നദാല്‍ വിയര്‍ത്തു; സെറീന, ജോക്കോവിച്ച് അനായാസം
നദാല്‍ വിയര്‍ത്തു; സെറീന, ജോക്കോവിച്ച് അനായാസം
Wednesday, September 2, 2015 10:07 PM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ് കാര്യമായ അട്ടിമറികളില്ലാതെ തുടക്കം. കലണ്ടര്‍ ഗ്രാന്‍ഡ്സ്്ലാമിനു ശ്രമിക്കുന്ന ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസും നൊവാക് ജോക്കോവിച്ചും അനായാസം രണ്ടാം റൌണ്ടിലെത്തിയപ്പോള്‍ സ്പെയിനിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ആദ്യറൌണ്ട് കഷ്ടിച്ചു രക്ഷപ്പെട്ടു. മുന്‍നിര താരങ്ങളായ അന ഇവാനോവിച്ചും കെയി നിഷികോരിയും ആദ്യറൌണ്ടില്‍ പുറത്തായതാണ് ആദ്യദിനത്തിലെ പ്രധാന അത്യാഹിതങ്ങള്‍.

86-ാം റാങ്കുകാരിയായ റഷ്യയുടെ വിടാലിയ ഡിയാച്ചെങ്കോയ്ക്കെതിരേ സെറീന 6-0, 2-0 എന്ന നിലയില്‍ മുന്നിട്ടുനില്‍ക്കുമ്പോള്‍ വിടാലിയ പരിക്കിനെത്തുടര്‍ന്നു പിന്മാറി. ഇതോടെയാണ് സെറീന രണ്ടാം റൌണ്ടിലെത്തിയത്. മൂന്നു വട്ടം ഇവിടെ ചാമ്പ്യനായിട്ടുള്ള സെറീന സീസണിലെ അവസാന ഗ്രാന്‍ഡ്സ്്ലാമായ യുഎസ് ഓപ്പണ്‍ കൂടി സ്വന്തമാക്കിയാല്‍ സ്റെഫി ഗ്രാഫിനു ശേഷം കലണ്ടര്‍ ഗ്രാന്‍ഡ്സ്്ലാം(സീസണിലെ എല്ലാ ഗ്രാന്‍ഡ്സ്്ലാമുകളും) സ്വന്തമാക്കുന്ന താരമാകും.

ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ബ്രസീലിന്റെ യാവോ സൂസയെ കേവലം ഒരു മണിക്കൂര്‍ 11 മിനിറ്റിനുള്ളില്‍ കെട്ടുകെട്ടിച്ചു. സ്കോര്‍: 6-1, 6-1, 6-1. എന്നാല്‍, റാഫേല്‍ നദാല്‍ ആദ്യ റൌണ്ടില്‍ നന്നേ വെള്ളംകുടിച്ചു. ക്രൊയേഷ്യയുടെ 18കാരന്‍ ബോര്‍ണ കോറിക്കാണ് നദാലിനെ ഭീതിപ്പെടുത്തി കീഴടങ്ങിയത്. സ്കോര്‍: 6-3, 6-2, 4-6, പതിന്നാല് ഗ്രാന്‍ഡ്സ്്ലാമുകള്‍ സ്വന്തമാക്കിയിട്ടുള്ള നദാലിന് അടുത്ത എതിരാളി അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്സ്മാനാണ്. 2004നു ശേഷം നദാല്‍ തന്റെ ഏറ്റവും താഴ്ന്ന സീഡിംഗിലാണ് (8) ഇവിടെ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും കടുത്ത എതിരാളികളെ അദ്ദേഹത്തിനു നേരിടേണ്ടി വരും. ക്വാര്‍ട്ടറില്‍ ജോക്കോവിച്ചിനുമായി ഒരു പക്ഷേ, നദാലിന് ഏറ്റുമുട്ടേണ്ടിവരും. നാലാം സീഡ് ജപ്പാന്റെ കേയി നിഷികോരിയെ ഫ്രഞ്ച് താരം ബെനോട്ട് പെയ്രെയാണ് അട്ടിമറിച്ചത്. കഴിഞ്ഞ തവണത്തെ റണ്ണറപ്പായ നിഷികോരിയെ ബെനോയ്റ്റ് രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്കാണു തകര്‍ത്തത്. സ്കോര്‍: 6-4, 3-6, 4-6, 7-6, 6-4. തനിക്ക് ഇതു വിശ്വസിക്കാനാവുന്നില്ലെന്നാണ് മത്സരവിജയത്തെക്കുറിച്ച് ബെനോയ്റ്റ് പ്രതികരിച്ചത്. വനിതകളില്‍ ഏഴാം സീഡ് സെര്‍ബിയയുടെ അന ഇവാനോവിച്ചിനെ സ്ളൊവാക്യയുടെ 50-ാം സീഡ് ഡോമനിക്ക സിബുല്‍കോവയാണ് അനയെ അട്ടിമറിച്ചത്. സ്കോര്‍: 6-3, 3-6, 6-3. സെറീനയുടെ സഹോദരി വീനസ് വില്യംസ് മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ പ്യൂട്ടോറിക്കയുടെ മോണിക്ക പ്യബഗിനെ പരാജയപ്പെടുത്തി. സ്കോര്‍: 6-4, 6-7, 6-3. രണ്ടു തവണ അവിടെ ചാമ്പ്യനായിട്ടുള്ള താരമാണ് വീനസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.