ആഷസ് ടെസ്റ്: ഓസ്ട്രേലിയയ്ക്കു രണ്ടാമിന്നിംഗ്സിലും തകര്‍ച്ച
ആഷസ് ടെസ്റ്: ഓസ്ട്രേലിയയ്ക്കു രണ്ടാമിന്നിംഗ്സിലും തകര്‍ച്ച
Friday, July 31, 2015 12:05 AM IST
എഡ്ജ്ബാസ്റ്റണ്‍: ദയനീയം. മൂന്നാം ആഷസ് ടെസ്റിലെ ഓസ്ട്രേലിയയുടെ പ്രകടനത്തെ വേറെങ്ങനെ വിശേഷിപ്പിക്കും. ഇംഗ്ളീഷ് വീര്യത്തിനു മുന്നില്‍ കളി മറന്ന കങ്കാരുക്കള്‍ തോല്‍വിയുടെ വക്കിലാണ്. 147 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഏഴിന് 168 റണ്‍സെടുത്തിട്ടുണ്ട്. മൂന്നു വിക്കറ്റ് മാത്രം ശേഷിക്കെ 23 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. 37 റണ്‍സോടെ ക്രീസില്‍ നില്‍ക്കുന്ന പീറ്റര്‍ നെവിലിന്റെ ചെറുത്തു നില്പാണ് കളി മൂന്നാംദിനത്തിലേക്കു നീട്ടിയത്. പീറ്റര്‍ സിഡിലാണ് ഒപ്പമുള്ളത്. 45 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെ ടുത്ത സ്റീവ് ഫിന്നാണ് ഇംഗ്ളീഷ് ആക്രമണത്തെ നയിച്ചത്. സ്കോര്‍: ഓസ്ട്രേലിയ 136, ഏഴിന് 168, ഇംഗ്ളണ്ട് 281.

കൂറ്റന്‍ ലീഡെന്ന സ്വപ്നവുമായി രാവിലെ ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ളണ്ടിനു കാര്യങ്ങള്‍ വിചാരിച്ചപോലെ നടന്നില്ല. തലേന്നത്തെ സ്കോറിനോട് ഒന്‍പത് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേ ജോണി ബെയര്‍സ്റ്റോ (5) കൂടാരം കയറി. മിച്ചല്‍ ജോണ്‍സനും സ്റ്റാര്‍ക്കുമെല്ലാം പിച്ചിലെ ഈര്‍പ്പം പരമാവധി മുതലെടുത്തു പന്തെറിഞ്ഞതോടെ ഇംഗ്ളീഷ് ബാറ്റിംഗ് ആടിയുലഞ്ഞു.


ഉച്ചഭക്ഷണത്തിനു മുമ്പുള്ള സെഷനില്‍ ബെന്‍ സ്റോക്ക്സ് (പൂജ്യം), ജോ റൂട്ട് (63) ജോസ് ബട്ലര്‍ (ഒന്‍പത്) എന്നിവര്‍ വീണു. എന്നാല്‍ മോയീന്‍ അലി വാലറ്റത്തെ കൂട്ടുപിടിച്ചതോടെ കളി മാറി. ഓസീസ് ബൌളര്‍മാരെ തലങ്ങുംവിലങ്ങും പായിച്ച മോയീന്‍ 78 പന്തില്‍ 59 റണ്‍സെടുത്തു. ബ്രോഡുമായി (31) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ മത്സരത്തിലെ ഉയര്‍ന്ന കൂട്ടുകെട്ടും (87) മോയീന്‍ സ്ഥാപിച്ചു.

147 റണ്‍സ് കടവുമായി രണ്ടു ദിനത്തിനുള്ളില്‍ രണ്ടാം വട്ടവും ബാറ്റിംഗിനിറങ്ങിയ കങ്കാരുക്കള്‍ക്ക് വീണ്ടും പിഴച്ചു. ഫിന്നിന്റെ ഉയരത്തില്‍ നിന്നുള്ള പന്തുകള്‍ ഓസീസിനെ വെള്ളംകുടിപ്പിച്ചു. സ്റീവ് സ്മിത്ത് (8), ക്ളാര്‍ക്ക് (3), ആഡം വോഗ്സ് (പൂജ്യം), മിച്ചല്‍ മാര്‍ഷ് (6) എന്നീ മുന്‍നിരക്കാര്‍ ഫിന്നിന്റെ പേസിനുമുന്നില്‍ കീഴടങ്ങി. ഡേവിഡ് വാര്‍ണര്‍ ഏകദിനശൈലിയില്‍ കടന്നാക്രമണം നടത്തിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ നിലംപൊത്തി. 62 പന്തില്‍ 11 ബൌണ്ടറികളോടെ 77 റണ്‍സെടുത്ത വാര്‍ണറെ ആന്‍ഡേഴ്സണ്‍ ആഡം ലെയ്ത്തിന്റെ കൈയിലെത്തിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.