മയൂഖ ജോണിക്കു പരിക്ക്
മയൂഖ ജോണിക്കു പരിക്ക്
Saturday, April 30, 2016 12:10 PM IST
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മയൂഖ ജോണി കണ്ണീരായി. ഒളിമ്പിക് ബർത്ത് പ്രതീക്ഷിച്ചിരുന്ന മയൂഖ ട്രിപ്പിൾ ജംപിനിടെ താളം തെറ്റി നിലത്തു വീണു. കാൽക്കുഴയ്ക്കു സാരമായി പരിക്കേറ്റ മയൂഖ വേദനകൊണ്ടു പുളഞ്ഞു. സ്ട്രെച്ചറിലാണ് മയൂഖയെ പിറ്റിൽനിന്നു മാറ്റിയത്. ആദ്യശ്രമത്തിൽത്തന്നെ മയൂഖ കാലിടറി വീഴുകയായിരുന്നു. മൂന്നാഴ്ചത്തെയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് കരുതുന്നതെന്ന് പരിശീലകർ പറഞ്ഞു.

എന്നാൽ, മെഡിക്കൽ റിപ്പോർട്ടിനു ശേഷമേ വിശദവിവരങ്ങൾ അറിയാനാകൂ. മികച്ച ഫോമിലുള്ള മയൂഖ ഈയിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന മത്സരത്തിൽ 14.09 മീറ്റർ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ മയൂഖ ഒളിമ്പിക് ബർത്ത് ഉറപ്പിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്തായാലും മേയ് ആറിന് പട്യാലയിൽ നടക്കുന്ന ഗ്രാൻഡ്പ്രീയിൽ പങ്കെടുക്കാൻ മയൂഖയ്ക്കാകില്ല. ജൂണിൽ ഹൈദരാബാദിൽ നടക്കുന്ന അന്തർ സംസ്‌ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മയൂഖയ്ക്കാകുമെന്നാണു കരുതുന്നത്. ഒളിമ്പിക്സിനു മുമ്പ് ഇന്ത്യയിൽ നടക്കുന്ന അവസാന മീറ്റാണിത്. വിദേശത്തു നടക്കുന്ന ചില മീറ്റുകളിലും ഒളിമ്പിക് യോഗ്യതയ്ക്കായി മയൂഖയ്ക്കു പങ്കെടുക്കാൻ സാധിച്ചേക്കാം.


മയൂഖയുടെ അഭാവത്തിൽ മലയാളി താരങ്ങൾക്കു തന്നെയാണ് മെഡൽ. എൻ. വി. ഷീന സ്വർണവും ശില്പ ചാക്കോ വെള്ളിയും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.