അഞ്ചാമതും ബ്ളാറ്റര്‍?
അഞ്ചാമതും ബ്ളാറ്റര്‍?
Friday, May 29, 2015 12:17 AM IST
സൂറിച്ച്: സൂറിച്ച്: അഴിമതിയില്‍ മുങ്ങിക്കുളിച്ച ലോകത്തെ ഏറ്റവും വലിയ കായികസംഘടനയായ ഫിഫ(ഫുട്ബോള്‍ അസോസിയേഷനുകളുടെ അന്താരാഷ്്ട്ര ഫെഡറേഷന്‍) യില്‍ ഇന്നു തെരഞ്ഞെടുപ്പ്. തുടര്‍ച്ചയായ അഞ്ചാം തവണയും പ്രസിഡന്റുസ്ഥാനത്തേക്കു മത്സരിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ ജോസഫ് സെപ് ബ്ളാറ്ററും (79) ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനും(39) തമ്മിലാണു മത്സരം. നേരത്തേ മത്സരരംഗത്തുണ്ടായിരുന്ന നെതര്‍ലന്‍ഡ്സ് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മിഷേല്‍ വാന്‍പ്രാഗും മുന്‍ ലോക ഫുട്ബോളര്‍ ലൂയി ഫിഗോയും പിന്മാറിയിരുന്നു. ഇതോടെയാണ് രാജകുമാരനും ബ്ളാറ്ററും തമ്മില്‍ നേരിട്ടുള്ള മത്സരമായത്. നിലവിലെ സാഹചര്യത്തില്‍ സെപ് ബ്ളാറ്റര്‍തന്നെ അഞ്ചാം വട്ടവും തെരഞ്ഞെടുക്കപ്പെടുമെന്നാണു കരുതപ്പെടുന്നത്. യൂറോപ്യന്‍ ഫെഡറേഷന്‍(യുവേഫ) ഒഴികേയുള്ള എല്ലാ കോണ്‍ഫെഡറേഷനുകളുടെയും പിന്തുണ ബ്ളാറ്റര്‍ ഇതിനോടകം ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ആഫ്രിക്ക(സിഎഎഫ്-54)യുടെ പൂര്‍ണമായ പിന്തുണ ബ്ളാറ്റര്‍ക്കാണ്. ഒപ്പം ഏഷ്യന്‍ ഫെഡറേഷന്റെ (എഎഫ്സി) 46 അംഗങ്ങളുടെ പിന്തുണയും ബ്ളാറ്റര്‍ക്കാണ്. കോണ്‍കാകാഫ് മേഖലയുടെ 35 അംഗങ്ങളുടെയും ഓഷ്യാനിയയില്‍നിന്നുള്ള 11 അംഗങ്ങളുടെയും ലാറ്റിനമേരിക്കയില്‍നിന്നുള്ള 10 അംഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിയതായാണ് ബ്ളാറ്റര്‍ പക്ഷം അവകാശപ്പെടുന്നത്. അതേസമയം, 53 അംഗങ്ങളുള്ള യുവേഫയുടെ പിന്തുണ മാത്രമാണ് നേരത്തെ ജോര്‍ദാന്‍ രാജകുമാരന്‍ ഉറപ്പാക്കിയത്. സ്വാഭാവികമായും ബ്ളാറ്റര്‍ വിജയിക്കാവുന്ന അവസ്ഥ. എന്നാല്‍, പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ കൂടുതല്‍ വോട്ടുകള്‍ ജോര്‍ദാന്‍ രാജകുമാരനു ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍. ആ ചിന്തയ്ക്കു ബലം നല്‍കുന്ന വിധത്തില്‍ ഓഷ്യാനയില്‍നിന്നുള്ള ഓസ്ട്രേലിയന്‍ ഫെഡറേഷന്റെ പിന്തുണ അലി ബിന്‍ ഹുസൈനു പ്രഖ്യാപിച്ചു. സൂറിച്ചിലെത്തിയ ഓസ്ട്രേലിയന്‍ പ്രതിനിധി ഫ്രാങ്ക് ലോവി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചു. ഫിഫ കൂടുതല്‍ സുതാര്യമാകണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അവസാന മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. ഈ സമയത്ത് നടക്കുന്ന നാടകീയ നീക്കങ്ങള്‍ ഒരുപക്ഷേ ബ്ളാറ്ററുടെ വീഴ്ചയില്‍ കലാശിച്ചേക്കാം. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ബ്ളാറ്റര്‍ അഞ്ചാം വട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നു വേണം കരുതാന്‍.

അഴിമതിക്കറ പുരണ്ട പല കൈവിരലുകളും ഇന്നു വോട്ടവകാശം വിനിയോഗിക്കുമ്പോള്‍ അതിസമ്പന്നമായ ഫിഫയിലെ തെരഞ്ഞെടുപ്പിന് എത്രത്തോളം മൂല്യമുണ്ടാകും എന്ന കാര്യത്തില്‍ മാത്രമാണു സംശയം. ബ്ളാറ്റര്‍ ഒരിക്കല്‍ക്കൂടി തെരഞ്ഞെടുക്കപ്പെട്ടാലും അദ്ദേഹത്തിനെതിരായ അന്വേഷണം നടക്കും. കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ സ്വാഭാവികമാകും ബ്ളാറ്റര്‍ക്കു പുറത്തുപോകേണ്ടിവരും. അതിനിടെ, 65-ാം ഫിഫ കോണ്‍ഗ്രസ് ഇന്നലെ തുടങ്ങി. സെപ് ബ്ളാറ്ററുടെ അധ്യക്ഷതയിലാണു യോഗം. 209 അംഗങ്ങളില്‍ 99 ശതമാനവും കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. ഫിഫ ആസ്ഥാനമായ സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലാണ് കോണ്‍ഗ്രസ് നടക്കുന്നത്. ഇന്നാണ് ബ്ളാറ്ററുടെ പ്രസംഗം.

വോട്ടെടുപ്പ് ഇങ്ങനെ

65-ാം ഫിഫ കോണ്‍ഗ്രസിന്റെ അവസാനഘട്ടമായാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി 209 രാജ്യങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ സൂറിച്ചിലെത്തിക്കഴിഞ്ഞു.

വോട്ടെടുപ്പിനു തൊട്ടുമുമ്പ് തങ്ങളെ വിജയിപ്പിച്ചാല്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും മറ്റുമായി 15 മിനിറ്റ് നേരം സംസാരിക്കാം. തുടര്‍ന്ന് വോട്ടിംഗ് നടക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം(140 വോട്ട്) ലഭിക്കുന്നവര്‍ വിജയിക്കും. എന്നാല്‍, ആദ്യഘട്ടത്തില്‍ അത്രയും വോട്ട് ലഭിച്ചില്ലെങ്കില്‍ 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചയാളെ വിജയിയായി പ്രഖ്യാപിക്കും.


പ്രതിഷേധമെല്ലാം ബ്ളാറ്റര്‍ക്കെതിരേ

സൂറിച്ച്: ഫിഫയിലെ പ്രമുഖര്‍ അഴിമതിയാരോപണത്തില്‍ കുരുങ്ങിയതിനു പിന്നാലെ ബ്ളാറ്റര്‍ക്കെതിരേ ലോകമെമ്പാടും പ്രതിഷേധം. ഫിഫയുമായി പരസ്യക്കരാറിലേര്‍പ്പെട്ടിരുന്ന കുത്തക കമ്പനികളെല്ലാം സംഘടനയില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞു. പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് യൂറോപ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ നിലപാട്. അന്വേഷണത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും മാധ്യമങ്ങളില്‍ ബ്ളാറ്റര്‍ തന്നെയാണ് പ്രധാന വില്ലന്‍. പിടിയിലായില്ലെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ കുഴയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് ബ്ളാറ്റര്‍ മറുപടി പറയേണ്ടിവരും.

ഫിഫയുടെ വിശ്വാസം സംരക്ഷിക്കാന്‍ ബ്ളാറ്റര്‍ മാറിനില്‍ക്കണമെന്ന മുറവിളി നാലുപാടും ഉയരുന്നുണ്ട്. ബ്ളാറ്ററെ മാറ്റണമെന്നാവശ്യപ്പെട്ട് റൊമാരിയോ അടക്കമുള്ള മുന്‍ താരങ്ങള്‍ രംഗത്തെത്തി. വേണ്ടിവന്നാല്‍ പ്രസിഡന്റു സ്ഥാനത്തേക്കു വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. എന്നാല്‍ ലോകകപ്പ് വേദികള്‍ അനുവദിച്ചതിലെ അഴിമതിയാരോപണങ്ങള്‍ക്കെതിരേ റഷ്യയും ദക്ഷിണാഫ്രിക്കയും രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനവില്ലന്‍ ഇപ്പോഴും തിരശീലയ്ക്കു പിന്നില്‍

തട്ടുപൊളിപ്പന്‍ സിനിമാക്കഥകളെ വെല്ലുന്ന തരത്തിലാണ് ഫിഫയില്‍ ഓരോ കാര്യവും സംഭവിക്കുന്നത്. ഗൂഢാലോചന, ചതി, പണം വെട്ടിപ്പ്, പലിശയ്ക്കു കൊടുക്കല്‍, നീതിനിഷേധം, ആന്റിക്ളൈമാക്സ് എല്ലാം ഇതിലടങ്ങിയിരിക്കുന്നു. ഫുട്ബോളെന്ന സുന്ദരകാവ്യത്തെ റീമേക്ക് ചെയ്തു നശിപ്പിക്കലാണിതൊക്കെ. കഥയിലൊരിടത്തും ബ്ളാറ്ററില്ല, അനുയായികള്‍ മാത്രം. എന്തായാലും അറസ്റ്റിലായവര്‍ക്കെതിരേയുള്ള കുറ്റങ്ങള്‍ തെളിഞ്ഞാല്‍ ഇവര്‍ 20 വര്‍ഷംവരെ ഇരുമ്പഴി എണ്ണേണ്ടിവരുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.

2010ലെ ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ നടത്താനും അതിന് പിന്തുണ ഉറപ്പിക്കാനും മുന്‍ കോണ്‍കാകാഫ് പ്രസിഡന്റും വടക്കേ അമേരിക്കയുടെയും കരീബിയന്‍ ഫുട്ബോളിന്റെയും പ്രതിനിധിയുമായ ജാക്ക് വാര്‍ണര്‍ ഒരു കോടി ഡോളര്‍ വാങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കഴിഞ്ഞ കോപ്പ അമേരിക്ക കപ്പും സംശയത്തിന്റെ നിഴലിലാണ്. സംപ്രേഷണ അവകാശങ്ങളുടെ വില്‍പ്പനയ്ക്കായി തിരശ്ശീലയ്ക്കു പുറത്തു നടന്ന ലേലംവിളിയുടെ യഥാര്‍ഥ കണക്ക് ഇനിയും പുറത്തുവന്നിട്ടില്ല.

2011ല്‍ ഫിഫ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബ്ളാറ്റര്‍ക്കായി വാര്‍ണര്‍ നടത്തിയ കുതിരക്കച്ചവടത്തില്‍ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷനിലെ ഒരംംഗത്തിന് കൈമാറിയത് 40,000 ഡോളറായിരുന്നു. എന്നിരുന്നാലും 164 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ നിലവിലെ പ്രസിഡന്റ് സെപ്പ് ബ്ളാറ്ററുടെ പേര് ഒരിക്കല്‍പോലും പരാമര്‍ശിച്ചിട്ടില്ല. കോണ്‍കാകാഫ് ഫണ്ട് തിരിമറി നടത്തി ഫ്ളോറിഡയില്‍ അനധികൃത നിര്‍മാണം നടത്തിയതിന് ജാക്ക് വാര്‍ണറുടെ രണ്ടു വര്‍ഷം മുമ്പ് അറസ്റ്റിലായ രണ്ടു മക്കള്‍ ഇപ്പോഴും പുറംലോകം കണ്ടിട്ടില്ല.



കോര്‍പറേറ്റുകളുടെ നേര്‍ച്ചപ്പെട്ടി

ഫുട്ബോള്‍ ഇപ്പോള്‍ കോര്‍പറേറ്റുകളുടെ നേര്‍ച്ചപ്പെട്ടിയാണ്. അഡിഡാസ്, കൊക്കകോള, ഗാസ്പ്രോം, വീസ, ഹ്യൂണ്ടായ്, മക്ഡൊണാള്‍ഡ്സ്, ബഡ്വൈസര്‍ എന്നിങ്ങനെ പോകുന്നു പരസ്യകുത്തകകളുടെ നീണ്ട നിര. സുന്ദരമായ കാല്‍പ്പന്തുകളിയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവച്ചത് ബ്ളാറ്ററുടെ താത്പര്യങ്ങളായിരുന്നു. ഫുട്ബോളിന്റെ വികസനത്തേക്കാളേറെ കോര്‍പറേറ്റുകളുടെ വികസനമായിരുന്നു ഫിഫ ലക്ഷ്യം വച്ചത്. ഭരിക്കുന്നവര്‍ വെറും കച്ചവട ചരക്കു മാത്രമായാണ് കളിയെ കണ്ടത്.

1970 മുതല്‍ ലോകകപ്പിന് പന്തുകള്‍ നിര്‍മിച്ചുനല്‍കുന്നത് അഡിഡാസാണ്. ഫിഫയുടെ പ്രധാന ടൂര്‍ണമെന്റുകളില്ലൊം ഇവര്‍ക്കു പങ്കുണ്ട്. 1974ല്‍ ഫിഫയുമായി കൈകോര്‍ത്ത കൊക്കക്കോള 1950 മുതല്‍ ലോകകപ്പ് ഫുട്ബോള്‍ സറ്റേഡിയങ്ങളുടെ പരസ്യക്കരാര്‍ സ്വന്തമാക്കുന്നുണ്ട്. അഡിഡാസിനു കരാര്‍ നല്‍കിയതോടൊപ്പംതന്നെ മുഖ്യ എതിരാളികളായ നൈക്കിയെ ഫിഫയില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള നീക്കങ്ങളും സജീവമായിരുന്നു.

റഷ്യന്‍ കമ്പനിയായ ഗാസ്പ്രോം 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പടക്കമുള്ള ടൂര്‍ണമെന്റുകളില്‍ ഫിഫയുടെ ഔദ്യോഗിക പങ്കാളിയാണ്. 2022 വരെയുള്ള ഫിഫയുടെ ഓട്ടോമേറ്റീവ് പങ്കാളിയാണ് ഹ്യൂണ്ടായ്. എതിരാളികളായ മാസ്റ്റര്‍കാര്‍ഡിനെ പിന്തള്ളിയാണ് വീസ ഫിഫയുടെ 2022 വരെയുള്ള പരസ്യക്കരാര്‍ നേടിയത്. ഫിഫയുടെ മത്സരങ്ങള്‍ നടക്കുന്ന എല്ലാ സ്റ്റേഡിയങ്ങളിലും പാനീയവില്‍പ്പന നടത്തുന്ന മെക്സിക്കന്‍ കുത്തകയായ ബഡ്വൈസറിന്റെ വകയാണ് കളിയിലെ മികച്ച താരത്തിനുള്ള അവാര്‍ഡ്.

അഴിമതിക്കഥ പുറത്തുവന്നതിനു പിന്നാലെ ഫിഫയുമായുള്ള സഹകരണത്തില്‍ തങ്ങള്‍ പുനര്‍വിചിന്തനം നടത്തുമെന്നു വിസ പ്രഖ്യാപിച്ചിട്ടുണ്ട്്. കൊക്കകോളയും അഡിഡാസും ഫിഫയില്‍ അഴിച്ചുപണി ആവശ്യപ്പെട്ടതായും സൂചനയുണ്ട്. അഴിമതിക്കറ പുരണ്ട ഫിഫയുമായി കരാറിലേര്‍പ്പെടുന്നത് തങ്ങള്‍ക്കു നാണക്കേടാണെന്ന നിലപാടിലാണ് കുത്തകകമ്പനികള്‍. ഈ കരാറുകളിലെല്ലാം സുതാര്യതയേക്കാളേറെ താത്പര്യങ്ങള്‍ക്കാണ് പ്രധാന്യം നല്‍കുന്നതെന്ന് മുമ്പുതന്നെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനാല്‍ത്തന്നെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്നങ്ങള്‍ ഫിഫയേക്കാളേറെ ബാധിച്ചിരിക്കുന്നത് ഇത്തരം കുത്തകകളെയായിരിക്കും.


പുടിന്‍ അമേരിക്കയ്ക്കെതിരേ, ബ്ളാറ്റര്‍ മത്സരിക്കരുതെന്ന് കാമറോണ്‍

മോസ്കോ/ലണ്ടന്‍: അമേരിക്കന്‍ അന്വേഷണ ഏജന്‍സിയുടെ നിര്‍ദേശപ്രകാരം ഫിഫ ഭരണസമിതി അംഗങ്ങളെ സ്വിസ് പോലീസ് അറസ്റ് ചെയ്ത സംഭവത്തില്‍ അമേരിക്കയ്ക്കെതിരേ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍.

മറ്റൊരു രാജ്യത്തിന്റെ പരിധിയില്‍ കടന്ന് അന്വേഷണം നടത്തുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. റഷ്യക്കു 2018 ലോകകപ്പ് നല്‍കിയതില്‍ അമേരിക്കയ്ക്കു ബുദ്ധിമുട്ടുണ്ടാകുന്നത് സ്വാഭാവികം. അതു റദ്ദാക്കാന്‍ അമേരിക്ക ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സെപ് ബ്ളാറ്റര്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നു സ്വയം പുറത്തുപോകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ആവശ്യപ്പെട്ടു. ആരോപണങ്ങളും അറസ്റും തന്നെ ഞെട്ടിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

അഴിമതിക്കാരെ പുറത്താക്കും, മത്സരിക്കും: ബ്ളാറ്റര്‍

സൂറിച്ച്: അഴിമതിക്കാരായ ഫിഫ അധികൃതരെയെല്ലാം പുറത്താക്കുമെന്ന് പ്രസിഡന്റ് സെപ് ബ്ളാറ്റര്‍. ഏഴ് ഫിഫ ഭരണസമിതി അംഗങ്ങളെ പുറത്താക്കിയശേഷം ആദ്യമായാണ് ബ്ളാറ്റര്‍ പ്രതികരിക്കുന്നത്.

സ്വിറ്റ്സര്‍ലന്‍ഡ് പോലീസും അമേരിക്കന്‍ അന്വേഷണ ഏജന്‍സിയും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഏഴ് പേരെ അറസ്റ് ചെയ്തത്.

ഫുട്ബോളിനും ആരാധകര്‍ക്കും സംഘടനയെന്ന നിലയില്‍ ഫിഫയ്ക്കും ഇതു ബുദ്ധിമുട്ടേറിയ സമയമാണ്. ഫിഫയെ ആളുകള്‍ നോക്കിക്കാണുന്ന രീതിയില്‍ മാറ്റം വരാന്‍ ഈ അറസ്റ്റുകള്‍ കാരണമാകുമെന്നറിയാം. അതു പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു ബ്ളാറ്റര്‍ വ്യക്തമാക്കി. യുഎസും സ്വിസ് അധികൃതരും ചേര്‍ന്ന നടത്തിയ അന്വേഷണത്തെ അദ്ദേഹം സ്വാഗതം ചെയ്തു. അഴിമതി നിര്‍മാര്‍ജനം ചെയ്യാന്‍ ഫിഫ ഇതിനകം സ്വീകരിച്ചുകഴിഞ്ഞ നടപടികളെ ശക്തിപ്പെടുത്താന്‍ ഇതുപകരിക്കുമെന്നും ബ്ളാറ്റര്‍ പറഞ്ഞു. അതിനിടെ, താന്‍ മത്സരരംഗത്തുണ്ടാകുമെന്നും ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്നും ബ്ളാറ്റര്‍ വ്യക്തമാക്കി.


ഫിഫ തെരഞ്ഞെടുപ്പ് മാറ്റണം: യുവേഫവോട്ടെടുപ്പില്‍ പങ്കെടുക്കും

സൂറിച്ച്: സൂറിച്ച്: ഇന്നു നടക്കുന്ന ഫിഫ തെരഞ്ഞെടുപ്പ് കുറഞ്ഞത് ആറു മാസത്തേക്കെങ്കിലും മാറ്റിവയ്ക്കണമെന്ന് യൂറോപ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (യുവേഫ) ആവശ്യപ്പെട്ടു. ഫിഫ ഭരണസമിതി അംഗങ്ങളെ അഴിമതിയാരോപണത്തെത്തുടര്‍ന്ന് അറസ്റ് ചെയ്ത പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തുന്നത് ഉചിതമല്ലെന്ന് യുവേഫ ജനറല്‍ സെക്രട്ടറി ജിയാനി ഇന്‍ഫാന്റിനോ ചൂണ്ടിക്കാട്ടി. ഇന്നലെ തുടങ്ങിയ ഫിഫ കോണ്‍ഗ്രസില്‍ ഇന്നാണു വോട്ടെടുപ്പ്. സെപ് ബ്ളാറ്ററുടെ തെരഞ്ഞെടുപ്പിനെതിരേ ആദ്യം രംഗത്തെത്തിയത് യുവേഫയായിരുന്നു. ബ്ളാറ്റര്‍ക്കെതിരേ മത്സരിക്കുന്ന അലി ബിന്‍ അല്‍ ഹുസൈനെയാണ് യുവേഫയിലുള്ള 53 ഫെഡറേഷനുകള്‍ പിന്തുണയ്ക്കുന്നത്.

ഫിഫയുടെ ഓരോ പ്രവര്‍ത്തനത്തിലും അഴിമതി പ്രകടമാണ്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ വെളിച്ചത്തുവരും. അതുകൊണ്ടുതന്നെ ഇപ്പോള്‍ തെരഞ്ഞെടുപ്പു നടത്തുന്നതില്‍ അനൌചിത്യമുണ്െടന്ന് യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളറ്റീനി പറഞ്ഞു. ഫിഫ കോണ്‍ഗ്രസിനു മുന്നോടിയായി യുവേഫ അസോസിയേഷനുകള്‍ യോഗം ചേര്‍ന്നു. അതിനിടെ, യുവേഫ പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രതിനിധികള്‍ തള്ളി. അവര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്ന് മിഷേല്‍ പ്ളറ്റീനി വ്യക്തമാക്കി. ബ്ളാറ്റര്‍ പരാജയപ്പെടുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്ളാറ്റര്‍ സ്വയം പുറത്തുപോകണമെന്ന് പ്ളറ്റീനി ആവശ്യപ്പെട്ടു.

അതേസമയം, തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് ആഫ്രിക്കന്‍ ഫെഡറേഷനും ഏഷ്യന്‍ ഫെഡറേഷനും കോണ്‍കാകാഫ് ഫെഡറേഷനും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.