സൂപ്പര്‍ പൂന
സൂപ്പര്‍ പൂന
Tuesday, October 6, 2015 12:16 AM IST
പൂന: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മഹാരാഷ്ട്ര ഡെര്‍ബിയില്‍ പൂന സിറ്റിക്കു ജയം. ഹോംഗ്രൌണ്ടില്‍ മുംബൈ സിറ്റി എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തകര്‍ത്തത്. പൂനയ്ക്കുവേണ്ടി മുന്‍ ടര്‍ക്കി മുന്നേറ്റക്കാരന്‍ ടുനാകെ സാന്‍ലി ഇരട്ടഗോള്‍ നേടി. (12, 56) സൂപ്പര്‍ ലീഗിലെ തന്നെ മികച്ച ഗോളുമായി ഇസ്രാലി ഗുരുംഗും (68) പട്ടിക പൂര്‍ത്തിയാക്കി. മുംബൈയുടെ ആശ്വാസഗോള്‍ ഫ്രെഡറിക് പിക്വൂനെ (34) യില്‍നിന്നുമായിരുന്നു. കഴിഞ്ഞ സീസണിലും മുബൈ എവേ മത്സരങ്ങളില്‍ ജയിച്ചിരുന്നില്ല.

മുംബൈയുടെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. തുടക്കത്തില്‍ മുംബൈ നന്നായി കളിച്ചെങ്കിലും പൂനയാണ് ആദ്യം ഗോളടിച്ചത്. ഗുരുംഗിന്റെ ക്രോസില്‍ സാന്‍ലി പൂനയുടെ സ്കോറിംഗിനു തുടക്കമിട്ടു. ആദ്യ പകുതി തീരും മുമ്പ് മുംബൈ ഗോള്‍ മടക്കി. പിക്വൂനെ ക്ളോസ് റേഞ്ചില്‍ നിന്നും ഹെഡറിലൂടെ മുംബൈ ഒപ്പമെത്തിച്ചു. തൊട്ടടുത്ത മിനിറ്റിലും പിക്വൂനെയ്ക്കു ഒരവസരം ലഭിച്ചത് പോസ്റിനു മുകളിലൂടെ പറന്നു. ഇതിനുശേഷവും മുംബൈയ്ക്കു നിരവധി സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളൊന്നുമുണ്ടായില്ല.


നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിന്റെ ഫലം രണ്ടാം പകുതിയില്‍ മുംബൈ അറിഞ്ഞു. സാന്‍ലി രണ്ടാം ഗോള്‍ നേടി. ഇത് പൂനയുടെ ആദ്യ ഗോളിന്റെ ആവര്‍ത്തനം തന്നെയായിരുന്നു. തൊട്ടുപിന്നാലെ സാന്‍ലിയെ പിന്‍വലിച്ചു പൂന മാര്‍ക്കീ താരം അഡ്രിയന്‍ മുട്ടുവിറങ്ങി. മുട്ടുവിന്റെ മികവ് കളത്തില്‍ ദൃശ്യമായി. 68ാം മിനിറ്റില്‍ മുട്ടുവിന്റെ ക്രോസില്‍ ഗുരുംഗ് സുന്ദരമായ ഒരു മഴവില്‍ കിക്കില്‍ മുംബൈയുടെ വല കുലുക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.