മലയാളികളുടെ മാറക്കാനയില്‍ കാണികള്‍ 60,017
Wednesday, October 7, 2015 12:23 AM IST
സി.കെ. രാജേഷ്കുമാര്‍

കൊച്ചി: മഴ മാറിയ കൊച്ചിയുടെ സന്ധ്യക്കു മഞ്ഞനിറം പകര്‍ന്ന് കേരള ബ്ളാസ്റേഴ്സ് ആരാധകരുടെ നിറവ്. അറുപതിനായിരത്തിലേറെ ആരാധകരുടെ പ്രവാഹം അക്ഷരാര്‍ഥത്തില്‍ കലൂര്‍ രാജ്യാന്തര സ്റേഡിയത്തെ മഞ്ഞക്കടലാക്കി. കൃത്യമായി പറഞ്ഞാല്‍ 60,017 കാണികള്‍.

റിയോ ഡി ഷാനെറോയിലെ മാറക്കാനയെ അനുസ്മരിപ്പിക്കുംവിധം ഗാലറി മഞ്ഞയില്‍ കുളിച്ചു. ഇതു മലയാളികളുടെ പ്രിയപ്പെട്ട മാറക്കാന; കേരള ബ്ളാസ്റേഴ്സിന്റെ മാറക്കാന.

മഞ്ഞയും നീലയും കലര്‍ന്ന കുപ്പായത്തിനു കീഴില്‍ ആവേശമൊളിപ്പിച്ചു നെഹ്റു സ്റേഡിയത്തിലേക്ക് ഉച്ചകഴിഞ്ഞു മൂന്നോടെ ആരാധകര്‍ പ്രവഹിച്ചുതുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആരാധകരുണ്ടായിരുന്നുവെങ്കിലും മലബാറില്‍നിന്നായിരുന്നു കൂടുതല്‍ ആരാധകര്‍. പതിവുപോലെ ടീം ഉടമ സച്ചിന്റെ വരവു കാത്ത് പ്രധാന ഗേറ്റിനരികില്‍ ആയിരങ്ങള്‍ തടിച്ചുകൂടി. സച്ചിന്‍ വന്നതിനുശേഷം മാത്രമാണ് അവരില്‍ ഭൂരിഭാഗവും മൈതാനത്തിലേക്കു പ്രവേശിച്ചത്. ആറരയോടെ സച്ചിനെത്തി; പിന്നാലെ കാണികള്‍ ഗാലറിയിലേക്ക്. വളരെ വേഗം ഗാലറിയില്‍ കാണികള്‍ നിറഞ്ഞു. ആട്ടവും പാട്ടും മേളവുമായി അക്ഷരാര്‍ഥത്തില്‍ ഗാലറി ആരാധകര്‍ പൂരപ്പറമ്പാക്കുകയായിരുന്നു.

ആദ്യപകുതിയുടെ ഇടവേളയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മൈതാനത്ത് ഇറങ്ങിയത് ആരാധര്‍ക്ക് ആവേശമായി. ഈ ഗ്രൌണ്ടിനെ വല്ലാതെ സ്നേഹിക്കുന്നുവെന്നു പറഞ്ഞ സച്ചിന്‍ ആരാധകര്‍ നല്‍കുന്ന വലിയ പിന്തുണയ്ക്ക് നന്ദിയും പറഞ്ഞു. ഗാലറിയിലെ ആരാധകരെ പിന്നിലാക്കി സച്ചിന്‍ സെല്‍ഫിയുമെടുത്തത് അവര്‍ക്കു ഹരം പകര്‍ന്നു. സച്ചിനെ മലയാളി ഓരോ നിമിഷവും വിസ്മയിപ്പിക്കുന്നു. മലയാളികളെ സച്ചിനും. ഉച്ചകഴിഞ്ഞ് നാലരയോടെ നെടുമ്പാശേരിയിലെത്തിയ സച്ചിന്‍ ഹോട്ടലിലെത്തി താരങ്ങളുമായി സംസാരിച്ച ശേഷമാണ് മത്സരം കാണാനെത്തിയത്.


രണ്ടാം പകുതിയില്‍ കുടത്തിലൊളിച്ചിരുന്ന ഭൂതം പുറത്തേക്ക്, ഗോളിന്റെ രൂപത്തില്‍. സ്പാനിഷ് താരം ഹൊസു പ്രീറ്റോ കുഹിയാസ് എന്ന ഇരുപത്തിരണ്ടുകാരന്റെ ഇടംകാലിലെ വിസ്മയ ഷോട്ട് രഹനേഷിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി വലയുടെ ഇടതുമൂലയില്‍ തുളച്ചു.

മഞ്ഞക്കടലില്‍ തിരമാലകള്‍ ഇരമ്പിയാര്‍ത്തു. പിന്നാലെ തുടരെത്തുടരെ രണ്ടു ഷോട്ടുകള്‍ ബ്ളാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിലേക്കായിരുന്നു. അതിലൊരെണ്ണം മലയാളികളുടെ പ്രിയതാരം മുഹമ്മദ് റാഫിയുടേതായപ്പോള്‍ ആവേശം ഇരട്ടിച്ചു.

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബായ ആഴ്സണലിന്റെ കളിക്കളരിയില്‍ പഠിച്ചുവളര്‍ന്ന സാഞ്ചസ് വാട്ടിന്റെ മിന്നും ഗോള്‍കൂടിയായതോടെ ആരാധകര്‍ക്കു നിയന്ത്രണംവിട്ടു. കര്‍ട്ടനുപിന്നില്‍ കെട്ടിയാടിയ വേഷങ്ങള്‍ അത്രയും കണ്‍മുന്നില്‍ അദ്ഭുതപ്രകടനവുമായെത്തിയ പ്രതീതിയായിരുന്നു ആരാധകര്‍ക്ക്.

ആരാധകരുടെ പ്രതീക്ഷയ്ക്കപ്പുറത്തെ ഒരു പ്രകടനവുമായി ബ്ളാസ്റേഴ്സ് കളംനിറഞ്ഞപ്പോള്‍ ഈ ടീം ഇത്തവണയും തങ്ങള്‍ക്കു ലഹരിയാകുമെന്ന വിശ്വാസമായിരുന്നു ഓരോരുത്തര്‍ക്കും. ഈ ടീമില്‍ പ്രതീക്ഷയര്‍പ്പിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.