ബാഴ്സ, ബയേണ്‍ തേരോട്ടം
ബാഴ്സ, ബയേണ്‍ തേരോട്ടം
Thursday, November 26, 2015 11:26 PM IST
ബാഴ്സലോണ/മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരുടെ തേരോട്ടം. നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണ, ബയേണ്‍ മ്യൂണിക്, ആഴ്സണല്‍ എന്നിവര്‍ തകര്‍പ്പന്‍ ജയവുമായി കുതിച്ചു. ടെല്‍ അവീവില്‍ ചെല്‍സി ജയിച്ചപ്പോള്‍ എഫ്സി പോര്‍ട്ടോ സ്വന്തം നാട്ടില്‍ തോറ്റു.

എല്‍ ക്ളാസികോയില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചിടത്തുനിന്നു തുടങ്ങിയ ബാഴ്സ റോമയ്ക്കെതിരെ അതേ മികവ് തുടര്‍ന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഇയില്‍ ബാഴ്സലോണയുടെ തട്ടകം ന്യൂ കാമ്പിലിറങ്ങിയ റോമയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് കറ്റാലന്‍ ക്ളബ്ബ് തകര്‍ത്തു. ബാഴ്സയുടെ ആദ്യ പതിനൊന്നില്‍ ലയണല്‍ മെസിയും ഇറങ്ങി. രണ്ടു ഗോളടിച്ച് മെസി പരിക്ക് തന്റെ പ്രതിഭയ്ക്കു കോട്ടം വരുത്തിയിട്ടില്ലെന്ന് തെളിച്ചു. 18, 59 മിനിറ്റുകളിലായിരുന്നു അര്‍ജന്റൈന്‍ താരത്തിന്റെ ഗോളുകള്‍.

റയല്‍ മാഡ്രിഡിനെതിരേ എല്‍ക്ളാസിക്കോയില്‍ മെസി പകരക്കാരനായാണ് ഇറങ്ങിയത്. ലൂയിസ് സുവാരസും ഇരട്ട ഗോള്‍ (15, 44) നേടി. സുവരാസാണ് ബാഴ്സയുടെ ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്. ഗോള്‍ നേടിയില്ലെങ്കിലും നെയ്മര്‍ അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്. ജെറാര്‍ഡ് പിക്വെ (56), അഡ്രിയാനോ കൊറേയ (77) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. പെനാല്‍റ്റിയിലൂടെ അക്കൌണ്ട് തുറക്കാന്‍ നെയ്മറിനു 77ാം മിനിറ്റില്‍ ലഭിച്ച അവസരം റോമ ഗോളി വോയിചെക് സെസിനി തട്ടിയകറ്റി. 82ാം മിനിറ്റില്‍ റോമയ്ക്കും ഒരു ഗോള്‍ മടക്കാന്‍ പെനാല്‍റ്റിയിലൂടെ അവസരം ലഭിച്ചെങ്കിലും എഡിന്‍ സെക്കോയുടെ കിക്ക് മാര്‍ക്ക് ആന്‍ഡ്രെ ടെര്‍ സ്റെഗനും രക്ഷപ്പെടുത്തി. അവസാനം ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ഡെക്കോ (90+1) ഒരു ഗോള്‍ നേടി സന്ദര്‍ശക ടീമിന്റെ തോല്‍വി ഭാരം കുറച്ചു. 2015ലും മെസി-സുവരാസ്-നെയ്മര്‍ ത്രയത്തിന്റെ ഗോളുകളുടെ എണ്ണം 121 ആയി. ഇതില്‍ 43 മെസിയും 39 ഗോള്‍ വീതം സുവാരസും നെയ്മറും സ്വന്തമാക്കി. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി ബാഴ്സ നോട്ടൌട്ട് ഉറപ്പിച്ചു. ബേറ്റ്-ബയേര്‍ ലെവര്‍കുസന്‍ മത്സരം 1-1ന് സമനിലയായി.


ഗ്രൂപ്പ് എഫില്‍ ബയേണ്‍ മ്യൂണിക് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഒളിമ്പ്യാക്കസിനെ തോല്‍പ്പിച്ചു. ബയേണിന്റെ സ്വന്തം അലയന്‍സ് അരീനയിലെ മത്സരത്തില്‍ ഡഗ്ളസ് കോസ്റ്റ (8), റോബര്‍ട്ട് ലെവന്‍ഡോസ്കി (16), തോമസ് മ്യൂളര്‍(20), കിംഗ്സ്ലി കോമന്‍ (69) എന്നിവരാണു ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ അമ്പത് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി തോമസ് മ്യൂളര്‍ മാറി. 26 വയസും രണ്ടു മാസവും 11 ദിവസവുമുള്ളപ്പോഴാണ് മ്യൂളറിന്റെ ഈ നേട്ടം.

മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ സ്വന്തം സ്റേഡിയത്തില്‍ ഡൈനാമോ സാഗ്രെബിനെ 3-0ന് കീഴടക്കി. അലക്സിസ് സാഞ്ചസിന്റെ ഇരട്ട ഗോളും (33, 69), മെസ്യൂട്ട് ഓസിലിന്റെ ഗോളും (29) ചേര്‍ന്നപ്പോള്‍ പീരങ്കിപ്പട സാഗ്രെബിലേറ്റ തോല്‍വിക്കു പകരം വീട്ടി.

ജയത്തോടെ ആഴ്സണലിന് ഒരു മത്സരം കൂടി ശേഷിക്കേ നോക്കൌട്ട് പ്രതീക്ഷ നിലനിര്‍ത്താനായി.

ടെല്‍ അവീവില്‍ ചെല്‍സി

ചെല്‍സി മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് മക്കാബി ടെല്‍ അവീവിനെ തോല്‍പ്പിച്ചു. ഗാരി കാഹില്‍ (20), വില്യന്‍ (73), ഓസ്കര്‍ (77), കുര്‍ട് സൌമ (901+1) എന്നിവരാണ് ചെല്‍സിയുടെ ഗോള്‍ സ്കോറര്‍മാര്‍. ജയത്തോടെ ചെല്‍സി ഗ്രൂപ്പ് ജിയില്‍ മുന്നിലെത്തി. മറ്റൊരു മത്സരത്തില്‍ പോര്‍ട്ടോയെ സ്വന്തം നാട്ടില്‍ വച്ച് ഡൈനാമോ കീവ് മറുപടിയില്ലാത്ത രണ്ടു ഗോളിനു കീഴടക്കി. ആന്‍ഡ്രി യാര്‍മൊലെങ്കോ (35), ഡെര്‍ലിസ് ഗോണ്‍സാലസ് (64) എന്നിവരാണ് ഗോള്‍ നേടിയത്.

ഗ്രൂപ്പ് എച്ചില്‍ സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് 2-0ന് വലന്‍സിയയും ജെന്റ് 2-1ന് ഒളിമ്പിക് ലിയോണിനെയും തോല്‍പ്പിച്ചു. സെനിത് ഒന്നാമതും ജെന്റ് രണ്ടാമതുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.