കൊമ്പന്മാരുടെ ചിന്നംവിളി
കൊമ്പന്മാരുടെ ചിന്നംവിളി
Wednesday, October 7, 2015 12:22 AM IST
ബിജോ സില്‍വറി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ളാസ്റ്റേഴ്സിന് മിന്നും തുടക്കം. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ബ്ളാസ്റ്റേഴ്സ് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷമായിരുന്നു നാലു ഗോളുകളും പിറന്നത്. മലയാളി താരം മുഹമ്മദ് റാഫി, സ്പെയിന്‍ താരം ഹോസുവേ കുറായിസ്, ഇംഗ്ളണ്ടില്‍ നിന്നുള്ള സാഞ്ചസ് വാട്ട് എന്നിവരാണ് ബ്ളാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. ഇറ്റാലിയന്‍ സ്ട്രൈക്കര്‍ നിക്കൊളാസ് ലെനാര്‍ഡോ വെലസ് വടക്കുകിഴക്കുകാരുടെ ആശ്വാസ ഗോള്‍ കണ്െടത്തി. ശനിയാഴ്ച കൊച്ചിയില്‍ മുംബൈ സിറ്റി എഫ്സിയുമായാണ് ബ്ളാസ്റേഴ്സിന്റെ അടുത്ത മത്സരം.

നിറഞ്ഞ ഗാലറികളുടെ അകമ്പടിയോടെ രണ്ടാം പകുതിയില്‍ അലറിക്കുതിച്ചെത്തിയ കൊമ്പന്‍മാര്‍ നോര്‍ത്ത് ഈസ്റ്റിന്റെ പ്രതീക്ഷകള്‍ തകിടം മറിച്ചു. കടലാസിലെ പുലികളായിരുന്ന നോര്‍ത്ത് ഈസ്റ്റ് ബ്ളാസ്റ്റേഴ്സിന്റെ ഇരമ്പിക്കയറലില്‍ പകച്ചു പോയി. അവരുടെ ജോര്‍ഗെ, കമാറ തുടങ്ങിയ വിദേശ താരങ്ങള്‍ നിറം മങ്ങിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളും നിരാശപ്പെടുത്തി.

ഗോള്‍ പോസ്റ്റിനു കീഴില്‍ മലയാളി താരം ടി.പി. രഹനേഷ് നടത്തിയ മികച്ച സേവുകളാണ് വമ്പന്‍ തോല്‍വിയില്‍ നിന്നും അവരെ രക്ഷിച്ചത്. പതിഞ്ഞ താളത്തിലായിരുന്നു കളിയുടെ തുടക്കം. പതിനൊന്നാം മിനിറ്റില്‍ ബ്ളാസ്റേഴ്സിന്റെ മലയാളിതാരം സി.കെ. വിനീത് ബോക്സിനുളളിലേക്ക് തള്ളിക്കൊടുത്ത പന്ത് രാഹുല്‍ ശങ്കര്‍ പുറത്തേക്കടിച്ചു കളഞ്ഞു. മധ്യനിരയില്‍ നോര്‍ത്ത് ഈസ്റ്റിന്റെ കമാറയും ജോര്‍ഗെ മാന്വവലും ചേര്‍ന്ന് ചില നല്ല നീക്കങ്ങള്‍ നടത്തിയെങ്കിലും ബ്ളാസ്റ്റേഴ്സ് പ്രതിരോധം പിടിച്ചുനിന്നു.

നോര്‍ത്തിന്റെ സിയാം ഹംഗലിനും ബ്ളാസ്റ്റേഴ്സിന്റെ പീറ്റര്‍ കാര്‍വാലോക്കും മഞ്ഞക്കാര്‍ഡ്. മിസ് പാസുകളും പിഴവുകളും വരുത്തുന്നതില്‍ രണ്ടു ടീമും മത്സരിക്കുകയാണോ എന്നു തോന്നിപ്പിച്ചു.

രണ്ടാം പകുതിയില്‍ ക്രിസ് ഡങ്കലിനു പകരം ഇംഗ്ളണ്ട് താരം സാഞ്ചസ് വാട്ട് ഇറങ്ങിയതോടെ ബ്ളാസ്റ്റേഴ്സ് ആക്രമണങ്ങള്‍ക്കു മൂര്‍ച്ചയായി. നോര്‍ത്ത് ഈസ്റ്റിന്റെ ജോര്‍ഗെ മാന്വലും കാമറയും ചേര്‍ന്ന് ചില നീക്കങ്ങള്‍ നടത്തി. കമാറയുടെ ഒരു ലോംഗ് റേഞ്ചര്‍ പോസ്റിനു വാരകള്‍ക്കു പുറത്തേക്കു പോയി. കാണികള്‍ കാത്തിരുന്ന നിമിഷമായിരുന്നു പിന്നീട്. 49-ാം മിനിറ്റില്‍ വലതുവിംഗില്‍ ലഭിച്ച ത്രോയെടുത്തത് രാഹുല്‍ ശങ്കര്‍. നോര്‍ത്ത് ഈസ്റ്റിന്റെ പോസ്റ്റിനുളളിലേക്ക് എത്തിയ ത്രോ വിനീത് അടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബോക്സിനു വെളിയില്‍ നില്‍ക്കുകയായിരുന്ന ഹോസുവേ കുറായിസ് ഓടിയെത്തി പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ രഹനേഷ് നിസാഹായനായി (1-0). സ്റ്റേഡിയം നിറഞ്ഞ കാണികള്‍ പൊട്ടിത്തെറിച്ചു.


ഗോള്‍ മടക്കാന്‍ നോര്‍ത്തിന്റെ ചില വിഫല ശ്രമങ്ങള്‍. ബ്ളാസ്റേഴ്സിന്റെ ബോക്സിനു തൊട്ടു പുറത്തു നിന്ന് ലഭിച്ച ഫ്രീകിക്ക് ഹെംബര്‍ഗ് അടിച്ചത് കോര്‍ണര്‍ വഴങ്ങി ബൈവാട്ടര്‍ രക്ഷപ്പെടുത്തി. ഇതിനിടെ വിനീതിനെ ഫൌള്‍ ചെയ്തതിന് സഞ്ജു പ്രഥാന് മഞ്ഞക്കാര്‍ഡ്. 68-ാം മിനിറ്റില്‍ ബ്ളാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍. മുഹമ്മദ് റാഫിയുടെ വക. ഇത്തവണയും രാഹുല്‍ ശങ്കറിന്റെ ത്രോയാണ് ഗോളില്‍ കലാശിച്ചത്. പോസ്ററിനുളളിലേക്ക് എത്തിയ പന്തില്‍ പീറ്റര്‍ കാര്‍വാലോയുടെ ഹെഡര്‍. ഉയര്‍ന്ന പന്തില്‍ റാഫി ചാടി തലവച്ചു. രഹനേഷിനെ കബളിപ്പിച്ച് പന്ത് ഗോള്‍ വലയിലേക്ക്.

71-ാം മിനിറ്റില്‍ ബ്ളാസ്റ്റേഴ്സിന്റെ മൂന്നാം ഗോള്‍. ബൈവാട്ടറുടെ ഗോള്‍ കിക്കില്‍ നിന്നും പന്ത് പിടിച്ചെടുത്ത റാഫി സാഞ്ചസിനു മറിച്ചു നല്‍കി. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധ നിരയുടെ ശ്രദ്ധയില്‍ പെടാതെ നിന്നിരുന്ന സാഞ്ചസ് ഗോളിലേക്ക് ഷോട്ടുതിര്‍ത്തപ്പോള്‍ രഹനേഷിന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയില്‍. മൂന്നു ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു നോര്‍ത്ത് ഈസ്റ്റ് അല്‍പമെങ്കിലും ഉണര്‍ന്നു കളിച്ചത്. ഒരു ഗോളെങ്കിലും മടക്കാനുളള തീവ്രശ്രമം. 82-ാം മിനിററില്‍ ഇറ്റാലിയന്‍ താരം നിക്കൊളാസ് വെലസായിരുന്നു ഗോളിനുടമ. ഫ്രാന്‍സീസ് ഡയസിന്റെ പാസില്‍ വെലസ് തൊടുത്ത വെടിയുണ്ട ബ്ളാസ്റേഴ്സ് പോസ്റില്‍ പതിക്കുമ്പോള്‍ ബൈവാട്ടര്‍ കാഴ്ചക്കാരനായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.