രണ്ടാം സീസണിലും കാശെറിയാതെ കളിക്കാന്‍ ബ്ളാസ്റ്റേഴ്സ്
രണ്ടാം സീസണിലും കാശെറിയാതെ കളിക്കാന്‍ ബ്ളാസ്റ്റേഴ്സ്
Friday, July 31, 2015 12:11 AM IST
ബിജോ സില്‍വറി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം എഡീഷനിലും കളിക്കാരെ സ്വന്തമാക്കാന്‍ പണമെറിയുന്ന കാര്യത്തില്‍ പരമാവധി പിശുക്ക് കാണിക്കുകയാണ് കേരള ബ്ളാസ്റേഴ്സ്. അനുവദിച്ചിട്ടുള്ളതില്‍ വിദേശ കളിക്കാരെ വാങ്ങാന്‍ 15.11 കോടിയും ആഭ്യന്തര കളിക്കാര്‍ക്കായി 1.5 കോടിയും ഇനിയും ടീമില്‍ ശേഷിക്കുന്നു. ഇയാന്‍ ഹ്യൂമെന്ന ഒരു സ്ട്രൈക്കറെ മാത്രം മുന്‍ നിര്‍ത്തി ആദ്യ സീസണില്‍ കലാശക്കളി വരെ ബൂട്ടു കെട്ടാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ടീം മാനേജ്മെന്റ്. ഡേവിഡ് ജയിംസ് വച്ചൊഴിഞ്ഞ മാര്‍ക്കീ താരത്തിന്റെ ഒഴിവിലേക്കു കാളക്കൂറ്റന്‍മാരുടെ നാട്ടില്‍ നിന്നുള്ള കാര്‍ലോസ് മാര്‍ച്ചേനയെയാണ് ബ്ളാസ്റ്റേഴ്സ് കരുതിവച്ചിരിക്കുന്നത്.

ലിവര്‍പൂള്‍ താരം ജോണ്‍ ആര്‍നേ റീസയുടെ പിന്‍മാറ്റമാണ് കാര്‍ലോസിലേക്കു കണ്ണയയ്ക്കാന്‍ ബ്ളാസ്റ്റേഴ്സിനെ പ്രേരിപ്പിച്ചത്. ബ്ളാസ്റേഴ്സിന്റെ ഓഫര്‍ ലെറ്റര്‍ ഒപ്പിട്ട ശേഷം ഡല്‍ഹി ഡൈനാമോസിലേക്ക് ചേക്കാറാനാണ് ജോണ്‍ ശ്രമിച്ചത്. മാര്‍ക്കീ താരത്തെ പ്രഖ്യാപിക്കാനുള്ള അവസാന ദിനമായ ഇന്ന് കാര്‍ലോസിന്റെ പേര് മഞ്ഞക്കുപ്പായത്തില്‍ പതിയുമെന്നാണ് പ്രതീക്ഷ. ഇന്നുതന്നെ ടീമിലെ മറ്റു വിദേശ താരങ്ങളുടെ പ്രഖ്യാപനവും ഉണ്ടായേക്കും.

കളിക്കാരുടെ ലേലവും ഡ്രാഫ്റ്റും കഴിഞ്ഞപ്പോള്‍ ബ്ളാസ്റ്റേഴ്സ് ആരാധകര്‍ക്ക് അല്‍പം നിരാശയുണ്ടായെങ്കിലും മികച്ച ഒരു ഇന്ത്യന്‍ നിരയെ പടുത്തുയര്‍ത്താന്‍ ടീം മാനേജ്മെന്റിനു കഴിഞ്ഞുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രതിരോധത്തിലും മധ്യനിരയിലും ഒരു പിടി യുവ താരങ്ങളെയാണ് കേരളത്തിനു ലഭിച്ചിരിക്കുന്നത്.


വിനീത്, മുഹമ്മദ് റാഫി, കാവിന്‍ ലോബോ, ശങ്കര്‍ സംപിഗിരാജ്, പീറ്റര്‍ കാര്‍വാലോ എന്നിവര്‍ ടീമിലെത്തിയിട്ടുണ്ട്. മധ്യനിരയില്‍ പീറ്റര്‍ കാര്‍വാലോയുടെയും കെവിന്‍ ലോബോയുടെയും സാന്നിധ്യം ടീമിന് എതിരാളികളേക്കാള്‍ മുന്‍തൂക്കം നല്‍കും. ആക്രമണകാരികളായ മധ്യനിരക്കാരാണ് ഇരുവരും. പ്രതിരോധിക്കാനും മിടുക്കന്മാര്‍. 21 വയസു മാത്രം പ്രായമുള്ള ശങ്കര്‍ സംപിഗിരാജ് പ്രതിരോധത്തിലാണു കളിക്കുന്നതെങ്കിലും മുന്നേറ്റക്കാര്‍ക്ക് പന്തെത്തിക്കാന്‍ മിടുക്കനാണ്. ഇന്ത്യയുടെ ഭാവി താരങ്ങളിലൊരാളായാണ് ശങ്കറിനെ കണക്കാക്കുന്നത്. ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ച വച്ച സ്പാനിഷ് താരം വിക്ടര്‍ ഫോര്‍സിഡയെ ബ്ളാസ്റേഴ്സിന് നിലനിര്‍ത്താനായി. ഇംഗ്ളീഷ് രണ്ടാം ഡിവിഷന്‍ താരമായ ക്രിസ് ഡഗ്നലാണ് കോച്ച് പീറ്റര്‍ ടെയ്ലറുടെ മറ്റൊരു തുറുപ്പു ചീട്ട്. പോര്‍ച്ചുഗലില്‍ നിന്നുള്ള കാര്‍ലോസ് കൊയെബ്ര, ഐറിഷ് താരം അലന്‍ ജെയിംസ്ഡണ്‍ തുടങ്ങിയവരും ടീമില്‍ ഇടം തേടുമെന്നാണ് കരുതപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.