സ്പെഷല്‍ ഒളിമ്പിക്സ് : കേരളത്തിനു ചരിത്രനേട്ടം
Sunday, August 2, 2015 12:59 AM IST
ലോസ് ആഞ്ചലസില്‍നിന്ന് റോയി കണ്ണന്‍ചിറ, സിഎംഐ

ലോസ് ആഞ്ചലസ്: നൂറ്റിഎഴുപത്തേഴു രാജ്യങ്ങള്‍ പങ്കെടുക്കുന്ന 2015-ലെ ലോസ്ആഞ്ചലസ് സ്പെഷല്‍ ഒളിമ്പിക്സില്‍ കേരളത്തിന് ചരിത്രനേട്ടം. അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും നാലു വെങ്കലവുമാണ് ഇതുവരെ കേരളം സ്വന്തമാക്കിയത്. തൃശൂര്‍ മണ്ണൂത്തി സ്നേഹദീപ്തി സ്പെഷല്‍ സ്കൂളിലെ നവീന്‍ ജോസഫ് സൈക്ളിംഗില്‍ രണ്ടു സ്വര്‍ണം കൊയ്ത് കേരളത്തിന് അഭിമാനമായി. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സേവാഗ്രാം സ്പെഷല്‍ സ്കൂളിലെ മരിയ ജോയി അത്ലറ്റിക്സിലും മനീഷ് ജോസഫ് യൂണിഫൈഡ് ഫുട്ബോളിലും സ്വര്‍ണം നേടിയപ്പോള്‍ പിറവം സ്നേഹഭവന്‍ സ്പെഷല്‍ സ്കൂളിലെ വിന്‍സി മാത്യു അത്ലറ്റിക്സില്‍ സ്വര്‍ണം നേടി കേരളത്തിനു തിളക്കമേകി.

പാലാ അന്തീനാട് ശാന്തിനിലയം സ്പെഷല്‍ സ്കൂളിലെ സ്വപ്ന ജോസഫ് ഭാരോദ്വഹനത്തില്‍ നാലു വിഭാഗങ്ങളിലായി നാലു വെങ്കലം നേടിക്കൊണ്ട് ഒളിമ്പിക്സിലെതന്നെ ശ്രദ്ധാകേന്ദ്രമായി.


മലപ്പുറം എഡബ്ള്യുഎച്ച് സ്പെഷല്‍ സ്കൂളിലെ ഭഗത് അത്ലറ്റിക്സില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. ഇന്ന് മത്സരങ്ങള്‍ സമാപിക്കും.

ഇന്ത്യ മുന്നില്‍

38 സ്വര്‍ണവും 49 വെള്ളിയും 55 വെങ്കലവുമായി ഇന്ത്യ മെഡല്‍വേട്ടയില്‍ മുന്നേറുന്നു. അക്വാറ്റിക്സ്-2, റോളര്‍സ്കേറ്റിംഗ്-12, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, പവര്‍ലിഫ്റ്റിംഗ്, അത്ലറ്റിക്സ്, സൈക്ളിംഗ്, ഗോള്‍ഫ് എന്നീയിനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ വാരിക്കൂട്ടിയത്. സ്പെഷല്‍ ഒളിമ്പിക്സില്‍ രാജ്യങ്ങള്‍ തമ്മില്‍ മത്സരമില്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളുടെ മെഡല്‍ നില സമാപനത്തിനു ശേഷം മാത്രമേ അന്താരാഷ്ട്ര സ്പെഷല്‍ ഒളിമ്പിക്് കമ്മിറ്റി വെളിപ്പെടുത്തുകയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.