രണ്ടു ദേശീയ റിക്കാര്‍ഡ്, അത്രമാത്രം!
രണ്ടു ദേശീയ റിക്കാര്‍ഡ്, അത്രമാത്രം!
Tuesday, September 1, 2015 12:10 AM IST
വീണ്ടും ഒരു ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തിരശീല വീണു. എന്നാല്‍, ഇന്ത്യക്ക് അഭിമാനിക്കാന്‍ എന്തുണ്ട് എന്ന ചോദ്യം പ്രസക്തമാകുന്നു. രണ്ടു ദേശീയ റിക്കാര്‍ഡുകള്‍ തകര്‍ക്കപ്പെട്ടതൊഴിച്ചാല്‍ ഇന്ത്യയുടെ പ്രകടനം ശരാശരിയിലും താഴെയാണെന്നു പറയേണ്ടിവരും. മലയാളികളുടെ അഭിമാനതാരം ഒ.പി. ജയ്ഷയും മഹാരാഷ്ട്രക്കാരി ലളിത ബാബറുമാണ് ദേശീയ റിക്കാര്‍ഡ് മറികടന്നത്. പക്ഷേ, പങ്കെടുത്ത മത്സര ഇനങ്ങളില്‍ യഥാക്രമം 18-ാമതും ഏഴാമതുമെത്താനെ അവര്‍ക്കായുള്ളൂ.

എന്നാല്‍, ഒളിമ്പിക്സ് യോഗ്യത നേടാന്‍ ഇരുവര്‍ക്കുമായി. മാരത്തണിലും 3000 മീറ്റര്‍ സ്റീപ്പിള്‍ ചേസിലുമാണ് ഇരുവരും ദേശീയ റിക്കാര്‍ഡ് തകര്‍ത്തത്. തന്റെ തന്നെ പേരിലുള്ള ദേശീയ റിക്കാര്‍ഡ് മറികടന്നാണ് ഒളിമ്പിക് ബെര്‍ത്ത് ഉറപ്പിക്കുന്ന പ്രകടനം ജയ്ഷ ലോകചാമ്പ്യന്‍ഷിപ്പില്‍ നടത്തിയത്.

രണ്ടു മണിക്കൂര്‍ 34 മിനിറ്റ് 43 സെക്കന്‍ഡിലാണ് ജയ്ഷ മാരത്തണ്‍ ഫിനിഷ് ചെയ്തത്. രണ്ടു മണിക്കൂര്‍ 37 മിനിറ്റ് 28 സെക്കന്‍ഡായിരുന്നു മികച്ച പ്രകടനം. കഴിഞ്ഞ ജനുവരിയില്‍ മുംബൈയില്‍ നടന്ന മാരത്തണിലെ റിക്കാര്‍ഡ് പ്രകടനമാണ് ജയ്ഷ പഴങ്കഥയാക്കിയത്.

2014 ഏഷ്യന്‍ ഗെയിംസില്‍ 3000 മീറ്റര്‍ സ്റീപ്പിള്‍ ചേസില്‍ വെങ്കല മെഡല്‍ നേടിയതോടെയാണ് 26 കാരിയായ ലളിത ബാബറെ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്. അന്നത്തെ വെങ്കലമെഡലിനു റിക്കാര്‍ഡിന്റെ തിളക്കവുമുണ്ടായിരുന്നു. അന്നു സ്ഥാപിച്ച ഒമ്പതു മിനിറ്റ് 35.37 സെക്കന്‍ഡിന്റെ റിക്കാര്‍ഡ് കഴിഞ്ഞ ജൂണില്‍ ഒമ്പതു മിനിറ്റ് 34.13 സെക്കന്‍ഡായി ലളിത തിരുത്തിയിരുന്നു. ആ റിക്കാര്‍ഡാണ് ബെയ്ജിംഗില്‍ ഒമ്പത് മിനിറ്റ് 27.86 സെക്കന്‍ഡായി പുതുക്കിയത്. ഹീറ്റ്സിലായിരുന്നു ലളിത ബാബറിന്റെ മികച്ച പ്രകടനം. എന്നാല്‍, ഫൈനലില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ ലളിതക്കായില്ല. ഫൈനലില്‍ ഒമ്പത് മിനിറ്റ് 29.64 സെക്കന്‍ഡിനാണ് ലളിത ഓടിയെത്തിയത്. 3000 മീറ്റര്‍ സ്റീപ്പിള്‍ചേസില്‍ ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ലളിത.


വികാസ് ഗൌഡയും ഇന്ദര്‍ജിത് സിംഗും ഫൈനലിലെത്തിയെങ്കിലും ഫൈനലിലെ പ്രകടനം പ്രതീക്ഷ നല്‍കുന്നില്ല. വികാസ് ഡിസ്കസ് ത്രോയില്‍ എട്ടാമതും ഇന്ദര്‍ജിത് സിംഗ് ഷോട് പുട്ടില്‍ 11-ാം സ്ഥാനത്തുമാണ് എത്തിയത്.

ഏഷ്യന്‍ ചാമ്പ്യനായിരുന്ന ഇന്ദര്‍ജിത് സിംഗില്‍ വലിയ പ്രതീക്ഷയാണ് രാജ്യത്തിനുണ്ടായിരുന്നത്. എന്നാല്‍, അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. യോഗ്യതാ റൌണ്ടില്‍ അദ്ദേഹം 20.45 മീറ്റര്‍ ദൂരം എറിഞ്ഞെങ്കിലും ഫൈനലില്‍ അത് 19.52 ആയി കുറഞ്ഞു. ഡിസ്കസ് ത്രോയില്‍ വികാസിന്റെ പ്രകടനവും ആശാവഹമായിരുന്നില്ല. ആദ്യ റൌണ്ടിലെ പ്രകടനം ഫൈനലില്‍ ആവര്‍ത്തിക്കാന്‍ വികാസിനായില്ല.

യോഗ്യതാ റൌണ്ടില്‍ 63.86 മീറ്റര്‍ എറിഞ്ഞ് ഏഴാമത്തെത്തിയ വികാസ് ഗൌഡ ഫൈനലില്‍ പ്രകടനം മെച്ചപ്പെടുത്തി ആദ്യ അഞ്ചിലെങ്കിലും എത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും ഫലം മറിച്ചായിരുന്നു. 62.24 മീറ്റര്‍ മാത്രമെറിഞ്ഞ വികാസ് ഗൌഡ ഒമ്പതാമതായാണ് ഫിനിഷ് ചെയ്തത്. ഈ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും (2:00.95) 800 മീറ്ററില്‍ ഫൈനലിലേക്കു യോഗ്യത നേടാനാവാതെ പോയ ഇന്ത്യയുടെ ടിന്റു ലൂക്കയും 50 കിലോമീറ്റര്‍ നടത്തത്തില്‍ 26ാമതെത്തിയ സന്ദീപ് കുമാറും ഇനിയും പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ട്.

സെമിയില്‍ കടന്നില്ലെങ്കിലും ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയത് ടിന്റുവിനു നേട്ടമായി. നടത്ത താരങ്ങള്‍ ശരാശരിയിലും താഴെയായപ്പോള്‍ വനിതകളുടെ 400 മീറ്റര്‍ റിലേയിലും നിറംമങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.