ആ ദിനങ്ങള്‍ മറക്കാനാഗ്രഹിക്കുന്നു; കണ്ണീരണിഞ്ഞു ശ്രീശാന്ത്
ആ ദിനങ്ങള്‍ മറക്കാനാഗ്രഹിക്കുന്നു; കണ്ണീരണിഞ്ഞു ശ്രീശാന്ത്
Wednesday, July 29, 2015 11:18 PM IST
കൊച്ചി: ജയിലില്‍ കഴിഞ്ഞ 27 ദിവസങ്ങള്‍ താന്‍ ഓര്‍മിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ലെന്നു ശ്രീശാന്ത്. ജയില്‍ ദിനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കവെ ശ്രീശാന്ത് വിതുമ്പി. മീറ്റ് ദ പ്രസ് പരിപാടിയില്‍ സംബന്ധിച്ച ശ്രീശാന്തിനൊപ്പമുണ്ടായിരുന്ന പിതാവ് ശാന്തകുമാരന്‍ നായരും ദുഃഖമടക്കാന്‍ പ്രയാസപ്പെട്ടു. തിഹാര്‍ ജയിലില്‍ കഴിഞ്ഞ 27 ദിവസവും പിന്നീടുള്ള രണ്ടു മാസവും ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത അനുഭവങ്ങളാണ് നല്‍കിയതെന്നു ശ്രീശാന്ത് പറഞ്ഞു. ആദ്യത്തെ നാലഞ്ചു ദിവസങ്ങളിലെ കാര്യങ്ങള്‍ പറയുകയേ വേണ്ട. ജീവിതം അവസാനിപ്പിക്കണമെന്നാണു ജയിലില്‍ എത്തി ആദ്യ ദിവസം തന്നെ തോന്നിയത്.

ജയില്‍വാസത്തെക്കുറിച്ച് കൂടുതല്‍ പറയാനാഗ്രഹിക്കുന്നില്ല. ഒത്തുകളി കേസില്‍ എന്തുകൊണ്ട് ഞാന്‍ എന്ന ചോദ്യം പലപ്പോഴും വേവലാതിപ്പെടുത്തിയിരുന്നു. ഈശ്വര വിശ്വാസം നല്‍കിയ കരുത്തും കുടുംബത്തിന്റെ പിന്തുണയുംകൊണ്ടാണ് പിടിച്ചുനില്‍ക്കാനായത്. കൊലപാതകികളുടെയും ബലാത്സംഗക്കാരുടെയും കൂടെ ജയിലിലെ ഡോര്‍മെട്രിയിലായിരുന്നു ആദ്യം പാര്‍പ്പിച്ചിരുന്നത്. 210 പേര്‍ക്കു കഴിയാന്‍ സൌകര്യങ്ങളുള്ള ഡോര്‍മെട്രിയില്‍ ഇരട്ടിയോളം പേര്‍. രാജ്യത്തിനു വേണ്ടി രണ്ടു ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നുവെന്ന പരിഗണന പോലും ഉണ്ടായില്ലെന്നു പറയവേ ശ്രീശാന്ത് വിതുമ്പി.

കേരളത്തില്‍നിന്നുള്ള മുതിര്‍ന്ന പോലീസ് ഓഫീസറായ ആര്‍. ശ്രീലേഖ ഇടപെട്ടതുകൊണ്ടാണു അവിടെ കാര്യങ്ങള്‍ കുറച്ചു മെച്ചപ്പെട്ടത്. ആദരയും കുറ്റം പറയുകയല്ല. ആരെയും വിമര്‍ശിക്കാനുമില്ല. ജയില്‍ അധികൃതരോട് പരിഭവവുമില്ല. അവര്‍ അവരുടെ ജോലിയാണ് ചെയ്തത്. ശത്രുവിനു പോലും ഇത്തരം അനുഭവം ഉണ്ടാവരുതെന്നാണു പ്രാര്‍ഥന.


ജയിലില്‍ നിന്നു പുറത്തിറങ്ങി നാട്ടിലെത്തിയപ്പോഴും ഭയം വിട്ടുമാറിയിരുന്നില്ല. വീടിന്റെ ജനലഴികളില്‍ പിടിച്ചു ഞാന്‍ പലപ്പോഴും നിന്നു. കമാന്‍ഡോകള്‍ വരുന്നുണ്േടായെന്ന ഭീതിയില്‍ പുറത്തിറങ്ങാന്‍ തന്നെ ഭയപ്പെട്ടു. മാധ്യമങ്ങളില്‍നിന്നും അകന്നുനിന്നു. ആ ദിനങ്ങളില്‍ അഭിമുഖം ചോദിച്ചെത്തിയവരോടൊക്കെ ക്ഷമായാചനം നടത്തിക്കൊണ്ടു ശ്രീശാന്ത് പറഞ്ഞു. അന്നത്തെ അവസ്ഥ അതായിരുന്നു. ഞാന്‍ കാരണം നാട്ടിലും പുറത്തുമുള്ള ബന്ധുക്കള്‍ക്കുമുണ്ടായ ബുദ്ധിമുട്ടുകള്‍ ഓര്‍ത്തപ്പോള്‍ വേവലാതി വര്‍ധിച്ചു.

ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ തന്നെ തട്ടിക്കൊണ്ടുപോകുന്നതുപോലെയായിരുന്നു അറസ്റ്. അതെക്കുറിച്ചു വന്ന വാര്‍ത്തകള്‍ ഏറെയും അതിശയോക്തിപരമായിരുന്നു. വസ്തുതകള്‍ മനസിലാക്കാതെയായിരുന്നു പല റിപ്പോര്‍ട്ടുകളും. ഞാന്‍ കുറ്റം സമ്മതിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരെയുണ്ടായി. ഇന്ത്യന്‍ ടീമിന്റെ പുതിയ ക്യാപ്റ്റന്‍മാര്‍ എന്നേക്കാളും അഗ്രസീവാണ്.

പക്ഷേ, അതേക്കുറിച്ച് ആരും സംസാരിക്കുന്നില്ല. മലയാളി ആയത് കൊണ്ടായിരിക്കണം എന്റെ ശൈലി ഇത്രയും വിമര്‍ശിക്കപ്പെട്ടത്. അറസ്റിലായ എന്റെ പക്കല്‍നിന്നു ഫോണൊക്കെ അന്വേഷണ ഉദ്യോഗസ്ഥര്‍ വാങ്ങിവച്ചു. മുഖം മറച്ച് അകത്തിരുത്തി. എസ്.എസ്. നായര്‍ എന്നൊരു പേരും ലഭിച്ചു. ചോദ്യംചെയ്യല്‍ അടക്കം വല്ലാത്ത അനുഭവം.

ആരോടും എനിക്കിപ്പോള്‍ പരാതിയോ വൈരാഗ്യമോ ഇല്ല. വിവാദങ്ങള്‍ ഉണ്ടാക്കാനും ആഗ്രഹിക്കുന്നില്ല. കേസിനു പിന്നില്‍ ഗുഢാലോചനയുണ്ടായതായി വിശ്വസിക്കുന്നില്ല. മാതാപിതാക്കള്‍ പ്രതിസന്ധി കാലത്തു വലിയ കരുത്തു നല്‍കിയെന്ന് ശ്രീശാന്ത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.