കേരളത്തിനു നേട്ടങ്ങള്‍ കൊണ്ടുവരും: ടി.സി. മാത്യു
കേരളത്തിനു നേട്ടങ്ങള്‍ കൊണ്ടുവരും: ടി.സി. മാത്യു
Tuesday, March 3, 2015 10:56 PM IST
കൊച്ചി: കൂടുതല്‍ നേട്ടങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അതാണ് തന്റെ പ്രഥമ ലക്ഷ്യമെന്നും ബിസിസിഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി.സി. മാത്യു. കേരളത്തില്‍ നിന്നു പത്തുവര്‍ഷത്തിനു ശേഷമാണ് ബിസിസിഐയില്‍ ഒരു ഭാരവാഹിയുണ്ടാകുന്നത്.

വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെയാള്‍ താനാണ്. അതുകൊണ്ടുതന്നെ ഏറെ ഉത്തരവാദിത്വം തനിക്കുണ്െടന്നും അദ്ദേഹം ദീപികയോടു പറഞ്ഞു.

ഒട്ടേറെ പ്രഗത്ഭര്‍ക്കൊപ്പമാണ് ബിസിസിഐയില്‍ പ്രവര്‍ത്തിക്കേണ്ടത്. ഇവരില്‍ എട്ട് എംപിമാര്‍ തന്നെയുണ്ട്. അതുകൊണ്ടുതന്നെ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കേണ്ടിയിരിക്കുന്നു.

പശ്ചിമമേഖലയുടെ പ്രതിനിധിയായാണ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. വളരെ ഉത്തരവാദിത്വത്തോടെ തന്നെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ക്രിക്കറ്റിനോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. കേരളത്തില്‍ ക്രിക്കറ്റിന് വിനോദ നികുതി ഒഴിവാക്കുന്നില്ല. ഈ നിലപാട് മാറ്റിയാല്‍ ഐപിഎല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ കേരളത്തിലെത്തും.

ഐപിഎല്‍ കോഴ കേസില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി വന്നാല്‍ ശ്രീശാന്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരികെ എത്താനുള്ള എല്ലാ സഹായവും ചെയ്തു നല്‍കുമെന്ന് ടി.സി മാത്യു പറഞ്ഞു. ചെന്നൈയിലെ യോഗത്തിനു ശേഷം കൊച്ചിയിലേക്ക് മടങ്ങിയെത്തി നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകായിരുന്നു അദ്ദേഹം. ശ്രീശാന്തിനോട് സഹതാപ നിലപാടാണ് ബിസിസിഐയ്ക്കുള്ളത്. അതുകൊണ്ടാണ് ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയതല്ലാതെ വേറൊരു നടപടിയും അദ്ദേഹത്തിനെതിരേ എടുക്കാത്തത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പുതിയ ക്രിക്കറ്റ് സ്റേഡിയം നിര്‍മിക്കാന്‍ ബിസിസിഐ പൂര്‍ണ സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിനു ടെസ്റ് വേദി അടക്കമുള്ള ആവശ്യങ്ങള്‍ക്ക് മാത്യുവിന്റെ വരവോടെ പ്രതീക്ഷയേറി.


അഭിഭാഷകനില്‍നിന്ന് രാജ്യത്തെ ഏറ്റവും വലിയ കായിക സംഘടനയുടെ ഭരണത്തിലേക്ക്

പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ ടി.സി.മാത്യു എല്‍എല്‍ബി, എംബിഎ ബിരുദങ്ങളും നേടിയിട്ടുണ്ട്. കൂടാതെ ബംഗളൂരു ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ പിഎച്ച്ഡിയും ചെയ്യുന്നുണ്ട്. നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ ഇദ്ദേഹം തൊടുപുഴ ജില്ലാ കോടതിയില്‍ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

1997 മുതല്‍ 2005 വരെ കെസിഎയുടെ ട്രഷററായിരുന്നു. 2005 മുതല്‍ 2014 ജൂണ്‍ വരെ സെക്രട്ടറിസ്ഥാനം വഹിച്ചു. 2007 മുതല്‍ 2012 വരെ ബിസിസിഐ വര്‍ക്കിംഗ് കമ്മിറ്റിയിലും 2010 മുതല്‍ ബിസിസിഐ ഫിനാന്‍സ് കമ്മിറ്റിയിലും ദേശീയ ക്രിക്കറ്റ് അക്കാദമിയിലും അംഗമാണ്.

ടി.സി. മാത്യു കേരള ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയായിരിക്കെയാണ് കേരളത്തിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി മിഷന്‍ 20- 20 പദ്ധതി ആരംഭിച്ചത്. ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ക്രിക്കറ്റ് അക്കാദമികളും സ്പോര്‍ട്സ് ഹോസ്റ്റലുകളും സ്ഥാപിച്ചു. കാഷ് കേരള, സ്കൂളുകളില്‍ ക്രിക്കറ്റ് വളര്‍ത്തിയെടുക്കാനുള്ള ക്രിക്കറ്റ് അറ്റ് സ്കൂള്‍ പദ്ധതി എന്നിവ അദ്ദേഹം വിഭാവന ചെയ്തവയാണ്. കഴിവുറ്റ അത്ലറ്റുകള്‍ക്ക് പരിശീലനം നല്‍കുന്ന കെസിഎയുടെ മിഷന്‍ ഗോള്‍ഡ് പദ്ധതിയും ആരംഭിച്ചു.

വയനാട്, ഇടുക്കി, തിരുവനന്തപുരം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഫസ്റ് ക്ളാസ് ക്രിക്കറ്റ് സ്റേഡിയം നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്തത് ഈ കാലയളവിലാണ്. ഇതില്‍ വയനാട് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. 2014ല്‍ ന്യൂസിലന്‍ഡ് പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെയും 2004 ല്‍ ശ്രീലങ്കന്‍ ടൂര്‍ നടത്തിയ ഇന്ത്യന്‍ ടീമിന്റെയും മാനേജരും 2007ല്‍ സിംബാബ്വേ- കെനിയ ടൂറിലും 2010 ല്‍ ഇംഗ്ളണ്ട് ടൂറിലും ഇന്ത്യ എ ടീമിന്റെ മാനേജരുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.