കെണിയൊരുക്കി ഇന്ത്യ
കെണിയൊരുക്കി ഇന്ത്യ
Wednesday, November 25, 2015 11:12 PM IST
നാഗ്പുര്‍: പരമ്പര നേടാനുറച്ച് ഇന്ത്യയും നിലനില്‍പ്പിനായി ദക്ഷിണാഫ്രിക്കയും ഇന്നിറങ്ങുന്നു. മൊഹാലി ടെസ്റിലെ തകര്‍പ്പന്‍ ജയത്തോടെ 1-0ത്തിനു മുന്നിലുള്ള ഇന്ത്യക്കു ഈ ടെസ്റ്റ് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കയെ തളയ്ക്കാന്‍ പതിവു സ്പിന്‍ പിച്ചാണ് നാഗ്പുരിലും ഒരുക്കിയിരിക്കുന്നത്. മത്സരം രാവിലെ 9.30 മുതല്‍.

മറ്റ് ഇന്ത്യന്‍ പിച്ചുകളെ അപേക്ഷിച്ച് തുടക്കത്തില്‍ പേസര്‍മാരെ തുണയ്ക്കുന്നതാണ് വഡോദര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം. എതിരാളി ദക്ഷിണാഫ്രിക്ക ആയതിനാല്‍ ഇത്തവണ പക്ഷേ പിച്ചിലെ പുല്ല് മുഴുവന്‍ നീക്കം ചെയ്തിട്ടുണ്ട്. മെഹാലിയിലും ബംഗളൂരുവിലും കറങ്ങിവീണ സന്ദര്‍ശകര്‍ ഇവിടെയും പാടുപെടുമെന്നു സാരം.

ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. ഫോമിലല്ലെങ്കിലും ശിഖര്‍ ധവാന് ഒരവസരം കൂടി ലഭിക്കും. ബംഗളൂരുവില്‍ പുറത്താകാതെ നേടിയ 45 റണ്‍സാണ് ധവാനു തുണയായത്. ഫോമിലേക്കു മടങ്ങി വരുന്നതിന്റെ ലക്ഷണങ്ങള്‍ ഇടംകൈയന്‍ താരം നല്കുന്നു. സഹഓപ്പണര്‍ മുരളി വിജയ് കരിയറിലെ മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ബംഗളൂരുവില്‍ ഓള്‍റൌണ്ടറുടെ റോളില്‍ ടീമിലെത്തിയ സ്റ്റുവര്‍ട്ട് ബിന്നിക്കു സ്ഥാനം നഷ്ടപ്പെട്ടേക്കാം. അവസാനം കളിച്ച അഞ്ചു ടെസ്റിലും യാതൊരു ചലനവും സൃഷ്ടിക്കാന്‍ ബിന്നിക്കായിരുന്നില്ല.

ബൌളിംഗ് നിരയില്‍ അശ്വിന്‍-ജഡേജ കൂട്ടുകെട്ട് തകര്‍പ്പന്‍ ഫോമിലാണ്. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ സ്പിന്നര്‍മാരുടെ പന്തുകളുടെ ദിശ മനസിലാക്കാതെ പതറുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ രണ്ടു കളികളിലും. 24 വിക്കറ്റുകളാണ് ഇരുവരും ഈ പരമ്പരയില്‍ ഇതുവരെ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ വീണ 30ല്‍ 27 വിക്കറ്റുകളും സ്പിന്നര്‍മാര്‍ക്കാണ്. പേസ് നിരയില്‍ ആരെയൊക്കെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ടീം മാനേജ്മെന്റ് അന്തിമ തീരുമാനമെടുത്തിട്ടില്ല. പേസര്‍മാര്‍ക്കു കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നതു തന്നെ കാര്യം. ഇഷാന്ത് പരിക്കില്‍ നിന്നു മടങ്ങിയെത്തിയെങ്കിലും പതിവു ഫോമിലെത്തിയിട്ടില്ല. വരുണ്‍ ആരോണും ഉമേഷ് യാദവുമാണ് മറ്റു പേസര്‍മാര്‍. ഇതില്‍ ഉമേഷ് യാദവിനു നറുക്ക് വീഴാനാണ് സാധ്യത കൂടുതല്‍.


നാഗ്പുരിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയ താരമെന്ന നേട്ടം ഹാഷിം അംലയുടെ പേരിലാണ്. 2010ല്‍ ഇന്ത്യക്കെതിരേ പുറത്താകാതെ നേടിയ 253 റണ്‍സ്. ഈ ഓര്‍മകള്‍ മാത്രമാണ് നായകനും ദക്ഷിണാഫ്രിക്കന്‍ ടീമിനും കൂട്ടായുള്ളത്. ഏകദിന, ട്വന്റി 20 പരമ്പരകള്‍ തൂത്തുവാരിയ ടീം കടുത്ത സമ്മര്‍ദത്തിലാണ്. മൂന്ന് ഇന്നിംഗ്സ് കളിച്ചതില്‍ ഒരിക്കല്‍ മാത്രമാണ് 200 കടക്കാനായത്. ഒരിക്കല്‍ പോലും 70 ഓവര്‍ തികച്ചു ബാറ്റു വീശാന്‍ അവര്‍ക്കായതുമില്ല.

ബാറ്റിംഗിലും ബൌളിംഗിലും പ്രശ്നങ്ങളാണ്. എ.ബി. ഡിവില്യഴ്സ് മാത്രമാണ് ബാറ്റു കൊണ്ട് എന്തെങ്കിലും സംഭാവന നല്കുന്നത്. ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗറും സ്റീന്‍ വാന്‍ സീലും ഇതുവരെ താളം കണ്െടത്തിയിട്ടില്ല. ഏകദിന പരമ്പരയില്‍ തകര്‍ത്തു കളിച്ച ഫഫ് ഡുപ്ളിസിയുടെ അവസ്ഥയും മറിച്ചല്ല. പരിക്കില്‍ നിന്നു മടങ്ങിയെത്തിയ ജെ.പി. ഡുമിനിക്കു മികച്ച തുടക്കം മുതലാക്കാനാകുന്നില്ല. ബൌളിംഗ് ഡിപ്പാര്‍ട്ട്മെന്റിലേക്കു വന്നാല്‍ വെറോണ്‍ ഫിലാന്‍ഡര്‍ പരിക്കേറ്റു പോയത് വന്‍ തിരിച്ചടിയായി. മോര്‍ണി മോര്‍ക്കല്‍ അപകടം വിതയ്ക്കുന്നുമില്ല.

സ്റെയിന്‍ കളിച്ചേക്കില്ല

നാഗ്പുര്‍: ദക്ഷിണാഫ്രിക്കയുടെ ലോകോത്തര ബൌളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇന്നു തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കില്ലെന്ന് നായകന്‍ ഹാഷിം അംല. പരിക്ക് പൂര്‍ണമായും ഭേദമാകാത്ത പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് കളിക്കാനാകുമോ എന്ന കാര്യം സംശയമാണ്. മുമ്പ് ഇരുടീമും ഇതേ വേദിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മിന്നും പ്രകടനവുമായി സ്റെയിന്‍ തിളങ്ങിയതാണ്. അതുകൊണ്ടു തന്നെ സ്റെയിനിന്റെ അഭാവം ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചടിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.