അത്ലറ്റിക്കോ ഒരടി മുന്നിൽ
അത്ലറ്റിക്കോ ഒരടി മുന്നിൽ
Thursday, April 28, 2016 2:12 PM IST
മാഡ്രിഡ്: പന്ത് കൈവശം സൂക്ഷിച്ച് മത്സരം നിയന്ത്രിക്കുന്നതല്ല, ഗോളടിച്ചു ജയിക്കുന്നതാണ് കാര്യമെന്ന് മാഡ്രിഡിലെ വിൻസന്റെ കാൽഡെറോൺ സ്റ്റേഡിയത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് തെളിയിച്ചു. പതിനൊന്നാം മിനിറ്റിൽ സൗൾ നിഗ്വെസിന്റെ അതിസുന്ദരമായ ഗോളിലൂടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനൽ മത്സരത്തിന്റെ ആദ്യപാദത്തിൽ ബയേൺ മ്യൂണിക്കിനെതിരേ അത്ലറ്റിക്കോ വിജയം കുറിച്ചു. രണ്ടാം പാദം ബയേണിന്റെ തട്ടകം അലിയൻസ് അരീനയിൽ ഡിയേഗോ സിമിയോണിയുടെ അത്ലറ്റിക്കോയ്ക്ക് ഇനി ഒരടി മുന്നിൽനിന്നു കളിക്കാം. ഒരു ഗോളിന്റെ കുറവ് സ്വന്തം ഗ്രൗണ്ടിൽ അടുത്തയാഴ്ച നടക്കുന്ന രണ്ടാംപാദത്തിൽ തീർക്കുകയാണ് ബയേൺ ലക്ഷ്യംവയ്ക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ പതിനൊന്ന് ഹോം മത്സരങ്ങളിലും ജയം ബയേണിനൊപ്പമായിരുന്നു.

രണ്ടാം പകുതിയിൽ ആക്രമണം കൂടുതൽ ജർമൻ ക്ലബ്ബിന്റെ ഭാഗത്തുനിന്നായിരുന്നു. എന്നാൽ, സ്പാനിഷ് ക്ലബ്ബിന്റെ പ്രതിരോധം പൊളിക്കാൻ ബയേണിനായില്ല. കളിയിൽ പന്തടക്കത്തിൽ 74 ശതമാനം ബയേണിനായിരുന്നു. അത്ലറ്റിക്കോയ്ക്കു വെറും 26 ശതമാനവും. ഷോട്ടുകളുടെ കാര്യത്തിലും ലക്ഷ്യത്തിലേക്കു തൊടുത്ത ഷോട്ടുകളുടെ എണ്ണത്തിലും ബയേൺ വളരെ മുന്നിലായിരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും സിമിയോണിയുടെ ടീമിന്റെ വലയിലേക്കു പന്തെത്തിക്കാൻ ബയേണിനായില്ല. കിട്ടുന്ന അവസരത്തിൽ ആക്രമിക്കുക, ഗോൾ നേടുക അല്ലാത്തപ്പോൾ ശക്‌തമായ പ്രതിരോധം തീർക്കുക എന്നതായിരുന്നു സിമിയോണി ബയേണിനെതിരെ പുറത്തെടുത്ത തന്ത്രം.


സ്വന്തം കാണികളുടെ മുന്നിൽ ആവേശപൂർവം കളിച്ച അത്ലറ്റിക്കോ, സൗൾ, ഫെർണാണ്ടോ ടോറസ്, അന്റോണിയോ ഗ്രീസ്മാൻ എന്നിവരിലൂടെ തുടക്കം മുതലേ ബയേൺ ഗോൾ മുഖത്തേക്കു ആക്രമണം അഴിച്ചുവിട്ടു. പതിനൊന്നാം മിനിറ്റിൽ അത്ലറ്റിക്കോ ആരാധകർ കാത്തിരുന്ന നിമിഷമെത്തി. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും അഗസ്തോ ഫെർണാണ്ടസിന്റെ ഹെഡർ പാസ് സൗൾ ഇടതുവശത്തുനിന്നു പിടിച്ചെടുത്തു. ബയേണിന്റെ വല ലക്ഷ്യമാക്കി തനിയെ കുതിച്ച സൗൾ ബോക്സിനു പുറത്തുവച്ച് മൂന്നു പ്രതിരോധക്കാരെ ഡ്രിബിൾ ചെയ്തു കബളിപ്പിച്ച് ബോക്സിന്റെ വലതുവശത്തുനിന്നും തൊടുത്ത ഇടംകാലൻ ഷോട്ട് വലയുടെ ഇടതുമൂലയിൽ കയറി. രണ്ടു മിനിറ്റിനുള്ളിൽ ബയേൺ ഒരു ഗോൾ മടക്കുന്നതിന് അടുത്തെത്തിയെങ്കിലും ഫലം കണ്ടില്ല. അർതുറോ വിദാലിന്റെ ഹെഡർ അത്ലറ്റിക്കോ പ്രതിരോധ താരം ഹൊസെ ഹിമെനെസ് കോർണറാക്കി മാറ്റി. കോർണർ കിക്കെടുത്ത സാബി അലോൻസോവിദാലിനു പന്ത് കൊടുത്തെങ്കിലും ചിലിയൻ താരത്തിന്റെ ശ്രമം അത്ലറ്റികോ ഗോൾകീപ്പർ യാൻ ഒബ്ലാക് കൈപ്പിടിയിലാക്കി. ഇതിനുശേഷം സമനില പിടിക്കാൻ ബയേൺ നിരന്തരം ശ്രമം തുടർന്നുകൊണ്ടിരുന്നു. ബയേണിന്റെ ഡഗ്ലസ് കോസ്റ്റുടെ ഫ്രീകിക്ക് വലയുടെ തൊട്ടത്തുകൂടി പോകുന്നത് കാണേണ്ടിവന്നു. മികച്ച അവസരങ്ങൾ തീർത്തുകൊണ്ട് മത്സരത്തിലേക്കു തിരിച്ചുവരാൻ ബയേൺ നിരന്തരം അത്ലറ്റികോ ഗോൾമുഖത്തേക്ക് കയറിയിറങ്ങി. ഇടവേളയ്ക്കു പത്ത് മിനിറ്റു മുമ്പ് ഒബ്ലാക് ബയേണിന്റെ കിംഗ്സ്ലി കോമാന്റെ ഷോട്ട് ഡൈവിംഗിലൂടെ രക്ഷപ്പെടുത്തി.


രണ്ടാം പകുതിയിലും പെപ് ഗാർഡിയോളയുടെ ബയേൺ ആക്രമണം തുടർന്നുകൊണ്ടിരുന്നു. പന്ത് കൈവശം സൂക്ഷിക്കുന്നതിൽ ജർമൻ ക്ലബ്ബിനായിരുന്നു വിജയം. ഈ ആധിപത്യത്തിലൂടെ അവർ അത്ലറ്റിക്കോയുടെ ഗോൾ മുഖം ഓരോ നിമിഷവും സമ്മർദത്തിലാക്കിക്കൊണ്ടിരുന്നു.

റോബർട്ട് ലെവൻഡോസ്കിയുടെ ഷോട്ട് ഒബ്ലാക് കൈക്കലാക്കി. ഇതിനുശേഷം എവേ ഗ്രൗണ്ടിൽ ഒരു ഗോൾ നേടുക എന്ന ലക്ഷ്യത്തിനായി കോമാനെ പിൻവലിച്ച ഗാർഡിയോള ഫ്രാങ്ക് റിബറിയെ ഇറക്കി. ഇതിനു പിന്നാലെ തിയേഗോ അലകാൻഡ്രയ്ക്കു പകരം തോമസ് മ്യൂളറെയുമിറക്കി ബയേൺ ആക്രമണം ശക്‌തമാക്കി.

എന്നാൽ, ഈ നീക്കങ്ങൾക്കൊന്നും പ്രതീക്ഷിച്ച ഫലം നൽകാനായില്ല. ലീഡ് ഉയർത്താനായി കിട്ടിയ അവസരം ടോറസ് അടിച്ചത് പോസ്റ്റിൽ തട്ടി റീബൗണ്ടായി കെകെയിലേക്കെത്തി.

കൊക്കെയുടെ അടി ഡൈവ് ചെയ്തു രക്ഷപ്പെടുത്തിക്കൊണ്ട് ബയേൺ ഗോൾകീപ്പർ മാനുവൽ നോയർ ടീമിന് ആശ്വാസം പകർന്നു. ഇഞ്ചുറി ടൈമിലും ബയേൺ സമനില ഗോളിനുള്ള ശ്രമം തുടർന്നെങ്കിലും ഒബ്ലാക്കിന്റെ കൈകളെയും അത്ലറ്റിക്കോയുടെ പ്രതിരോധത്തെയും പിളർത്താനായില്ല.ഇതോടെ തുടർച്ചയായ അഞ്ചാം മത്സരത്തിലും അത്ലറ്റിക്കോയ്ക്കു വല കുലുക്കാതിരിക്കാനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.