കിളിക്കൂട് ഒഴിയുമ്പോള്‍
കിളിക്കൂട് ഒഴിയുമ്പോള്‍
Wednesday, September 2, 2015 10:12 PM IST
പതിനഞ്ചാമത് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനു ബെയ്ജിംഗില്‍ കൊടിയിറങ്ങി. കിളിക്കൂടില്‍ വലിയ അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ലോക റിക്കാര്‍ഡുകള്‍ ഒരെണ്ണം മാത്രമാണു പിറന്നത്. കിളിക്കൂട് സമ്മാനിച്ചത് എന്തൊക്കെ?


1. ബോള്‍ട്ട്-ഗാറ്റ്ലിന്‍ പോരാട്ടം ലോക അത്ലറ്റിക്സില്‍ പുരുഷന്മാരുടെ 100, 200 മീറ്റര്‍ ഓട്ടങ്ങളില്‍ ഇക്കുറി അദ്ഭുതം നടക്കുമോ എന്നായിരുന്നു മത്സരങ്ങളുടെ ആദ്യം മുതലുള്ള ചോദ്യം. ചാമ്പ്യന്‍ഷിപ്പിനു മുമ്പ് വരെയുള്ള മത്സരങ്ങളില്‍ സീസണിലെ ഏറ്റവും മികച്ച പ്രകടനവുമായി അമേരിക്കയുടെ ജസ്റിന്‍ ഗാറ്റ്ലിന്‍ നിറഞ്ഞു നിന്നു. 26 ഓട്ടങ്ങളില്‍ ഗാറ്റ്ലിന്‍ മുമ്പിലായിരുന്നു. ഗാറ്റ്ലിന്‍ 100, 200 മീറ്റര്‍ ഓട്ടത്തില്‍ തന്റെ സമയം തിരുത്തുകയും ചെയ്തിരുന്നു. 100, 200 മീറ്ററില്‍ ലോക റിക്കാര്‍ഡുകാരന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടാണെങ്കില്‍ പരിക്കു മൂലം സീസണില്‍ ആകെ രണ്ടു വേദികളില്‍ മാത്രമേ ഓടിയിട്ടുള്ളൂ. 200 മീറ്ററില്‍ ഒരു തവണയും.

ബോള്‍ട്ടിനെ വെല്ലാന്‍ മാത്രമുള്ള കരുത്തോ ഊര്‍ജമോ ഗാറ്റ്ലിന് ഇല്ലാതെ പോയി. നൂറിലും ഇരുന്നൂറിലും ബോള്‍ട്ട് സ്വര്‍ണം നേടി. ലോകറിക്കാര്‍ഡ് തിരുത്താനായില്ല എന്നതുമാത്രമാണ് ബോള്‍ട്ടിനു നിരാശ പകരുന്ന കാര്യം. ബെയ്ജിംഗിലെ കിളിക്കൂട്ടില്‍ ബോള്‍ട്ടിനെ ഗാറ്റ്ലിന്‍ വീഴ്ത്തുമെന്ന് പലരും വിധിയെഴുതിയെങ്കിലും അതുണ്ടായില്ല. ബോള്‍ട്ട് തന്നെ ചാമ്പ്യനായി. ഗാറ്റ്ലിന്‍ രണ്ടാമനും. ഇതായിരുന്നു ഏറ്റവും വലിയ അദ്ഭുതം. 4-100 മീറ്റര്‍ റിലേയിലും ബോള്‍ട്ടിന്റെ പ്രകടനംജമൈക്കന്‍ ടീമിനെ സ്വര്‍ണമണിയിച്ചു. അതേ റിലേയില്‍ ഗാറ്റ്ലിന്‍ ഉള്‍പ്പെടുന്ന ടീം അയോഗ്യരാകുകയും ചെയ്തു. ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചപ്പോള്‍ ബോള്‍ട്ടിനു മൂന്നു സ്വര്‍ണം; ഗാറ്റ്ലിനു രണ്ടു വെള്ളി.

2. ബ്രിട്ടന്റെ ഉണര്‍വ്

ബെയ്ജിംഗിലെ കിളിക്കൂട്ടില്‍നിന്നും ബ്രിട്ടന്റെ ഉണര്‍വ് പ്രകടമായി. നാലു സ്വര്‍ണം ഉള്‍പ്പെടെ ഏഴു മെഡലുകളാണ് ബ്രിട്ടന്‍ സ്വന്തമാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടന്‍ ആദ്യമായാണ് നാലു സ്വര്‍ണം നേടുന്നത്. ദീര്‍ഘദൂര ഓട്ടക്കാന്‍ മോ ഫറ 5000, 10000 മീറ്ററുകള്‍ സ്വര്‍ണം നേടി ബ്രിട്ടന്റെ കുതിപ്പിന് നിര്‍ണായകമായി. ജെസിക്ക എന്നിസ് ഹില്‍, ഗ്രെഗ് റുഥര്‍ഫോര്‍ഡ് എന്നിവരും ബെയ്ജിംഗില്‍ സ്വര്‍ണമണിഞ്ഞു.

3. കൂടുതല്‍ മോശം, കൂടുതല്‍ മെച്ചം

മോസ്കോയില്‍ നടന്ന കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ റഷ്യ ഏഴു സ്വര്‍ണമുള്‍പ്പെടെ പതിനേഴു മെഡലുമായി ഒന്നാമതായിരുന്നു. എന്നാല്‍, ബെയ്ജിംഗില്‍ രണ്ടു സ്വര്‍ണമുള്‍പ്പെടെ നാലു മെഡലുകളുമായി ഒമ്പതാം സ്ഥാനത്തായി റഷ്യ. ഡോപിംഗ് ടെസ്റില്‍ പരാജയപ്പെടുന്ന റഷ്യന്‍ അത്ലറ്റുകളെ വിലക്കിയിരിക്കുന്നത് റഷ്യയുടെ മെഡല്‍ കൊയ്ത്തിനെ ബാധിച്ചു.


4. ചാമ്പ്യന്മാരുടെ തിരിച്ചുവരവ്

ഫറ, റുഥര്‍ഫോര്‍ഡ്, എന്നിസ്-ഹില്‍ എന്നിവര്‍ ഏറ്റവും മികവോടെ തിരിച്ചുവരന്നു. ഇവരെ കൂടാതെ ഈ ചാമ്പ്യന്‍ഷിപ്പില്‍ ആകെ പതിമ്മൂന്ന് ചാമ്പ്യന്‍പട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനു ബെയ്ജിംഗ് സാക്ഷിയായി. ബോള്‍ട്ട്, ഷെല്ലി ആന്‍ ഫ്രേസര്‍-പ്രൈസ്, ആഷ്ടണ്‍ ഈറ്റന്‍, എസ്ബല്‍ കിപ്റോപ്, സുസാന ഹെഗ്നോവ, കാഥറീന്‍ ഇബാര്‍ഗുന്‍ എന്നിവര്‍ തന്റെ മെഡല്‍ ഇത്തവണയും നില്‍നിര്‍ത്തുന്നതു കണ്ടു.

5. അമേരിക്കയുടെ വീഴ്ച

ലോക കായികരംഗത്തെ സൂപ്പര്‍ പവറായ അമേരിക്കയുടെ വീഴ്ചയ്ക്ക് ബെയ്ജിംഗ് സാക്ഷിയായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 14ല്‍ 10 പ്രാവശ്യവും മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന യുഎസ്എ ഇപ്രാവശ്യം മൂന്നിലേക്കു പതിച്ചു. അമേരിക്കന്‍ കായിക മേഖലയില്‍ ചില പ്രശ്നങ്ങള്‍ ഉണ്െടന്നാണ് ചാമ്പ്യന്‍ഷിപ്പ് തെളിയിക്കുന്നത്. അമേരിക്കയുടെ ആഷ്ടണ്‍ എയ്റ്റന്‍ ഡെക്കാത്തലണില്‍ ലോക റിക്കാര്‍ഡ് സ്ഥാപിച്ചു. പ്രമുഖ താരങ്ങള്‍ക്കും ഒരു മെഡല്‍ പോലും നേടാനായില്ല. റിയോ ഒളിമ്പിക്സിനു മുമ്പ് അമേരിക്ക കൂടുതല്‍ മെച്ചപ്പെടാനുണ്ട് എന്നത് ലോക ചാമ്പ്യന്‍ഷിപ്പ് തെളിയിച്ചു. വ്യക്തിഗത ഇനത്തില്‍ എയ്റ്റനും ആലിസണ്‍ ഫെലിക്സിനും( വനിതകളുടെ 400 മീറ്റര്‍) മാത്രമാണ് സ്വര്‍ണം നേടാനായത്. ജമൈക്കയും കെനിയയും സ്വര്‍ണവേട്ടയോടെ തിളങ്ങി.
6. പുതിയ താരോദയങ്ങള്‍

വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ 21.63 സെക്കന്‍ഡിന്റെ അസാധാരണ സമയം കുറിച്ചുകൊണ്ട് നെതര്‍ലന്‍ഡ്സിന്റെ ഡഫനി ഷിപ്പേഴ്സ് അടുത്ത മികച്ച ഓട്ടക്കാരി താനാണെന്നു തെളിയിച്ചു. പതിനേഴു വര്‍ഷത്തിനുശേഷമാണ് ലോകം വനിതാ സ്പ്രിന്റഇംഗില്‍ ഇത്രയും മികച്ച സമയം കണ്ടത്. പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നികെറിക് 43.48 സമയം കൊണ്ട് ഫിനിഷ് ചെയ്തു.

7. ആതിഥേയര്‍ മികച്ചുനിന്നു

കഴിഞ്ഞ രണ്ടു ലോക ചാമ്പ്യന്‍ഷിപ്പിനെ അപേക്ഷിച്ച് ചൈന ഇത്തവണ മെഡലുകളുടെ എണ്ണം കൂട്ടി. ഒരു സ്വര്‍ണം ഏഴു വെള്ളി, ഒരു വെങ്കലം ആകെ ഒമ്പത് മെഡല്‍. വനിതകളുടെ 20കിലോ മീറ്റര്‍ നടത്തയില്‍ ലീ ഹോംഗ് സ്വര്‍ണം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.