ഞെട്ടി; ഒന്നല്ല മൂന്നുവട്ടം
ഞെട്ടി; ഒന്നല്ല മൂന്നുവട്ടം
Saturday, October 10, 2015 12:00 AM IST
സാന്റിയാഗോ: ലോക ഫുട്ബോളില്‍ അട്ടിമറികളുടെ ആഴ്ചയാണെന്നു തോന്നുന്നു. സെപ് ബ്ളാറ്ററെയും സാക്ഷാല്‍ മിഷേല്‍ പ്ളാറ്റിനിയെയും സസ്പെന്‍ഡ് ചെയ്ത ഫിഫയാണ് കളത്തിനു പുറത്തെ ഞെട്ടലിനു വഴിവച്ചത്. ലോക ചാമ്പ്യന്മാരായ ജര്‍മനിയും ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലും അര്‍ജന്റീനയും മൈതാനത്തു തോറ്റതോടെ ഞെട്ടല്‍ പൂര്‍ണം. ലോകകപ്പ് യോഗ്യതാറൌണ്ടിലാണ് ബ്രസീലിന്റെയും അര്‍ജന്റീനയുടെയും തോല്‍വി. യൂറോ യോഗ്യതാറൌണ്ടിലാണ് ഐറിഷ് വീര്യത്തിനു മുന്നില്‍ ജര്‍മനിക്കു കീഴടങ്ങേണ്ടിവന്നത്.

സാന്റിയാഗോയില്‍ നടന്ന മത്സരത്തില്‍ കോപ്പ അമേരിക്ക ജേതാക്കളായ ചിലി ബ്രസീലിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കീഴടക്കിയത്. അര്‍ജന്റീനയുടെ കീഴടങ്ങല്‍ ദുര്‍ബലരെന്നു മുദ്രകുത്തപ്പെട്ട ഇക്വഡോറിനെതിരേയായിരുന്നു. 2000നുശേഷം ആദ്യമായാണ് ബ്രസീലിന്റെ മഞ്ഞപ്പടയ്ക്കുമേല്‍ ചുവപ്പ് കുപ്പായക്കാര്‍ ജയം നേടുന്നത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍, ഫിലിപ്പെ കുടിഞ്ഞോ എന്നിവര്‍ ഇല്ലാതെയാണ് സാന്റിയാഗോയില്‍ ഇറങ്ങിയത്. ചുവന്ന കുപ്പായക്കാര്‍ക്കുവേണ്ടി എഡ്വേര്‍ഡോ വര്‍ഗസ് (72), അലക്സിസ് സാഞ്ചസ് (90) എന്നിവരാണ് ഗോള്‍ നേടിയത്.

സ്വന്തം മണ്ണില്‍ അര്‍ജന്റീന വീണു

ബ്രസീലിന്റെ തോല്‍വി നാട്ടിനു പുറത്തായിരുന്നെങ്കില്‍ അര്‍ജന്റീന ബുവോനോസ് ആരീസില്‍ ഇക്വഡോറിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മുന്‍ ലോകചാമ്പ്യന്‍മാരുടെയും പതനം. രണ്ടു മിനിറ്റിനിടെയായിരുന്നു അര്‍ജന്റീനയുടെ വലയില്‍ ഗോളുകള്‍ വീണത്.

എറിക്സണ്‍ എറാസോ (81), ഫിലിപ്പെ കെയ്സീഡോ (82) എന്നിവരാണ് ഗോള്‍ നേടിയത്. 2009നുശേഷം ആദ്യമായാണ് അര്‍ജന്റീന സ്വന്തം നാട്ടില്‍ തോല്‍ക്കുന്നത്. ഇക്വഡോര്‍ ആദ്യമായാണ് അര്‍ജന്റീനയില്‍ ജയിക്കുന്നതും. പരിക്കിനെത്തുടര്‍ന്ന് വിശ്രമിക്കുന്ന സൂപ്പര്‍ താരം ലയണല്‍ മെസി ആതിഥേയനിരയില്‍ ഇല്ലായിരുന്നു. ആദ്യ പകുതിയില്‍ മാഞ്ചസ്റര്‍ സിറ്റിയുടെ ഫോര്‍വേഡ് അഗ്വേറോയ്ക്കു പരിക്കേറ്റു പുറത്തേക്കു പോകേണ്ടിവന്നത് അവര്‍ക്കു തിരിച്ചടിയായി. തുടഞരമ്പിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടിതെറ്റി ജര്‍മനിയും

അടുത്ത വര്‍ഷത്തെ യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ ജര്‍മനിയെ ഏകപക്ഷീയമായ ഒരു ഗോളിനു റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡ് കീഴടക്കി. ഷെയ്ന്‍ ലോംഗ് (70) എന്ന സൂപ്പര്‍ സബ്ബിന്റെ ഗോളിലൂടെ റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡ് വിജയം ഉറപ്പിച്ചു. 65-ാം മിനിറ്റില്‍ പകരക്കാരനായാണ് സതാംപ്ടണിന്റെ സ്ട്രൈക്കര്‍ ലോംഗ് കളത്തിലെത്തിയത്. 2001ല്‍ ലോകകപ്പ് പ്ളേ ഓഫില്‍ നെതര്‍ലന്‍ഡ്സിനെതിരെ നേടിയ ജയത്തിനുശേഷം ഐറിഷ് ടീം നേടുന്ന ഏറ്റവും വലിയ ജയമാണിത്.

പന്തടക്കത്തിലും ലക്ഷ്യത്തിലേക്കു പാഞ്ഞ ഷോട്ടുകളുടെ എണ്ണത്തിലും ജര്‍മനിയായിരുന്നു മുന്നില്‍. തോമസ് മ്യൂളര്‍, മരിയോ ഗോട്സെ, മാര്‍കോ റൂസ്, ആന്ദ്രെ ഷൂറില്‍ എന്നിവരടങ്ങുന്ന ലോക ചാമ്പ്യന്‍മാരുടെ നിര ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ടു. ഗ്രൂപ്പ് ഡിയില്‍ ജര്‍മനി തന്നെയാണ് പോയിന്റ് നിലയില്‍മുന്നില്‍. അയര്‍ലന്‍ഡ് മൂന്നാമതാണ്.

മറ്റ് മത്സരങ്ങളില്‍ ഗ്രൂപ്പ് എഫില്‍ വടക്കന്‍ അയര്‍ലന്‍ഡ് മുന്‍ യൂറോ ചാമ്പ്യന്‍മാരായ ഗ്രീസിനെ ഒന്നിനെതിരെ മൂന്നു ഗോളിനു തോല്‍പ്പിച്ചു. റുമേനിയ-ഫിന്‍ലാന്‍ഡ് മത്സരം ഓരോ ഗോള്‍വീതമടിച്ചു സമനിലയായി. പോര്‍ച്ചുഗല്‍ 1-0ന് ഡെര്‍മാര്‍ക്കിനെയും സെര്‍ബിയ 2-0ന് അല്‍ബേനിയയെയും ഹംഗറി 2-1ന് ഫാറോ ഐലന്‍ഡിനെയും തോല്‍പ്പിച്ചു.

ഫ്രാന്‍സിനു ജയം

പാരീസ്: അന്താരാഷ്ട്രസൌഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഫ്രാന്‍സിനു ജയം. എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് അര്‍മേനിയയെയാണ് തകര്‍ത്തത്. റയല്‍ മാഡ്രിഡിനുവേണ്ടി ഗോളടിച്ചു കൂട്ടുന്ന കരീം ബെന്‍സമയുടെ ഇരട്ട ഗോളുകളാണ് (77, 79) മുന്‍ യൂറോ ലോക ചാമ്പ്യന്‍മാര്‍ക്ക് തകര്‍പ്പന്‍ ജയം നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.