മുംബൈക്ക് നാലാം ജയം
മുംബൈക്ക് നാലാം ജയം
Thursday, April 28, 2016 2:12 PM IST
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ പൊളാർഡിന്റെയും രോഹിത് ശർമയുടെയും മികവിൽ മുംബൈ ഇന്ത്യൻസിനു നാലാം ജയം. കരുത്തരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറു വിക്കറ്റിനു തകർത്താണ് മുംബൈ ഇന്ത്യൻസ് സ്വന്തം മൈതാനത്തു മിന്നിത്തിളങ്ങിയത്. സ്കോർ: കോൽക്കത്ത നൈറ്റ് റൈഡേഴ്സ്– 20 ഓവറിൽ അഞ്ചിന് 174. മുംബൈ ഇന്ത്യൻസ്– 18 ഓവറിൽ നാലിന് 178.

49 പന്തിൽ 68 റൺസെടുത്ത് പുറത്താകാതെ നിന്ന രോഹിത് ശർമയുടെയും കേവലം 17 പന്തിൽ 51 റൺസെടുത്ത കെയ്റോൺ പൊളാർഡിന്റെയും മികവിലാണ് മുംബൈ നാലാം ജയമാഘോഷിച്ചത്.

ടോസ് നേടിയ മുംബൈ ഇന്ത്യൻസ്, കോൽക്കത്തയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓപ്പണർമാരായ റോബിൻ ഉത്തപ്പയും ഗൗതം ഗംഭീറും കോൽക്കത്തയ്ക്കു നൽകിയത്. ഉത്തപ്പ 20 പന്തിൽ ഒരു ഫോറും രണ്ടു സിക്സുമടക്കം 36 റൺസ് നേടിയപ്പോൾ ഗംഭീർ 45 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സുമടക്കം 59 റൺസാണ് അടിച്ചു കൂട്ടിയത്. ഇരുവരും പുറത്തായ ശേഷം വലിയ സ്കോറിലേക്കെത്താൻ കോൽക്കത്തയ്ക്കു കഴിയാതെ പോയി. ആന്ദ്രെ റസൽ 22ഉം യൂസഫ് പഠാൻ 19ഉം റൺസ് നേടി പുറത്തായി.


മുംബൈക്കു വേണ്ടി ടിം സൗത്ത് രണ്ടു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്കു തുടക്കത്തിലേ ഒരു റൺ എടുത്ത പാർഥിവ് പട്ടേലിനെ നഷ്‌ടമായി. എന്നാൽ, അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് രോഹിത് ശർമ നടത്തിയ പോരാട്ടം മുംബൈക്കു മേൽക്കൈ സമ്മാനിച്ചു. 20 പന്തിൽ 32 റൺസെടുത്ത റായുഡു പുറത്തായ പിന്നാലെയെത്തിയ ക്രുണാൽ പാണ്ഡ്യക്കും(6) ജയിംസ് പട്ട്ലർക്കും(15) കാര്യമായൊന്നും ചെയ്യാനായില്ല. എന്നാൽ, പൊളാർഡ് രോഹിതിനു കൂട്ടായതോടെ കാര്യങ്ങൾ എളുപ്പമായി. കോൽക്കത്ത ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച പൊളാർഡിന്റെ ബാറ്റിൽനിന്ന് ആറു സിക്സും രണ്ടു ബൗണ്ടറിയും പിറന്നു. രോഹിതിന്റെ ഇന്നിംഗ്സിൽ രണ്ട് സിക്സും എട്ടു ബൗണ്ടറിയുമുണ്ടായിരുന്നു. കോൽക്കത്തയ്ക്കു വേണ്ടി സുനിൽ നരെയ്ൻ രണ്ടു വിക്കറ്റ് നേടി.

ഇന്നത്തെ മത്സരം– പൂന– ഗുജറാത്ത് (രത്രി എട്ടിന്)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.