യത്തിലും മുന്നിൽ നിന്ന ബയേൺ മ്യൂണിക് പക്ഷേ തോറ്റു. സൗൾ നിഗ്വെസ് നേടിയ മനോഹരമായ ഗോളാണ് ബവേറിയൻസ് എന്ന വിളിപ്പേരുള്ള ബയേൺ മ്യൂണിക്കിനെ തകർത്തുകളഞ്ഞത്. ഒരു ലീഡ് മാത്രമാണ് മുന്നിലുള്ളതെന്നത് പെപ് ഗാർഡിയോളയുടെ ടീമിന് ആശ്വാസം നൽകുന്നു. അത്ര എളുപ്പമായിരിക്കില്ല ബയേണിന്റെ ഗ്രൗണ്ടിൽ അത്ലറ്റിക്കോയുടെ പോരാട്ടം. പതിനൊന്ന് ബയേൺ താരങ്ങൾക്കു പുറമെ എഴുപതിനായിരത്തിലേറെ വരുന്ന ബവേറിയൻ ആരാധകർക്കെതിരെ കൂടിയാണ് ഡിയേഗോ സിമിയോണിയുടെ ടീം പൊരുതേണ്ടത്. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധമുള്ള അത്ലറ്റികോയുടെ ഗോൾ മുഖത്ത് നിരന്തരം ഭീഷണിയാകാൻ ബയേണിനായെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. പ്രതിരോധം അല്ലെങ്കിൽ ഗോൾ കീപ്പർ യാൻ ഒബ്ലാക് ബയേണിന് പ്രതിബന്ധമായി കോട്ട തീർത്തു.

അത്ലറ്റിക്കോയിൽനിന്നേറ്റ തോൽവിക്കുശേഷം ബയേണിന് ജയത്തോടെ രണ്ടാം പാദ സെമിയിൽ ഇറങ്ങാനുള്ള അവസരം ലഭിച്ചില്ല. ബുണ്ടേസ് ലീഗയിൽ സ്വന്തം ഗ്രൗണ്ടിൽ ബൊറൂസിയ മോൺചെൻഗ്ലഡ്ബാഷ് 1–1ന സമനിലയിൽ തളച്ചു. ഈ സമനില ബയേണിനു ബുണ്ടേസ് ലീഗ് ചാമ്പ്യനാകാനുള്ള കാത്തിരിപ്പ് നീട്ടി. അത്ലറ്റികോയാണെങ്കിൽ ലാ ലിഗയിൽ ജയം തുടരുകയും ചെയ്തുകൊണ്ട് മികച്ച ആത്മവിശ്വാസത്തിലാണ്. ഡിയോഗോ സിമിയോണിയുടെ ടീമിന്റെ വല കഴിഞ്ഞ ആറു മത്സരത്തിലും കുലുങ്ങിയിട്ടുമില്ല.

രണ്ടാം പാദം ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം ബയേണിനുണ്ട്. ചാമ്പ്യൻസ് ലീഗിന്റെ കഴിഞ്ഞ പതിനൊന്നു ഹോം മത്സരങ്ങളിൽ ബാവേറിയൻസ് തോൽവി അറിഞ്ഞിട്ടില്ല. 41 തവണ ബയേൺ എതിർവല കുലുക്കിയത്. ആറു പ്രാവശ്യം മാത്രമേ എതിരാളികൾക്ക് ബയേണിന്റെ വലയിൽ പന്തെത്തിക്കാനായുള്ളു. ഇതിനു മുമ്പ് ബയേണിനെ അലയൻസ് അരീനയിൽ തോൽപ്പിച്ച് ഫൈനൽ പ്രവേശനം തടഞ്ഞ ടീമും മാഡ്രിഡിൽനിന്നുള്ള റയൽ ആയിരുന്നു. 2014 ഏപ്രിലിൽ റയൽ 4–0ന് വിജയിച്ചു, അതായിരുന്നു ബയേൺ ചാമ്പ്യൻസ് ലീഗിൽ സ്വന്തം ഗ്രൗണ്ടിൽ തോറ്റ് അവസാന മത്സരവും. കഴിഞ്ഞ രണ്ടു സീസണിലും സെമിയിലെത്തിയ ബയേണിനെ തോൽപ്പിച്ചതും രണ്ടു സ്പാനിഷ് ക്ലബ്ബുകളായിരുന്നു (റയൽ മാഡ്രിഡ്–2013–14, ബാഴ്സലോണ –2014–15). അതുകൊണ്ട് തുടർച്ചയായ മൂന്നാം സീസണിലും സ്പാനിഷ് ടീമിൽനിന്ന് തോൽവിയേറ്റ് പുറത്തുപോകാൻ ബയേൺ ആഗ്രഹിക്കുന്നുണ്ടാവില്ല.


ഈ സീസണുമുമ്പ് ബയേണും അത്ലറ്റിക്കോയും ഏറ്റുമുട്ടിയത് 1973–74 സീസണിലെ യൂറോപ്യൻ കപ്പ് ഫൈനലിലായിരുന്നു. അന്ന് ഫൈനലിൽ 1–1ന് സമനിലയായപ്പോൾ റിപ്ലേ മത്സരത്തിൽ ബയേൺ 4–0ന് ജയിച്ചിരുന്നു.
ആദ്യപാദത്തിൽ തോമസ് മ്യൂളറെ ഗാർഡിയോള ഇറക്കിയിരുന്നില്ല. പകരക്കാനായി ഇറക്കിയെങ്കിലും കളിയിൽ മാറ്റമൊന്നുമുണ്ടാക്കാനും മ്യൂളർക്കായില്ല. മധ്യഭാഗത്ത് പന്ത് യഥേഷ്‌ടം നീങ്ങിയെങ്കിലും ഏക സ്ട്രൈക്കർ റോബർട്ട് ലെവൻഡോവസ്്കി ഒറ്റപ്പെട്ട അവസ്‌ഥയിലായിരുന്നു. മ്യൂളർ ഇന്നത്തെ മത്സരത്തിൽ ഇറങ്ങുമ്പോൾ കാര്യങ്ങൾ മാറുമെന്നാണ് കരുതുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ബയേണിന്റെ കരുത്ത് വിംഗർമാരിലായിരുന്നു. ഈ വർഷം മധ്യ സ്ട്രൈർക്കറാണ് ടീമിന്റെ പ്രധാനി. മ്യൂളർ–ലെവൻഡോസ്കി സഖ്യമാണ് ടീമിന്റെ പ്രധാനികൾ. ഇരുവരും ഇതുവരെ പല മത്സരങ്ങളിലുമായി ആകെ 70 ഗോളാണ് നേടിയത്. ഇന്നത്തെ മത്സരത്തിൽ മ്യൂളറെ പുറത്തിരുത്തി ഗാർഡിയോള മണ്ടത്തരം കാണിക്കില്ലെന്ന് പ്രതീക്ഷിക്കാം. മികച്ച പ്രതിരോധമുള്ള അത്ലറ്റിക്കോയുടെ വല കുലുക്കണമെങ്കിൽ ലെവൻഡോസ്കിക്കൊപ്പം മ്യൂളറും കൂടി ചേരണം.

ബയേണിന്റെ ഗ്രൗണ്ടിൽ ഒരു ഗോൾ കൂടി സ്കോർ ചെയ്ത് എവേ ഗ്രൗണ്ടിൽ ലീഡ് ഉയർത്തുകയാണ് അത്ലറ്റിക്കോ ലക്ഷ്യംവയ്ക്കുന്നത്. ആദ്യപാദത്തിൽ അത്ലറ്റികോയ്ക്കു ലീഡ് നേടാൻ ലഭിച്ച അവസരം കളഞ്ഞു കുളിച്ചു. സ്വന്തം ഗ്രൗണ്ടിൽ വളരെ ശക്‌തരാകുന്ന ബയേൺ കളി പുറത്തെടുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അവരെ തടഞ്ഞുനിർത്തുക അത്ലറ്റികോയ്ക്ക് അത്ര എളുപ്പമാകില്ല. ഇന്നത്തെത്തേത് വ്യത്യസ്തമായ ഒരു മത്സരമായിരിക്കും ഞങ്ങൾ അത് ഏറ്റവും മികച്ചതാക്കും. –ഗാർഡിയോള പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.