വീണും വീഴ്ത്തിയും ഇന്ത്യ
വീണും വീഴ്ത്തിയും ഇന്ത്യ
Thursday, November 26, 2015 11:22 PM IST
നാഗ്പുര്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ ആദ്യം ഇന്ത്യയും പിന്നീട് ദക്ഷിണാഫ്രിക്കയും കറങ്ങി വീണു. ഒന്നാം ദിനം പന്ത്രണ്ട് വിക്കറ്റുകളാണ് നാഗ്പുരിലെ സ്പിന്‍ പിച്ചില്‍ പൊഴിഞ്ഞത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 215ന് എല്ലാവരും പുറത്തായി അവസാനിച്ചു. ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 11 റണ്‍സിനു രണ്ടു വിക്കറ്റെന്ന നിലയിലാണ്. ഡീന്‍ എല്‍ഗറും (7), റണ്ണൊന്നുമെടുക്കാതെ ഹഷിം അംലയുമാണ് ക്രീസില്‍.

ഇന്ത്യന്‍ ബാറ്റസ്മാന്മാര്‍ക്ക് ആദ്യം ഭീഷണിയായത് പേസര്‍ മോര്‍ണി മോര്‍ക്കലും പിന്നീട് സ്പിന്നര്‍ സൈമണ്‍ ഹാര്‍മറും. മുരളി വിജയ്-ശിഖര്‍ ധവാന്‍ ഓപ്പണിംഗ് സഖ്യം 50ലെത്തിയപ്പോഴാണ് പിരിയുന്നത്. പതിവുപോലെ ധവാന്‍ (12) ആദ്യം പുറത്തായി. എല്‍ഗറിന്റെ റിട്ടേണ്‍ ക്യാച്ചിലാണ് ധവാന്റെ പുറത്താകല്‍. മികച്ചൊരു തുടക്കം മുതലാക്കാന്‍ ഇന്ത്യക്കായില്ല. ഇന്ത്യന്‍ സ്കോറിനോട് പത്തൊമ്പത് റണ്‍സ് കൂടി ചേര്‍ത്തശേഷം വിജയിയെ (40) മോര്‍ക്കല്‍ എല്‍ബിഡബ്ള്യു ആക്കി. പിന്നീട് ചേതേശ്വര്‍ പുജാരയ്ക്കൊപ്പം നായകന്‍ വിരാട് കോഹ്ലി ചേര്‍ന്നപ്പോള്‍ ഇന്ത്യ അപകടനില തരണം ചെയ്യുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍, അധിക നേരം ക്രീസില്‍ നില്‍ക്കാന്‍ ഇവര്‍ക്കായില്ല. പുജാരയെ (21) ഹാര്‍മര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. ഇന്ത്യ മൂന്നിനു 94 എന്ന നിലയില്‍. അജിങ്ക്യ രഹാനെ-കോഹ്ലി നാലാം വിക്കറ്റ് സഖ്യം 21 റണ്‍സ് ചേര്‍ത്തശേഷം പിരിച്ചു. രഹാനെയെ (13) മോര്‍ക്കല്‍ ക്ളീന്‍ബൌള്‍ഡാക്കുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ അഞ്ചിന് 115. ഒരു റണ്‍ കൂടി സ്കോര്‍ബോര്‍ഡിലെത്തിയശേഷം ഇന്ത്യന്‍ നായകന്‍ കോഹ്ലി (22) മോര്‍ക്കലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡീന്‍ വിലാസിനു ക്യാച്ച് നല്‍കി മടങ്ങി. ഏഴാമനായി ഇറങ്ങിയ രോഹിത് ശര്‍മയും (2) പെട്ടെന്നു പുറത്തയാതോടെ ഇന്ത്യ ആറു വിക്കറ്റിന് 125 എന്ന നിലയില്‍ തകര്‍ന്നു. ഇവിടെനിന്നും ഇന്ത്യയെ കരകയറ്റിയത്് ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ചേര്‍ന്ന രവീന്ദ്ര ജഡേജയും വൃദ്ധിമാന്‍ സാഹയും. ഈ കൂട്ടുകെട്ട് 48 റണ്‍സെടുത്തു. ഇത് ഇന്ത്യയുടെ രണ്ടാമത്തെ മികച്ച കൂട്ടുകെട്ടായി. ഇന്ത്യ 173ല്‍ ജഡേജയെ (34) കാഗിസോ റബാദ സ്റ്റംപ് തെറിപ്പിച്ചു. പിന്നീട് സാഹയും അശ്വിനും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ ഇരുന്നൂറു കടത്തി. സാഹയെ (32) ഹാര്‍മര്‍ ഡുമിനിയുടെ കൈകളിലെത്തിച്ചു. അവസാനം അശ്വിനും (15) അമിത് മിശ്രയും (3) പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 215. മോര്‍ക്കല്‍ മൂന്നും ഹാര്‍മര്‍ നാലും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റബാദ, എല്‍ഗര്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ കളംവാണിടത്ത് ഇന്ത്യന്‍ സ്പിന്നര്‍മാരും പതിവുപോലെ തുടങ്ങി. സ്കോര്‍ ഒമ്പതിലെത്തിയപ്പോള്‍ രണ്ടു വിക്കറ്റുകള്‍ നിലംപതിച്ചു. ആദ്യം സറ്റീന്‍ വാല്‍ സൈലിനെ (0) അശ്വിനും നൈറ്റ്വാച്ച്മാനായെത്തിയ താഹിറിനെ (4) ജഡേജയും പുറത്താക്കി.

സ്കോര്‍ബോര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ്

വിജയ് എല്‍ബിഡബ്ള്യു ബി മോര്‍ക്കല്‍ 40, ധവാന്‍ സി ആന്‍ഡ് ബി എല്‍ഗര്‍ 12, പുജാര എല്‍ബിഡബ്ള്യു ഹാര്‍മര്‍ 21, കോഹ്ലി സി വിലസ് ബി മോര്‍ക്കല്‍ 22, രഹാനെ ബി മോര്‍ക്കല്‍ 13, രോഹിത് സി ഡിവില്യേഴ്സ് ബി ഹാര്‍മര്‍ 2, സാഹ സി ഡുമിനി ബി ഹാര്‍മര്‍ 32, ജഡേജ ബി രബാദ 34, അശ്വിന്‍ ബി താഹിര്‍ 15, മിശ്ര എല്‍ബിഡ ബ്ള്യു ഹാര്‍മര്‍ 3, ഇഷാന്ത് നോട്ടൌട്ട് 0 എക്സ്ട്രാസ് 21 ആകെ 78.2 ഓവറില്‍ 215 ന് എല്ലാവരും പുറത്ത്

ബൌളിംഗ്

മോര്‍ക്കല്‍ 16.1-7-35-3, രബാദ 17-8-30-1, ഹാര്‍മര്‍ 27.2-2-78-4, എല്‍ഗര്‍ 4-0-7-1, താഹിര്‍ 12.5-1-41-1, ഡുമിനി 1-0-6-0

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ് ബാറ്റിംഗ്

എല്‍ഗര്‍ നോട്ടൌട്ട് 7, സാന്‍ സൈല്‍ സി രഹാനെ ബി അശ്വിന്‍ 0, താഹിര്‍ ബി ജഡേജ 4, അംല നോട്ടൌട്ട് 0 എക്സ്ട്രാസ് 0, ആകെ 9 ഓവറില്‍ രണ്ടുവിക്കറ്റിന് 11
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.