ബംഗളൂരു ഞെട്ടി; ഐസോളിനു ജയം
ബംഗളൂരു ഞെട്ടി; ഐസോളിനു ജയം
Saturday, April 30, 2016 12:10 PM IST
ഐസ്വാൾ: ഐ ലീഗ് ചാമ്പ്യന്മാരായ ബംഗളൂരു എഫ്സിയെ ഒന്നിനെതിരേ രണ്ടു ഗോളിനു മലർത്തിയടിച്ച് ഐസോൾ എഫ്സി ഫെഡറേഷൻ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ തുടക്കം ഗംഭീരമാക്കി. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ 90–ാം മിനിറ്റിൽ ജോയൽ സണ്ഡേ നേടിയ ഗോളിലാണ് ഐസ്വാൾ എഫ്സി വിജയം കൈപ്പിടിയിലൊതുക്കിയത്. നേരത്തെ 15–ാം മിനിറ്റിൽ യൂജിൻസൺ ലിംഗ്ദോയിലൂടെ ബംഗളൂരു എഫ്സി ആദ്യം മുന്നിലെത്തി. 38–ാം മിനിറ്റിൽ ആൽഫ്രഡിലൂടെ ഐസോൾ സമനില കണ്ടെത്തി. ഇരുവരും തമ്മിൽ മൂന്നിനു നടക്കുന്ന രണ്ടാംപാദ മത്സരം ഇതോടെ നിർണായകമായി.

കളിയുടെ തുടക്കം ബംഗളൂരു എഫ്സിയുടെ മുന്നേറ്റത്തോടെയായിരുന്നു. ആക്രമണഫുട്ബോളിന്റെ സുന്ദര മുഹൂർത്തങ്ങൾ പുറത്തെടുത്ത ബംഗളൂരു നിരവധി ഗോളവസരങ്ങളുണ്ടാക്കി. സുനിൽ ഛേത്രി നിരന്തരം ആക്രമണം അഴിച്ചുവിട്ടു. 15–ാം മിനിറ്റിൽ ഇതിനു ഫലമുണ്ടായി. യൂജിൻസൺ ലിംഗ്ദോയുടെ തകർപ്പൻ ഷോട്ട് ഐസ്വാൾ വല ഭേദിച്ചു. എന്നാൽ, മിനിറ്റുകൾക്കു ശേഷം ലാൽചവൻകിമയിലൂടെ ഐസോളിനു സമനില നേടാൻ അവസരം ലഭിച്ചെങ്കിലും അത് അദ്ദേഹം പാഴാക്കി. 38–ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിനൊടുവിൽ ഐസോൾ സ്വന്തം മൈതാനത്തു സമനില കമ്ടെത്തി. രണ്ടാം പകുതി വിരസമായെങ്കിലും അഴസാനം കളിക്കാർ ഉണർന്നു. ജോയലിന്റെ തകർപ്പൻ ഷോട്ട് വലയിൽ പതിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.