കേരള ബ്ളാസ്റേഴ്സ് ഇന്നു മുംബൈ സിറ്റിക്കെതിരേ
കേരള ബ്ളാസ്റേഴ്സ് ഇന്നു മുംബൈ സിറ്റിക്കെതിരേ
Saturday, October 10, 2015 11:54 PM IST
ബിജോ സില്‍വറി

കൊച്ചി: ഇന്നു വീണ്ടും കൊച്ചി നെഹ്റു സ്റ്റേഡിയം മഞ്ഞയില്‍ ആറാടും. ആരാധകരുടെ നിറഞ്ഞ പിന്തുണയോടെ ഇറങ്ങുന്ന കേരള ബ്ളാസ്റേഴ്സ് ഐഎസ്എലില്‍ ഇന്ന് രണ്ടാമങ്കത്തിനിറങ്ങുന്നു. ആദ്യ മത്സരം തോറ്റെങ്കിലും ശക്തരായ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍. ബ്ളാസ്റേഴ്സ് നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയ 3-1 എന്ന സ്കോറിനു തന്നെയാണ് മുംബൈ പൂനയോടു തോറ്റതും. നിക്കോളസ് അനെല്‍ക്കയെന്ന ലോകോത്തര താരത്തിന്റെ സാന്നിധ്യത്തെയാകും ബ്ളാസ്റേഴ്സ് കൂടുതല്‍ ഭയപ്പെടേണ്ടി വരിക.

ആദ്യ കളിയില്‍ തോറ്റെന്നതു ശരി തന്നെ. പക്ഷേ മഹാരാഷ്ട്ര നാട്ടങ്കം കണ്ട ആരും മുംബൈ സിറ്റി എഫ്സിയെ എഴുതിത്തള്ളില്ല. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും പന്ത് മുംബൈയുടെ കാലില്‍ തന്നെയായിരുന്നു. ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലും അവര്‍ മുന്നിട്ടുനിന്നു. പക്ഷേ, കളി മികവിനനുസരിച്ച് ഗോള്‍ നേടാനായില്ല എന്നു മാത്രം. പ്രതിരോധം അപ്പാടെ പാളുകയും ചെയ്തു. ലോകകപ്പ് യോഗ്യതാമത്സരം കളിക്കാന്‍പോയ സുനില്‍ ഛേത്രിയില്ലാത്തതിന്റെ ക്ഷീണം പ്രകടമാകുകയും ചെയ്തു. 75-ാം മിനിറ്റില്‍ കളത്തിലെത്തിയ അനല്‍ക്കെക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. മുന്നേറ്റത്തിന് ഗോളടിക്കാന്‍ കഴിയാതെ പോയതും പ്രതിരോധത്തിലെ പിഴവുകളും ഇന്ന് ആവര്‍ത്തിക്കാതിരിക്കാനായിരിക്കും മുംബൈയുടെ ശ്രമം.

ഈ രണ്ടു പിഴവുകളും ധാരാളമുണ്ടായിരുന്നിട്ടും കേരള ബ്ളാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തു എന്നത് ഫുട്ബോളിന്റെ വിധിവൈപരീത്യം. പ്രതിരോധത്തില്‍ മാറ്റങ്ങളോടെയാകും മുംബൈ കളത്തിലിറങ്ങുക. കേരള ബ്ളാസ്റേഴ്സ് നിരയില്‍ കാര്യമായ മാറ്റമുണ്ടാകില്ല. ഇംഗ്ളീഷ് വിംഗര്‍ സാഞ്ചെസ് വാട്ട് ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. സാഞ്ചസിന്റെ വരവോടെ ബ്ളാസ്റ്റേഴ്സിന്റെ ആക്രമണത്തിന് മൂര്‍ച്ച വര്‍ധിച്ചിരുന്നു. സാഞ്ചസ് ഒരു ഗോളും നേടിയിരുന്നു. സാഞ്ചസ് ആദ്യ ഇലവനില്‍ ഉണ്െടങ്കില്‍ ക്രിസ് ഡാഗ്നലിന് പുറത്തിരിക്കേണ്ടി വരും. മലയാളി താരങ്ങളായ സി.കെ. വിനീതും മുഹമ്മദ് റാഫിയും സ്ഥാനം നിലനിര്‍ത്തും.

അനെല്‍ക്ക ആദ്യം മുതല്‍ കളിക്കാനിറങ്ങിയാല്‍ ബ്ളാസ്റേഴ്സ് വിയര്‍ക്കും. ബ്രസീലിന്റെ ആന്ദ്രെ മോറിറ്റ്സും ഫ്രഞ്ച് താരം ഫ്രെഡറിക് പിക്കോനിയും സ്പെയിനിന്റെ ജുവാന്‍ അഗ്ളൂറിയയും ഹെയ്തിയുടെ സോണി നോര്‍ഡെയും ഫോമില്‍ തന്നെയാണ്. ഇവരെ എത്ര ഫലപ്രദമായി പ്രതിരോധിക്കാന്‍ ബ്ളാസ്റ്റേഴ്സിന് കഴിയുമെന്നതാണ് ചോദ്യം. കാരണം ആദ്യ മത്സരത്തില്‍ ബ്ളാസ്റേഴ്സ് മധ്യനിര തീരെ നിറംമങ്ങിയിരുന്നു. മിസ് പാസുകളും ധാരാളം. പന്തടക്കം തീരെ കുറവ്. എന്നാല്‍ പന്തടക്കത്തിലും പാസുകളിലും തികഞ്ഞ പ്രഫഷണലിസമാണ് മുംബൈ പുറത്തെടുത്തത്.

തങ്ങളുടെ പരിമിതികള്‍ വ്യക്തമായറിയുന്ന ബ്ളാസ്റേഴ്സ് കരുതലോടെയാണ് നോര്‍ത്ത് ഈസ്റ്റിനെ ഒന്നാം പകുതിയില്‍ എതിരിട്ടത്. രണ്ടു ഗോളുകള്‍ ത്രോയില്‍ നിന്നും മറ്റൊന്ന് ഗോളിയുടെ കിക്കില്‍ നിന്നുമാണ് ഉടലെടുത്തത്. ലഭിച്ച അവസരങ്ങള്‍ ബ്ളാസ്റ്റേഴ്സ് നന്നായി ഉപയോഗിച്ചു. ഇടതു പ്രതിരോധത്തില്‍ പിഴവുപറ്റിയെന്ന് മുംബൈയുടെ അസിസ്റന്റ് കോച്ച് ഓസ്കാര്‍ ബ്രൂസോണ്‍ വ്യക്തമാക്കിയിരുന്നു.

യഥാര്‍ഥത്തില്‍ പ്രതിരോധത്തിന്റെ കാര്യം മുംബൈ കാര്യമായി കണക്കിലെടുത്തിട്ടില്ലെന്നാണ് കളിക്കാരുടെ പട്ടിക കാണുമ്പോള്‍ വ്യക്തമാകുന്നത്. ഗോള്‍ കീപ്പറായി ഒരു വിദേശിയെ കണ്െടത്തിയില്ല. സുബ്രത പോളിന് മികച്ച പകരക്കാരുമില്ല. പ്രതിരോധ നിരയിലും കഥ വ്യത്യസ്തമല്ല. ആദ്യ മത്സരത്തിലെ നിരയില്‍ നിന്നു പകരക്കാരായി ആരെയിറക്കണമെന്നതായിരിക്കും അനെല്‍ക്കയുടെയും ബ്രൂസോണിന്റെയും തലവേദന. പ്രത്യാക്രമണത്തില്‍ മിടുക്കുകാണിക്കുന്ന ബ്ളാസ്റേഴ്സ് മുംബൈ പ്രതിരോധം തകര്‍ത്താല്‍ അദ്ഭുതമില്ല. അതുകൊണ്ടുതന്നെ ആദ്യം തന്നെ ഗോള്‍ നേടി മത്സരത്തില്‍ ആധിപത്യമുറപ്പിക്കാനായിരിക്കും മുംബൈ ശ്രമിക്കുന്നത്.


ഇനിയും മെച്ചപ്പെടണം: പീറ്റര്‍ ടെയ്ലര്‍

കൊച്ചി: ആദ്യ മത്സരത്തില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചുവെന്നത് വലിയ കാര്യമല്ലെന്നു കേരള ബ്ളാസ്റ്റേഴ്സിന്റെ പരിശീലകന്‍ പീറ്റര്‍ ടെയ്ലര്‍. കളി ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. ത്രോ, ലോംഗ്പാസ് തുടങ്ങിയവയില്‍ ആദ്യ മത്സരത്തിനു മുമ്പ് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. കളിയില്‍ അതു ഗുണം ചെയ്തു. രാഹുല്‍ ശങ്കര്‍ ത്രോ എടുക്കുന്നതില്‍ സമര്‍ഥനാണ്. ഗോളില്‍ കലാശിച്ച രണ്ടു ത്രോയുടെയും സ്ഥാനം കളത്തിന്റെ കോര്‍ണറിലായിരുന്നു എന്നതും പ്രധാനമാണ്.

മുംബൈ ശക്തമായ ടീമാണ്. അനെല്‍ക്കയെ പോലുള്ള പ്ളേമേക്കര്‍ അവര്‍ക്കുണ്ട്. നിര്‍ഭാഗ്യവശാലാണ് അവര്‍ പൂനയോട് പരാജയപ്പെട്ടത്. ചില സമയങ്ങളില്‍ കളിക്കാര്‍ക്കും ടീമിനും പിഴവുകള്‍ പറ്റാറുണ്ട്. അതു കരുതി അവര്‍ മോശം ടീമാണെന്നു വിലയിരുത്തരുത്.നോര്‍ത്ത് ഈസ്റ്റിനെതിരേയുള്ള മത്സരത്തില്‍ മധ്യനിരയിലും പ്രതിരോധത്തിലും ബ്ളാസ്റ്റേഴ്സിന് പിഴവുകള്‍ പറ്റി. പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തും. വന്‍ ജനക്കൂട്ടം ആരാധകരായുള്ളത് വലിയ കാര്യം തന്നെയാണ്. കളിക്കാര്‍ക്ക് അതു വലിയ പ്രോത്സാഹനമായി. നല്ല തുടക്കം കിട്ടാന്‍ ഇതു സഹായിച്ചു. സാഞ്ചസ് വാട്ടിനെ ആദ്യ ഇലവനില്‍ ഇറക്കണമോ എന്ന കാര്യം മുംബൈയുടെ അവസാന ഇലവനെയും ആശ്രയിച്ചാണിച്ചിരിക്കുന്നത്. മാര്‍ക്കി താരം കാര്‍ലോസ് മര്‍ച്ചേനയുടെ പരിക്ക് ഭേദമായിട്ടുണ്ട്. അദ്ദേഹം പരിശീലനം നടത്തിവരുന്നു. - പീറ്റര്‍ ടെയ്ലര്‍ പറഞ്ഞു.

ബ്ളാസ്റേഴ്സ് ശക്തര്‍: ബ്രൂസോണ്‍

കൊച്ചി: പതിനായിരക്കണക്കിന് ആരാധകരുടെ പിന്തുണയോടെ കേരള ബ്ളാസ്റ്റേഴ്സ് കളിക്കുമ്പോള്‍ മത്സരം കടുത്തതായിരിക്കുമെന്ന് മുംബൈ സിറ്റി എഫ്സി സഹപരിശീലകന്‍ ഓസ്കര്‍ ബ്രൂസോണ്‍. ആദ്യ സീസണിനെ അപേക്ഷിച്ച് കേരള ടീം ആക്രമണത്തില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്െടന്നാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള മത്സരം വ്യക്തമാക്കുന്നത്. പ്രത്യാക്രമണം നടത്താനുള്ള അവരുടെ കഴിവും പ്രത്യേകം ശ്രദ്ധിക്കണം. മധ്യനിരയില്‍ അവര്‍ക്കെതിരേ ആധിപത്യം നേടുകയെന്നത് പ്രധാനമാണ്. മുംബൈയും ഏറെ മാറുകയും മെച്ചപ്പെടുകയും ചെയ്തു.

ആദ്യ മത്സരത്തില്‍ ഗോളുകള്‍ അധികം നേടാനായില്ല എന്നതല്ല തങ്ങളുടെ വിഷമം; പ്രതിരോധത്തില്‍ വലിയ വിള്ളലുണ്ടായി എന്നതാണ്. ഏതെങ്കിലും കളിക്കാരനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നില്ല. ഇടതു വിംഗില്‍ പോരായ്മയുണ്ടായി. അതു പരിഹരിക്കും. കേരള ബ്ളാസ്റേഴ്സുമായുള്ള മത്സരം വിജയിച്ച് മൂന്നു പോയിന്റ് സ്വന്തമാക്കുകയാണ് ലക്ഷ്യം. ഫെഡറേഷന്‍ കപ്പ് കൊച്ചിയില്‍ നടക്കുമ്പോള്‍ കഷ്ടിച്ച് ആയിരം കാണികളാണുണ്ടായിരുന്നതെന്ന് ബ്രൂസോണ്‍ അനുസ്മരിച്ചു. ഐഎസ്എലില്‍ ഇത്രയധികം കാണികള്‍ വന്നു എന്നത് അദ്ഭുതകരമാണ്. കേരളത്തില്‍ ഫുട്ബോളിന് തീര്‍ച്ചയായും നല്ല ഭാവിയുണ്െടന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.