ബ്ളാസ്റേഴ്സ് തട്ടകത്തേക്ക്
ബ്ളാസ്റേഴ്സ് തട്ടകത്തേക്ക്
Friday, September 4, 2015 10:56 PM IST
ബിജോ സില്‍വറി

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ(ഐഎസ്എല്‍) രണ്ടാം പതിപ്പിന് അരങ്ങൊരുങ്ങാന്‍ ഇനി ഒരു മാസം. ഒക്ടോബര്‍ മൂന്നിനു പുതിയ പതിപ്പിനു കിക്കോഫാകുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ളാസ്റ്റേഴ്സ് പുതിയ അങ്കത്തിനു റെഡി. ആദ്യഘട്ട പരിശീലനത്തിനായി ടീം അംഗങ്ങള്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങി. അസിസ്റന്റ് പരിശീലകന്‍ ഉള്‍പ്പെടെ മൂന്നു പേരാണ് തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. വിദേശ താരങ്ങള്‍ അടുത്ത ദിവസം എത്തിച്ചേരും. മുന്‍നിര മലയാളി താരം മുഹമ്മദ് റാഫി അടക്കം 11 പേര്‍ ഇന്നെത്തുമെന്നാണ് സൂചന. തിരുവനന്തപുരത്തെ പുതിയ സ്റേഡിയമാണ് രണ്ടാം പതിപ്പിന്റെ പരിശീലന വേദിയായി ടീം തെരഞ്ഞെടുത്തിട്ടുള്ളത്. 10 മുതല്‍ ടീം പൂര്‍ണമായി പരിശീലനം തുടങ്ങും.

കഴിഞ്ഞ സീസണില്‍ തൃശൂരായിരുന്നു പരിശീലനം. തിരുവനന്തപുരത്തെ ഒരാഴ്ചത്തെ പരിശീലനത്തിനു ശേഷം ടീം കൊച്ചി, മലപ്പുറം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രാദേശിക ക്ളബ്ബുകളുമായി പരിശീലന മത്സരങ്ങള്‍ കളിക്കുമെന്ന് ടീം വൃത്തങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് ടീം ഗോവയിലേക്കു തിരിക്കും. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ടീമുകളുമായി ഇവിടെ പരിശീലന മത്സരങ്ങള്‍ നടത്തും. കൊച്ചിയിലാണ് ടീമിന്റെ ഹോം മത്സരങ്ങള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ ആറിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ളാസ്റേഴ്സിന്റെ ആദ്യ മത്സരം.

തോല്‍വികളില്‍ കുരുങ്ങി, സമനിലയില്‍ എതിരാളികളെ കുടുക്കി, നിര്‍ണായക ഘട്ടങ്ങളില്‍ വിജയം പിടിച്ചു വാങ്ങിയാണ് ബ്ളാസ്റേഴ്സ് 2014ല്‍ കലാശക്കളിയിലേക്കു മുന്നേറിയത്. കടലാസില്‍ കേരളത്തേക്കാള്‍ മുമ്പന്മാരായിരുന്ന ഡല്‍ഹിയേയും മുംബൈയേയും ഗോവയേയും ചെന്നൈയേയും പിന്നിലാക്കിയ തന്ത്രങ്ങള്‍ ഇക്കുറിയും മെനയേണ്ടി വരുമെന്നാണ് മറ്റു ടീമുകളിലെ താരങ്ങളെ വിലയിരുത്തുമ്പോള്‍ മനസിലാക്കേണ്ടത്.


ആവനാഴി നിറയെ പ്രതിരോധം

ടീം തെരഞ്ഞെടുപ്പ് ഏറ്റവും അവസാനം പൂര്‍ത്തിയാക്കിയ ടീമാണ് കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ ബ്ളാസ്റേഴ്സ്. ഒക്ടോബര്‍ ആദ്യവാരത്തില്‍ തുടക്കം കുറിക്കുന്ന ഐഎസ്എലിന് കുറഞ്ഞ സമയമേ പരിശീലനത്തിനായി ബ്ളാസ്റേഴ്സിന് ലഭിച്ചിട്ടുള്ളൂ. പക്ഷേ പീറ്റര്‍ ടെയ്ലറിന്റെ പരിശീലനത്തിന്‍ കീഴില്‍ ഇക്കുറിയും നേട്ടം കൊയ്യാമെന്ന പ്രതീക്ഷ കൈവിടുന്നുമില്ല. മികച്ച ടീമിനെ തന്നെയാണ് ഇത്തവണ ബ്ളാസ്റ്റേഴ്സ് രംഗത്തിറക്കുന്നതെന്ന് ടീമിന്റെ ജനറല്‍ മാനേജര്‍ വിരൈന്‍ ഡിസില്‍വ വ്യക്തമാക്കി.

ആദ്യ സീസണിലേതു പോലെ പ്രതിരോധത്തിന് ഊന്നല്‍ കൊടുക്കുന്ന ടീമിനെ തന്നെയാണ് ഇത്തവണയും ബ്ളാസ്റ്റേഴ്സ് അണിനിരത്തുന്നത്. ഗോള്‍ കീപ്പര്‍മാരെ പരിശീലിപ്പിക്കാന്‍ മുന്‍ ഓസ്ട്രേലിയന്‍ താരം നെയ്ല്‍ യംഗിനെ ടീമിന്റെ അണിയറയിലെത്തിച്ചത് ഉദാഹരണം. കഴിഞ്ഞ സീസണിലെ മാര്‍ക്കി താരവും ഇംഗ്ളണ്ട് ഗോള്‍ കീപ്പറുമായിരുന്ന ഡേവിഡ് ജയിംസിന്റെ നഷ്ടം യംഗിനെ ഉപയോഗിച്ച് നികത്തും. ഓസ്ട്രേലിയയിലെ വിവിധ ക്ളബ്ബുകള്‍ക്കു കളിച്ചിട്ടുള്ള യംഗിനെ ഗോള്‍പോസ്റ്റിലെ മികച്ച പോരാളിയായാണ് കണക്കാക്കുന്നത്. ഇംഗ്ളണ്ടില്‍നിന്നു പ്രതിരോധ താരം പീറ്റര്‍ റമേജിനെയും ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഗോളികളിലൊരാളായ ഷില്‍ട്ടണ്‍ പോളിനെയും അവസാനഘട്ടത്തില്‍ ടീമിലുള്‍പ്പെടുത്തി കോട്ടകാക്കുന്നതില്‍ തന്നെയാണ് കൂടുതല്‍ താത്പര്യമെന്ന് പീറ്റര്‍ ടെയ്ലറും ട്രെവര്‍ മോര്‍ഗനും വ്യക്തമാക്കിയിരിക്കുകയാണ്. 27 കാരനായ ഷില്‍ട്ടണ്‍ പോളിനു പുറമേ കഴിഞ്ഞ തവണ ഡേവിഡ് ജയിംസിന്റെ പകരക്കാരനായെത്തി ഉശിരന്‍ പ്രകടനം കാഴ്ചവച്ച സന്ദീപ് നന്ദി (40)യും ഇംഗ്ളണ്ടില്‍ നിന്നുള്ള സ്റീഫന്‍ ബൈവാട്ടറും (34)ഗോള്‍ വല കാക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.


പ്രതിരോധത്തില്‍ മാര്‍ക്കി താരം കൂടിയായ കാര്‍ലോസ് മര്‍ച്ചേനയുടെ സാന്നിധ്യം കരുത്തു കൂട്ടുന്നു. 36 കാരനായ മര്‍ച്ചേന സ്പെയിനിന്റെ ദേശീയ ടീം അംഗമായിരുന്നു. ആദ്യ സീസണിലെ ബ്രസീല്‍ താരം ഇര്‍വിന്‍ സ്പിറ്റ്സ്നറിനെ ടീം നിലനിര്‍ത്തിയിട്ടുണ്ട്. 22 കാരനായ സ്പിറ്റ്സ്നര്‍ ഇത്തവണ ആദ്യ ഇലവനില്‍ ഇടം തേടിയേക്കും. സ്പെയിനില്‍ നിന്നുള്ള ഹോസു പ്രീറ്റോ, ഇംഗ്ളണ്ടില്‍ നിന്നുള്ള മാര്‍ക്കസ് വില്യംസ് എന്നിവരാണ് പ്രതിരോധത്തിലെ മറ്റു വിദേശികള്‍. നാട്ടുകാരായ സന്ദേഷ് ജിംഗാന്‍, രമണ്‍ദീപ് സിംഗ്, ഗുര്‍വീന്ദര്‍ സിംഗ്, നിര്‍മല്‍ ഛേത്രി, സൌമിക് ദേ എന്നിവര്‍ കഴിഞ്ഞ സീസണില്‍ തന്നെ ടീമിന്റെ കരുത്തായിരുന്നു. 32 വയസിനു താഴെയാണ് ഇവരുടെയെല്ലാം പ്രായമെന്നതും ബ്ളാസ്റേഴ്സിന്റെ പ്ളസ് പോയിന്റാണ്.

മധ്യനിരയും കഴിഞ്ഞ സീസണേക്കാള്‍ മെച്ചപ്പെട്ടതാണ്. മൂന്നു വ്യത്യസ്ത വിദേശരാജ്യങ്ങളുടെ പ്രതിനിധികള്‍ ഇവരില്‍ ഉള്‍പ്പെടുന്നു. പോര്‍ച്ചുഗലില്‍നിന്നു ജൊവാവോ കൊയീമ്പ്രയും അന്റോണിയോ ജര്‍മനും. ഇരുവരും തങ്ങളുടെ ക്ളബ്ബുകളില്‍ ഉശിരന്‍ പ്രകടനം കാഴ്ചവച്ചവരാണ്. ബ്രസീലുകാരന്‍ ബ്രൂണോ പെറോണ്‍, കാര്‍ലോസ് മര്‍ച്ചേനയുടെ നാട്ടുകാരനായ പുള്‍ഗ ഹെറേറോ എന്നിവരാണ് മധ്യനിരയിലെ മറ്റു വിദേശികള്‍. മെഹ്താബ് ഹുസൈന്‍, ഇഷ്ഫാഖ് അഹമ്മദ് എന്നീ ഇന്ത്യന്‍ താരങ്ങള്‍ കഴിഞ്ഞ സീസണിലും ബ്ളാസ്റ്റേഴ്സ് നിരയിലുണ്ടായിരുന്നു. യുവതാരം ശങ്കര്‍ സമ്പിന്‍ഗിരാജും കാവിന്‍ ലോബോയും പീറ്റര്‍ കര്‍വാലോയുമാണ് ഇത്തവണ ടീമില്‍ പുതുതായി ഇടം നേടിയ നാട്ടുകാര്‍. എല്ലാവരും മുന്നേറ്റനിരയ്ക്ക് പന്തെത്തിക്കുന്നതിലും പ്രതിരോധം തീര്‍ക്കുന്നതിലും കഴിവു തെളിയിച്ചവരാണ്.

മെച്ചപ്പെട്ട മുന്നേറ്റ നിര

ഇംഗ്ളണ്ടില്‍ നിന്നുള്ള ക്രിസ് ഡാഗ്്നലിനാണ് ഗോളടിയുടെ ചുമതല. മലയാളികളായ സി.കെ. വിനീതിനും മുഹമ്മദ് റാഫിക്കും കഴിവു തെളിയിക്കാനുള്ള അവസരം കൂടിയായിരിക്കും ഈ സീസണ്‍. 35 കാരനായ മുഹമ്മദ് റാഫിക്ക് ഇനി അധികം അവസരങ്ങള്‍ കളത്തില്‍ ലഭിക്കാനിടയില്ല എന്ന കാര്യം കൂടി അദ്ദേഹം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇംഗ്ളണ്ടുകാരനായ സാഞ്ചെസ് വാട്ടും ഗോളടിക്കാന്‍ സമര്‍ഥനാണ്. ഇയാന്‍ ഹ്യൂമിനെ മാത്രം ആശ്രയിച്ചിരുന്ന കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് മുന്‍നിര കുറേക്കൂടി ശക്തമായിട്ടുണ്െടന്നാണ് സൂചനകള്‍. ഒക്ടോബര്‍ മൂന്നിന് ചെന്നൈയിലാണ് രണ്ടാം സീസണിന്റെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ കോല്‍ക്കത്തയെ ചെന്നൈ നേരിടും.ഡിസംബര്‍ ആറിന് ലീഗിലെ അവസാന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ ബ്ളാസ്റ്റേഴ്സാണ് എതിരിടുന്നത്. 20 നാണ് ഫൈനല്‍.

ടീം ഇതുവരെ

ഗോള്‍ കീപ്പര്‍മാര്‍: ഇംഗ്ളണ്ടില്‍നിന്നുള്ള സ്റീഫന്‍ ബൈവാട്ടര്‍ (34), ഇന്ത്യക്കാരായ സന്ദീപ് നന്ദി (40), ഷില്‍ട്ടണ്‍ പോള്‍ (27).

ഡിഫന്‍ഡര്‍മാര്‍: സ്പെയിനില്‍നിന്നുകാര്‍ലോസ് മര്‍ച്ചേന (36), ഹോസു (22), ബ്രസീലുകാരന്‍ ഇര്‍വിന്‍ സ്പിറ്റ്സ്നെര്‍(21), ഇംഗ്ളണ്ടില്‍നിന്നു പീറ്റര്‍ റമേജ് (31), മാര്‍ക്കസ് വില്യംസ് (29), ഇന്ത്യക്കാരായ ഗുര്‍വീന്ദര്‍ സിംഗ് (29), നിര്‍മല്‍ ഛേത്രി (24), രമണ്‍ദീപ് സിംഗ് (24), സന്ദേഷ് ജിംഗാന്‍ (22), സൌമിക് ദേ (31).

മിഡ്ഫീല്‍ഡര്‍മാര്‍: ബ്രസീലില്‍നിന്നു ബ്രൂണോ പെറോണ്‍ (28), സ്പെയിനില്‍നിന്നു പുള്‍ഗ ഹെറേറോ (29), പോര്‍ച്ചുഗലില്‍നിന്നുള്ള ജൊവാവോ കൊയീമ്പ്ര (29), അന്റോണിയോ ജര്‍മന്‍ (23), ഇന്ത്യക്കാരായ ഇഷ്ഫാഖ് അഹമ്മദ് (32), മെഹ്താബ് ഹുസൈന്‍ (29) കാവിന്‍ ലോബോ (27), പീറ്റര്‍ കര്‍വാലോ (34), ശങ്കര്‍ സമ്പിന്‍ഗിരാജ് (20).

സട്രൈക്കര്‍മാര്‍: ഇംഗ്ളണ്ടില്‍നിന്നു ക്രിസ് ഡാഗ്നല്‍ (29), സാഞ്ചെസ് വാട്ട് (24), ഇന്ത്യക്കാരായ സി.കെ. വിനീത് (27), മുഹമ്മദ് റാഫി (33).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.