അന്‍ജയ് പരിശീലനത്തിനു ബയേണ്‍ മ്യൂണിക്കില്‍
അന്‍ജയ് പരിശീലനത്തിനു ബയേണ്‍ മ്യൂണിക്കില്‍
Thursday, July 30, 2015 11:40 PM IST
സ്വന്തം ലേഖകന്‍

തൃക്കരിപ്പൂര്‍: ഫുട്ബോള്‍ കളിക്കാരുടെയും കളിച്ചു തുടങ്ങുന്നവരുടെയും സ്വപ്നമാണു ബയേണ്‍ മ്യൂണിക്ക് എന്ന ലോകോത്തര ഫുട്ബോള്‍ ക്ളബ്. എന്നാല്‍, ക്ളബിനു കീഴില്‍ ഫുട്ബോള്‍ പരിശീലിക്കുന്നതിന് അവസരം ലഭിച്ചാല്‍ അതു അസുലഭ ഭാഗ്യം തന്നെയല്ലേ. തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിയായ വിദ്യാര്‍ഥി അന്ജയ് ചന്ദ്രനെയാണീ ഭാഗ്യം തേടിയെത്തിയത്. ഫുട്ബോളിനോടുള്ള ആത്മ സമര്‍പ്പണത്തിന്റെ ഫലമാണ് ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ അന്ജയ്ക്ക് ഈ ഭാഗ്യം ലഭിക്കാന്‍ ഇടയാക്കിയത്. ആര്യന്‍ റോബനും റിബെറിയും, മുള്ളറും ഉള്‍പ്പെടുന്ന വമ്പന്‍ ടീമിന്റെ കളി പരിശീലനക്കളത്തില്‍ എത്തുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയാണ് ഈ പതിനാറുകാരന്. ബയേണ്‍ മ്യൂണിക്കിന്റെ ഫുട്ബോള്‍ അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് ഇന്ത്യക്കാരില്‍ ഏക മലയാളിയാണു കുട്ടി. ഫുട്ബോളിനെ നെഞ്ചേറ്റുകയും കഠിന പരിശീലനത്തില്‍ വിട്ടുവീഴ്ച്ചയ്ക്കു തയാറാവാത്തതുമാണു മഹത്തായ അവസരത്തിനു വഴി തുറക്കാന്‍ കാരണം.


ഒളവറ മുണ്ട്യക്കടുത്ത് താമസിക്കുന്ന പ്രവാസി എ.പി.ചന്ദ്രന്‍-ജയശ്രീ ദമ്പതികളുടെ മകനായ അന്ജയ് ചെറുപ്രായത്തില്‍ തന്നെ ഫുട്ബോളില്‍ അസാമാന്യ പാടവം കാഴ്ച്ചവച്ചിരുന്നു. എതിര്‍ ടീമിന്റെ ഗോള്‍ മുഖത്ത് അക്രമിച്ചു കയറി മനോഹരമായി ഗോളടിക്കുകയെന്നതു കലാപരമായി തന്നെ ഈ കൊച്ചു മിടുക്കന്‍ നിര്‍വഹിച്ചു പോന്നിരുന്നു. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാണ കമ്പനി വഴി ബയേണ്‍ മ്യൂണിക്ക് ക്ളബ് ഇന്ത്യയില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സിലാണ് അവസരം ലഭിച്ചത്. പൂണെയിലെ സെലക്ഷനില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 65 പേരെ തെരഞ്ഞെടുത്തിരുന്നു. അവരില്‍നിന്ന് എടുത്ത രണ്ടു ടീമുകളില്‍ ഒന്നിന്റെ നായകത്വം വഹിച്ചത് അന്ജയ് ആയിരുന്നു. ടീമിനായി രണ്ട് ഗോളുകളും നേടി. ഈ മികവു നോക്കി നാലു പേരെ തെരഞ്ഞെടുക്കുകയായിരുന്നു. ഓഗസ്റ് 11 ന് ശേഷമാവും ജര്‍മനിയിലേക്കു യാത്ര തിരിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.