കളത്തിലും പുറത്തും നാണക്കേട് !
കളത്തിലും പുറത്തും നാണക്കേട് !
Tuesday, October 6, 2015 12:01 AM IST
കട്ടക്ക്: തോല്‍പ്പിച്ചോളു, പക്ഷേ ഇങ്ങനെ നാണംകെടുത്തരുത്! ടീം ഇന്ത്യ, ആരാധകരെ നിരാശപ്പെടുത്തിയപ്പോള്‍ കുപ്പികളെറിഞ്ഞും കളി തടസപ്പെടുത്തിയും കാണികള്‍ രാജ്യത്തിന്റെ മാനവും കളഞ്ഞു. കാണികള്‍ തടസപ്പെടുത്തിയ മത്സരത്തില്‍ ധോണിപ്പടയെ ആറുവിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക കീഴടക്കിയത്. ഇതോടെ മൂന്നു ട്വന്റി-20 മത്സരങ്ങളുടെ പരമ്പര 2-0ത്തിനു ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. എട്ടിനു കോല്‍ക്കത്തയില്‍ നടക്കുന്ന അവസാനമത്സരം അപ്രസക്തമാകുകയും ചെയ്തു. സ്കോര്‍: ഇന്ത്യ 17.2 ഓവറില്‍ 92ന് എല്ലാവരും പുറത്ത്, ദക്ഷിണാഫ്രിക്ക 17.1 ഓവറില്‍ നാലിന് 96.

ദക്ഷിണാഫ്രിക്ക മൂന്നിന് 64 റണ്‍സ് എന്നനിലയില്‍ ജയത്തിലേക്കു കുതിക്കുമ്പോഴായിരുന്നു കാണികള്‍ ഗ്രൌണ്ടിലേക്കു പ്ളാസ്റിക് കുപ്പികള്‍ വലിച്ചെറിയാന്‍ തുടങ്ങിയത്. ബൌണ്ടറിലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ചില ഇന്ത്യന്‍ താരങ്ങളുടെ ദേഹത്തു കുപ്പികള്‍ വീണതോടെ ഇവര്‍ അമ്പയറോടു പരാതി പറഞ്ഞു. തൊട്ടുപിന്നാലെ കളി നിര്‍ത്തിവച്ചു. താരങ്ങള്‍ പവലിയനിലേക്കു മടങ്ങാതെ പിച്ചിനടുത്തു തന്നെ നിന്നു. 20 മിനിറ്റിനുശേഷം കളി വീണ്ടും തുടര്‍ന്നെങ്കിലും രണ്േടാവറുകള്‍ക്കുശേഷം കുപ്പികള്‍ക്കൊപ്പം കാണികള്‍ കല്ലും എറിഞ്ഞതോടെ വീണ്ടും കളി തടസപ്പെട്ടു. പീന്നിട് കാണികളെ ശാന്തരാക്കിയശേഷമാണ് കളി പൂര്‍ത്തിയാക്കിയത്.

ടോസ് നഷ്ടപ്പെട്ടതാണ് തോല്‍വിക്കു കാരണമെന്നു ധോണിക്കു വേണമെങ്കില്‍ ആശ്വസിക്കാം. ദക്ഷിണാഫ്രിക്കയുടെ ടീം സ്പിരിറ്റും കളിയോടുള്ള സമീപനവുമാണ് ഇന്ത്യന്‍ പതനത്തിന്റെ ആഴം കൂട്ടിയത്. നാട്ടിലെ പുലികള്‍ വിരണ്ട അതേ പിച്ചിലാണ് ഡിവില്യേഴ്സും കൂട്ടരും ബാറ്റുവീശിയത്. അതും അനായാസമായി. ഈ തോല്‍വിയോടെ ധോണിയുടെ ക്യാപ്റ്റന്‍സിതന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.


നേരത്തേ പകല്‍ പെയ്ത മഴയുടെ ആനുകൂല്യം മുതലെടുക്കാന്‍ ബൌളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്കു പിഴച്ചില്ല. വിക്കറ്റുകള്‍ ദാനം ചെയ്ത ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ആതിഥേയരെ സഹായിച്ചെന്നു പറയുന്നതാകും കൂടുതല്‍ ഉചിതം. കഴിഞ്ഞ കളിയില്‍ തകര്‍ത്തടിച്ച രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഇല്ലാത്ത റണ്ണിനോടിയാണ് പവലിയനില്‍ തിരിച്ചെത്തിയത്. നാലാമത്തെ ഓവറിലായിരുന്നു കോഹ്ലിയുടെ ജീവത്യാഗം. ബൌണ്ടറിലൈനില്‍ നിന്നു ള്ള ക്രിസ് മോറിസിന്റെ ത്രോയില്‍ ഡിവില്യേഴ്സ് ബെയില്‍സ് ഇളക്കുമ്പോള്‍ രണ്ടാം റണ്ണിനുള്ള ഓട്ടം ക്രീസിലെത്തിയിരുന്നില്ല. നേരിട്ട ആദ്യ പന്തിലായിരുന്നു ഉപനായകന്റെ മടക്കം. തൊട്ടുപിന്നാലെ ഡേവിഡ് മില്ലറിന്റെ തകര്‍പ്പന്‍ ത്രോയില്‍ രോഹിതും പുറത്ത്. 24 പന്തില്‍ 22 റണ്‍സായിരുന്നു സമ്പാദ്യം. അമ്പാട്ടി റായുഡു സംപൂജ്യനായതോടെ ഇന്ത്യ നാലിന് 48 റണ്‍സെന്ന നിലയിലായി. സുരേഷ് റെയ്ന- ധോണി കൂട്ടുകെട്ടിലായി പിന്നീടുള്ള പ്രതീക്ഷ. എന്നാല്‍ വിക്കറ്റിനു പിന്നില്‍ ഡിവില്യേഴ്സിന്റെ തകര്‍പ്പന്‍ ക്യാച്ച് ധോണിയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. എട്ടു പന്തില്‍ അഞ്ചു റണ്‍സ് മാത്രമാണ് മിസ്റര്‍ കൂള്‍ നേടിയത്. 13-ാം ഓവറില്‍ ഇമ്രാന്‍ താഹിര്‍ ഇന്ത്യയുടെ നടുവും ഒടിച്ചു. റെയ്നയും (22) ഹര്‍ഭജനും അടുത്തടുത്ത പന്തുകളില്‍ പുറത്ത്. ഇന്ത്യ ഏഴിന് 77. പിന്നെയെല്ലാം ചടങ്ങുതീര്‍ക്കലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.