എസ്ബിടി ഫൈനലിൽ
Saturday, April 30, 2016 12:10 PM IST
മൂവാറ്റുപുഴ: കേരള ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ഫുട്ബോൾ ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് കേരള പ്രീമിയർ ലീഗ് ഫുട്ബോളിന്റെ ഇന്നലെ നടന്ന രണ്ടാം സെമിയിൽ എസ്ബിടി തിരുവനന്തപുരം മറുപടിയില്ലാതെ ഏക ഗോളിന് ഏജീസ് ഓഫീസ് തിരുവനന്തപുരത്തെ തോൽപ്പിച്ചു ഫൈനലിൽ കടന്നു. ഇന്നു നടക്കുന്ന കലാശപ്പോരാട്ടത്തിൽ എസ്ബിടി തിരുവനന്തപുരം, സെൻട്രൽ എക്സൈസ് കൊച്ചിയെ നേരിടും.

എസ്ബിടിക്കു വേണ്ടി ഒന്നാം പകുതിയുടെ 30–ാം മിനിറ്റിൽ മുൻ സന്തോഷ് ട്രോഫി താരം ഉസ്മാനാണ് വിജയഗോൾ നേടിയത്. പരുക്കനായി മാറിയ രണ്ടാം പകുതിയിൽ എസ്ബിടിയുടെ സീസൺ, രാഹുൽ എന്നിവർക്കും ഏജീസിന്റെ ജിപ്സണും ചുവപ്പ് കാർഡ് കണ്ടു പുറത്തേക്കു പോകേണ്ടി വന്നു.

എസ്ബിടിയുടെ ആസൂത്രിത മുന്നേറ്റങ്ങൾ ഉസ്മാൻ, ഷിബിൻലാൽ, സജിത് പൗലോസ് എന്നിവരിലൂടെയായിരുന്നു. സന്തോഷ് ട്രോഫി താരങ്ങളെ അണിനിരത്തിയ നിലവിലുള്ള ചാമ്പ്യന്മാരുടെ ആത്മവിശ്വാസത്തോടെ എസ്ബിടി ഇരുവിംഗുകളിലൂടെയും ഏജീസ് ഗോൾ മുഖം ലക്ഷ്യമാക്കി മുന്നേറി. ഇന്നലെ എസ്ബിടിയെ തളയ്ക്കാനുള്ള ദൗത്യം ഏജീസിന്റെ പ്രതിരോധ നിരയുടെ ചുക്കാൻ പിടിച്ച ക്യാപ്റ്റൻ നെറ്റോ സെബാസ്റ്റ്യൻ സ്വയം ഏറ്റെടുത്തു. എസ്ബിടിയുടെ പടക്കുതിര ഉസ്മാനായിരുന്ന ഏജീസിനു പ്രധാന തലവേദന സൃഷ്‌ടിച്ചത്.


30–ാം മിനിറ്റിൽ ഇടത്തെ വിംഗിൽ നിന്ന് ഹാരി ബോക്സിനകത്തേക്കു നൽകിയ പാസിലാണ് എസ്ബിടിയുടെ ഗോളിനു വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ സമനില ഗോളിനു വേണ്ടി ഏജീസ് വിയർത്തു. ജിപ്സൺ, ബാസിത്, അഖിൽ എന്നിവർ ഏറെ പൊരുതിയെങ്കിലും ഏജീസ് താരങ്ങളുടെ ആക്രമണങ്ങൾ ലക്ഷ്യം കണ്ടില്ല. കളി തീരാൻ 15 മിനിറ്റ് ബാക്കി നിൽക്കെ എസ്ബിടിയുടെ സീസൺ ചുവപ്പ് കാർഡ് കിട്ടി പുറത്തായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.