ആ ദുഃഖം മറന്ന് ബ്രസീല്‍
ആ ദുഃഖം മറന്ന് ബ്രസീല്‍
Wednesday, April 1, 2015 10:32 PM IST
സ്പോര്‍ട്സ് ലേഖകന്‍

അതൊരു വലിയ ദുരന്തമായിരുന്നു; ബ്രസീലിലെ ബെലോ ഹൊറിസോണ്െടയിലുള്ള മിനെയ്റോ സ്റ്റേഡിയത്തില്‍ ജര്‍മനിയുടെ കരുത്തിനുമുന്നില്‍ കാനറിപ്പക്ഷികള്‍ ചിറകറ്റു വീണു. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ കിരീടമെടുക്കാനുള്ള ശ്രമത്തിനുമേല്‍ ജര്‍മന്‍ പട്ടാളം സംഹാര താണ്ഡവമാടിയപ്പോള്‍ ബ്രസീലിനു നേരിടേണ്ടിവന്നതു ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി. 64 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ബ്രസീലില്‍ വിരുന്നിനെത്തിയ ലോകകപ്പില്‍ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കാണ് ബ്രസീല്‍ ക്ളോസായത്. 1950ലെ മാറക്കാന ദുരന്തത്തിനുശേഷം മിനെയ്റോ ദുരന്തമായി ഈ തോല്‍വി പരിണമിച്ചു.

പുതിയ കാലഘട്ടത്തില്‍ ഈ ദുരന്തത്തിന് മാറക്കാനയുടെ വേദന ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ ആ തോല്‍വി മറക്കാന്‍ വലിയ കാലതാമസമെടുക്കില്ല. അതു സംഭവിക്കുകയാണ്. പതിയെപ്പതിയെ ജര്‍മനിക്കെതിരേയുള്ള പരാജയം അവര്‍ മറക്കുകയാണ്. ഫുട്ബോള്‍ ശ്വസിച്ചു വളരുന്ന മണ്ണിന് അതു മറന്നേ മതിയാകൂ. മറക്കാനുള്ള ഔഷധം അവരുടെ ദേശീയ ടീം നല്‍കുകതന്നെ ചെയ്യും. ലോകകപ്പിലെ വലിയ പിഴവിന് ബ്രസീല്‍ പ്രയശ്ചിത്തം ചെയ്യുകയാണ് ഇപ്പോള്‍. ലൂയി ഫിലിപ് സ്കൊളാരിയുടെ കൈയില്‍നിന്ന് പരിശീലകക്കുപ്പായം ഏറ്റെടുത്ത ശേഷം തുടര്‍ച്ചയായ എട്ടു വിജയങ്ങള്‍ നേടിക്കൊടുത്ത് കാര്‍ലോസ് ദുംഗ എന്ന പഴയ പടക്കുതിര ബ്രസീലിനു പുതിയ നേട്ടങ്ങള്‍ സമ്മാനിക്കുകയാണ്. ലോകകപ്പിലെ മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ഹോളണ്ടിനോട് 3-0നു പരാജയപ്പെട്ടശേഷം ബ്രസീല്‍ ഒരു മത്സരത്തിലും പരാജയപ്പെട്ടിട്ടില്ല. സമനില പോലും വഴങ്ങിയിട്ടില്ല. ബ്രസീലിന്റെ ഈ കുതിപ്പില്‍ ലോക ഫുട്ബോളിലെ വന്‍ ശക്തികളായ അര്‍ജന്റീനയും ഫ്രാന്‍സുമൊക്കെയുണ്ട്.

തുടക്കം കൊളംബിയ

ലോകകപ്പിലെ ദുരന്തത്തിന്റെ ഓര്‍മയിലായിരുന്നു ബ്രസീല്‍ 2014 സെപ്റ്റംബര്‍ ആറിന് മയാമിയില്‍ കൊളംബിയയുമായി കൊമ്പുകോര്‍ത്തത്. ലോകകപ്പ് ക്വാര്‍ട്ടറില്‍ കൊളംബിയയ്ക്കെതിരായ മത്സരത്തില്‍ കൊളംബിയന്‍ താരം സുനിഗയുടെ ഇടികൊണ്ട് സൂപ്പര്‍ താരം നെയ്മറുടെ നട്ടെല്ലിനു മുറിവു പറ്റിയിരുന്നു. ഇതോടെ സെമിയില്‍ നെയ്മര്‍ക്കു കളിക്കാനായിരുന്നില്ല. ഇതു മഞ്ഞപ്പടയുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു. എന്നാല്‍, ലോകകപ്പിനുശേഷമുള്ള ബ്രസീലിന്റെ ആദ്യ മത്സരത്തില്‍ അതേ നെയ്മറുടെ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളില്‍ കൊളംബിയ പരാജയപ്പെട്ടു. അതൊരു തുടക്കമായിരുന്നു. സെപ്റ്റംബര്‍ 10നു നടന്ന മത്സരത്തില്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി. അമേരിക്കയിലെ ന്യൂജേഴ്സിയില്‍ നടന്ന മത്സരത്തില്‍ 30-ാം മിനിറ്റില്‍ വില്യനായിരുന്നു ബ്രസീലിന്റെ ഗോള്‍ നേടിയത്.

അര്‍ജന്റീനയെ മറിച്ചു

ലോകകപ്പിനുശേഷം ലോകം ഏറെ കാത്തിരുന്ന ഒരു പോരാട്ടമായിരുന്നു ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ളത്. ഈ ലോക പോരാട്ടത്തിനു വേദിയായതാകട്ടെ, ചൈനയിലെ ബെയ്ജിംഗും. 2014 ഒകിടോബര്‍ 14നു നടന്ന തീപാറുന്ന പോരാട്ടത്തിനൊടുവില്‍ പരമ്പരാഗത വൈരികളും അയല്‍ക്കാരുമായ അര്‍ജ ന്റീനയെ ബ്രസീല്‍ ഏകപക്ഷീയമായ രണ്ടു ഗോളിനു പരാജയപ്പെടുത്തി. 29കാരനായ ഡിയേഗോ ടാര്‍ഡെല്ലിയുടെ(28,64) ഉശിരന്‍ ഇരട്ടഗോളുകളാണ് ബ്രസീലിനു ജയമൊരുക്കിയത്. ദേശീയ ടീമില്‍ തിളങ്ങാന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കാകുന്നില്ല എന്ന ആരോപണങ്ങള്‍ക്കു കൂടുതല്‍ ശക്തി പകരുന്ന ദയനീയ പ്രകടനമായിരുന്നു മെസിയില്‍നിന്നുണ്ടായത്. 40-ാം മിനിറ്റില്‍ ലഭിച്ച നിര്‍ണായക പെനാല്‍റ്റി മെസി പാഴാക്കി. രണ്ടായിരത്തിനു ശേഷം ഇരുവരും ഏറ്റുമുട്ടിയ 17 മത്സരങ്ങളില്‍ 15ലും ബ്രസീല്‍ വിജയിച്ചു. അര്‍ജ ന്റീനയ്ക്കു ജയിക്കാനായത് അഞ്ചെണ്ണത്തില്‍ മാത്രം. രണ്ടു മത്സരം സമനിലയില്‍ കലാശിച്ചു.

ജപ്പാനായിരുന്നു ബ്രസീലിന്റെ അടുത്ത എതിരാളികള്‍. ഒക്ടോബര്‍ 14നു നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ നാലു ഗോളിനാണ് ബ്രസീല്‍ ജപ്പാനെ പരാജയപ്പെടുത്തിയത്. നാലു ഗോളും പിറന്നത് സൂപ്പര്‍ താരം നെയ്മറുടെ(18,48,77,81) ബൂട്ടില്‍നിന്ന്. ഇത്തവണ സിംഗപ്പൂരായിരുന്നു വേദി.

ഇസ്താംബുളില്‍ നവംബര്‍ 12നു നടന്ന മത്സരത്തിലും വിജയം ബ്രസീലിനൊപ്പം നിന്നു. ഇത്തവണ തുര്‍ക്കി എതിരാളിയായപ്പോള്‍ സ്കോര്‍ലൈനില്‍ വ്യത്യാസമുണ്ടായില്ല. മറുപടിയില്ലാത്ത നാലു ഗോളുകള്‍ തുര്‍ക്കി വലയില്‍ നിക്ഷേപിച്ചപ്പോള്‍ നെയ്മറുടെ വക രണ്ടു ഗോള്‍(20,60) ഉണ്ടായിരുന്നു. വില്യനും(44) ഗോള്‍ നേടിയപ്പോള്‍ കായയുടെ സെല്‍ഫ് ഗോളും ബ്രസീലിന്റെ അക്കൌണ്ടിലായി. നവംബര്‍ 18നു നടന്ന സൌഹൃദ മത്സരത്തില്‍ ബ്രസീല്‍ അല്പം വിഷമിച്ചാണു ജയിച്ചത്. പഴയ പടക്കുതിരയായ ഓസ്ട്രിയയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ മറികടന്നത്. ഗോള്‍ നേടിയത് ഡേവിഡ് ലൂയിസും (64) റോബര്‍ട്ടോ ഫെര്‍മിനോ(83)യും.


2015ന്റെ തുടക്കവും ബ്രസീലിനു ശുഭകരമാണ്. ഈ 26നു നടന്ന മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സിനെ അവരുടെ നാട്ടില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് കാനറി കെട്ടുകെട്ടിച്ചത്. ഓസ്കര്‍(40), നെയ്മര്‍(57), ലൂയിസ് ഗുസ്താവോ(69— എന്നിവര്‍ ബ്രസീലിനായി ഗോള്‍ നേടിയപ്പോള്‍ 21-ാം മിനിറ്റില്‍ വരെയ്നായിരുന്നു ഫ്രാന്‍സിന്റെ ആശ്വാസഗോള്‍ നേടിയത്. 29നു ലണ്ടനില്‍ നടന്ന മത്സരത്തില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെടുത്തി തുടര്‍ച്ചയായ എട്ടാം ജയമാഘോഷിച്ചു. 71-ാം മിനിറ്റില്‍ ഫെര്‍മിനോയായിരുന്നു ബ്രസീലിന്റെ ഗോള്‍ നേടിയത്.

ദുംഗയുടെ തന്ത്രവും നെയ്മറുടെ മികവും

മിക്ക വിജയങ്ങളിലും നിര്‍ണായകമായത് നെയ്മറുടെ പ്രകടനമാണ്. ഗോള്‍ വേട്ടയിലും നെയ്മര്‍ തന്നെ താരം. ബ്രസീല്‍ നേടിയ 18 ഗോളുകളില്‍ എട്ടും നെയ്മറുടെ ബൂട്ടില്‍നിന്നായിരുന്നു. ഏഴു മത്സരങ്ങളില്‍നിന്നാണ് നെയ്മറുടെ നേട്ടം. അഞ്ചു ഗോളുകള്‍ക്ക് വഴിയൊരുക്കിയതും നെയ്മര്‍ തന്നെ. ബ്രസീലിനുവേണ്ടി ഇതിനോടകം 43 ഗോളുകള്‍ നേടിയ നെയ്മര്‍ ബ്രസീലിയന്‍ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാമതാണ്. ഇതിഹാസ താരങ്ങളായ പെലെ(77), റൊണാള്‍ഡോ(62), റൊമാരിയോ(55), സീക്കോ(48) എന്നിവര്‍ മാത്രമാണ് 23കാരനായ നെയ്മര്‍ക്കു മുന്നിലുള്ളത്.

കാര്‍ലോസ് ദുംഗയെ ഒരുകാലത്ത് ബ്രസീല്‍ ഫുട്ബോള്‍ ആരാധകര്‍ വിമര്‍ശിച്ച് ഓടിച്ചതാണ്. 2010ലെ ലോകകപ്പ് പരാജയത്തില്‍ ദുംഗയുടെ റോളും കുപ്രസിദ്ധമായിരുന്നു. എന്നാല്‍, 2014ലെ രണ്ടാം വരവ് ദുംഗയ്ക്ക് സല്‍പ്പേരു സമ്മാനിച്ചു. 1969ല്‍ യാവോ സല്‍ഡാനയ്ക്കു ശേഷം ആദ്യമായാണ് ഒരു ബ്രസീല്‍ പരിശീലകന്‍ ഇത്രയധികം നേട്ടം തുടര്‍ച്ചയായി കൈവരിക്കുന്നത്.

യുവതാരങ്ങളുടെ വരവ്

നെയ്മറുടെ നേതൃത്വത്തിലും ഒരുപറ്റം യുവതാരങ്ങളാണ് ബ്രസീലിന്റെ പുതിയ കരുത്ത്. 23കാരനായ റോബര്‍ട്ടോ ഫെര്‍മിനോയാണ് അവരില്‍ പ്രധാനി. ബുണ്ടസ് ലിഗയില്‍ ഹോഫന്‍ഹീമിനുവേണ്ടി കളിക്കുന്ന ഫെര്‍മിനോയുടെ മികച്ച വരവു കണ്ടത് ഓസ്ട്രിയയ്ക്കെതിരേയായിരുന്നു. 1-1 സമനിലയിലേക്കു നീങ്ങിയ മത്സരം 83-ാം മിനിറ്റില്‍ നേടിയ തകര്‍പ്പന്‍ ഗോളിലൂടെ ഫെര്‍മിനോ ബ്രസീലിന് അനുകൂലമാക്കുകയായിരുന്നു. ഫ്രാന്‍സിനെതിരേ ഓസ്കറുമായി നടത്തിയ മുന്നേറ്റവും ശ്രദ്ധേയമായി. ഗോള്‍ നേടിയത് ഓസ്കറെങ്കിലും ഗോളിനു വഴിയൊരുക്കിയത് ഫെര്‍മിനോയായിരുന്നു. അവസാനം ചിലിക്കെതിരായ മത്സരത്തിലും ഫെര്‍മിനോ മികവു തെളിയിച്ചു. ഫെര്‍മിനോയുടെ ഗോളാണ് മഞ്ഞപ്പടയ്ക്കു ജയമൊരുക്കിയത്. റൈറ്റ് ബാക്കായ ഡാനിലോയാണ് മറ്റൊരു ശ്രദ്ധേയ യുവതാരം. ഇതിഹാസ താരം കഫുവിന്റെ പൊസിഷനില്‍ കളിക്കുന്ന ഡാനിലോ മികച്ച പ്രകടനത്തിലൂടെ മുന്നേറുന്നു. സെന്റര്‍ ബാക് മിറാന്‍ഡ, കുട്ടീഞ്ഞോ തുടങ്ങിയവര്‍ ഭാവി വാഗ്ദാനങ്ങളാണ്.

ഇനി കോപ്പ അമേരിക്ക

ലോക ഫുട്ബോള്‍ ഇനി വളരെയധികം കാത്തിരിക്കുന്ന പോരാട്ടമാണ് ജൂണില്‍ നടക്കാന്‍ പോകുന്നത്. ലാറ്റിനമേരിക്കന്‍ ജേതാക്കളെ തെരഞ്ഞെടുക്കുന്ന പോരാട്ടത്തില്‍ 10 ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും അതിഥികളായെത്തുന്ന രണ്ട് കോണ്‍കാകാഫ് രാജ്യങ്ങളുമാണ് പങ്കെടുക്കുന്നത്. യുവനിരയുടെ കരുത്തില്‍ ദുംഗയ്ക്കും സംഘത്തിനും ചിലിയില്‍ നടക്കുന്ന കോപ്പ അമേരിക്ക കിരീടം ഉയര്‍ത്താനാകുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ബ്രസീലിന് ഇനി ജൂണില്‍ മാത്രമേ അന്താരാഷ്്ട്ര മത്സരമുള്ളൂ. അതാകട്ടെ, കോപ്പ അമേരിക്കയുടെ സന്നാഹ മത്സരങ്ങളും തുടര്‍ന്നുള്ള ഫൈനല്‍സും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.