ഗെയിംസിനു ശേഷം കേരളം നിറസാന്നിധ്യമാകുമോ?
ഗെയിംസിനു ശേഷം കേരളം നിറസാന്നിധ്യമാകുമോ?
Monday, January 26, 2015 11:40 PM IST
തോമസ് വര്‍ഗീസ്

തലസ്ഥാന നഗരം ഉള്‍പ്പെടെ ഏഴു ജില്ലകളിലായി 1987ല്‍ ലഭിച്ച കായികമേഖലയിലെ അടിസ്ഥാന സൌകര്യങ്ങള്‍ വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ നമുക്കു സാധിച്ചിട്ടുണ്േടാ? ദേശീയ ഗെയിംസ് ഒരു കേന്ദ്രത്തില്‍ മാത്രമായി നടത്തണമെന്ന നിലപാടില്‍നിന്നും വ്യത്യസ്തമായി സംസ്ഥാനത്തെ പല കേന്ദ്രങ്ങളിലായി നടത്തുന്നത് സ്റേഡിയങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങള്‍ കായികരംഗത്തിന് ഒരുക്കുന്നതിനുള്ള അവസരമായാണു വിലയിരുത്തപ്പെട്ടത്. കായികമേഖലയുടെ അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ നമുക്ക് നടത്താന്‍ കഴിയണം. എങ്കില്‍ മാത്രമേ കേരളത്തിനു ദേശീയ, അന്തര്‍ദേശീയ മത്സരങ്ങള്‍ക്കായുള്ള പോരാട്ടവീര്യം സ്വന്തമാക്കാന്‍ കഴിയൂ.

87ലെ ദേശീയ ഗെയിംസ് നടത്തിപ്പിനു ശേഷം എത്ര ദേശീയ മീറ്റുകള്‍ കേരളത്തിനു സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് കായികരംഗത്തുള്ളവര്‍ ഉന്നയിക്കുന്ന ചോദ്യം. അന്നു പ്രധാന മത്സരവേദിയായിരുന്ന യൂണിവേഴ്സിറ്റി സ്റേഡിയത്തില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മത്സരങ്ങള്‍ പിന്നീടു സംഘടിപ്പിക്കാന്‍ കേരളാ ഒളിമ്പിക് അസോസിയേഷനു കഴിഞ്ഞിട്ടില്ലെന്നതാണു വസ്തുത. ദേശീയ ഗെയിംസിനു ശേഷം ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റ് മാത്രമാണ് കുറച്ചെങ്കിലും ജനശ്രദ്ധ ആകര്‍ഷിച്ച മീറ്റെന്ന് കേരള സര്‍വകലാശാലാ മുന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറകടറും ദേശീയഗെയിംസ് ടെക്നിക്കല്‍ ഡയറക്ടറുമായ പ്രഫ. പത്രോസ് പി. മത്തായി പറയുന്നു. സ്റേറ്റ് സ്കൂള്‍ മീറ്റാണ് മൂന്നു പതിറ്റാണ്ടിനു മുമ്പ് ദേശീയ ഗെയിംസ് നടത്തിയ യൂണിവേഴ്സിറ്റി സ്റേഡിയത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിയിട്ടുള്ള പ്രധാന മീറ്റ്.

87-ല്‍ ദേശീയ ഗെയിംസിനോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ തിരുവനന്തപുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. കൊല്ലം ലാല്‍ ബഹാദൂര്‍ സ്റേഡിയം 87-ല്‍ ഫുട്ബോള്‍ മത്സരങ്ങളുടെ വേദിയായിരുന്നെങ്കില്‍ ഈ ദേശീയ ഗെയിംസില്‍ റഗ്ബി മത്സരങ്ങള്‍ക്കായാണ് തയാറാക്കുന്നത്. തൃശൂരില്‍ 27 വര്‍ഷങ്ങള്‍ക്കു മുമ്പു നിര്‍മിച്ചു തുറന്നുകൊടുത്ത ഓപ്പണ്‍ എയര്‍ അക്വാട്ടിക് കോംപ്ളക് പിന്നീട് എത്ര ദേശീയ മത്സരങ്ങള്‍ക്ക് വേദിയായി എന്നു പിന്നോട്ട് നോക്കിയാല്‍ വ്യക്തമാകും. കൊല്ലത്തെ ലാല്‍ ബഹദൂര്‍ സ്റേഡിയവും ആലപ്പുഴ പുന്നമടക്കായലില്‍ ഒരുക്കിയ തുഴച്ചില്‍ സംവിധാനങ്ങളുമെല്ലാം 87-ലെ ദേശീയ ഗെയിംസിന്റെ അസ്ഥിപഞ്ജരങ്ങളാവുകയായിരുന്നു.

ലോകോത്തര പരിശീലനകേന്ദ്രം മറക്കരുത്

ദേശീയ കായികമാമാങ്കത്തിന്റെ തുടക്കമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ താരങ്ങള്‍ക്ക് ഉന്നത പരിശീലനത്തിനായി പ്രഖ്യാപിച്ച് മൂന്നാറിലെ ലോകോത്തര പരിശീലനകേന്ദ്രത്തെ നമ്മള്‍ മറക്കരുത്. ലോകത്തെ ഏതു കാലാവസ്ഥയോടും പൊരുത്തപ്പെടാന്‍ മലയാളി കായികതാരങ്ങളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2008-ല്‍ മൂന്നാറില്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് പരിശീലന കേന്ദ്രം സ്ഥാപിച്ചത്. 400 മീറ്റര്‍ ട്രാക്ക്, ഫുട്ബോള്‍ ഗ്രൌണ്ട്, 20 പേര്‍ക്കു താമസിക്കാവുന്ന ഹോസ്റല്‍ എന്നിവയാണ് പ്രധാനമായും ഇപ്പോഴുള്ളത്. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് പരിശീലനത്തിനുള്ള സൌകര്യം ക്രമീകരിക്കാനൊരുക്കിയ ഈ സെന്ററില്‍ 2008ല്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ താരങ്ങളുടെ പരിശീലനമാണ് ഇവിടെ നടന്ന ഏക കേന്ദ്രീകൃത ക്യാമ്പ്. 5.7 കോടി രൂപയുടെ വികസനപ്രവര്‍ത്തനം നടത്തിയ മൂന്നാറില്‍ സ്വിമ്മിംഗ് പൂള്‍ ഉള്‍പ്പെടെയുള്ള വന്‍ വികസനപ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിട്ടത്. കേരളാ കായികരംഗത്തിന്റെ വികസനത്തിനായി മുടക്കിയ കോടികണക്കിനു രൂപ പാഴാകേണ്ടതാണോ എന്ന് അധികാരികള്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു.


2011 റാഞ്ചിക്കു നല്‍കിയ നേട്ടങ്ങള്‍

മുപ്പത്തിനാലാം ദേശീയ ഗെയിംസ് നടത്തിയ റാഞ്ചി ബിര്‍സാ മുണ്ട സ്പോര്‍ട്സ് കോംപ്ളക്സില്‍ ഒരുക്കിയ സൌകര്യങ്ങള്‍ മാവോയിസ്റുകളുടെ ശക്തി കേന്ദ്രമായ ജാര്‍ഖണ്ഡിലെ കായിക കുതിപ്പിനു കാരണമായി. 275 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ബിര്‍സാമുണ്ടാ സ്പോര്‍ട്സ് കോംപ്ളക്സിലെ അത്ലറ്റിക് സ്റേഡിയത്തില്‍ എല്ലാ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളും നടത്താന്‍ സൌകര്യമൊരുക്കിയിരുന്നു.

ബിര്‍സാമുണ്ട സ്റേഡിയം റാഞ്ചിയില്‍ ഉയര്‍ന്നതോടെ ഇന്ത്യയിലെ പ്രധാന കായിക മത്സരങ്ങളുടെ വേദി റാഞ്ചിയായി. ഇക്കുറിയും ദേശീയ സ്കൂള്‍ അതലറ്റിക് മീറ്റ് നടത്തിപ്പിനായി ജാര്‍ഖണ്ഡിനെയാണ് സ്കൂള്‍ ഗെയിംസ് ഫെഡറേഷനു സമീപിക്കേണ്ടി വന്നത്. റാഞ്ചിക്ക് ഈ അടിസ്ഥാന സൌകര്യങ്ങള്‍ ലഭിച്ചത് കഴിഞ്ഞ ദേശീയ ഗെയിംസിലൂടെയാണ്.

ബിര്‍സാ മുണ്ടാ സ്പോര്‍ട്സ് കോംപ്ളക്സില്‍ ഫുട്ബോള്‍, നീന്തല്‍ തുടങ്ങിയവയ്ക്കായി ഏറ്റവും അത്യാധുനിക ക്രമീകരണങ്ങള്‍ ഒരുക്കി. ദേശീയ ഗെയിംസ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ അന്തര്‍ദേശീയ മത്സരങ്ങള്‍ക്കു വേദിയായി; കഴിഞ്ഞ വര്‍ഷം നടന്ന സൌത്ത് ഏഷ്യന്‍ ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനും. ദേശീയ സ്കൂള്‍ കായികമേളയ്ക്കു വേദിയായതും റാഞ്ചി തന്നെ.

ദേശീയ ഗെയിംസ് നല്കിയ അടിസ്ഥാനസൌകര്യങ്ങള്‍ പൂര്‍ണമായും ഇവര്‍ വീണ്ടും ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇത്തരത്തിലൊരു മാറ്റം കേരളത്തിലുമുണ്ടാവേണ്ടതല്ലേ.

1987 നു ശേഷമുള്ള ദേശീയ ഗെയിംസുകള്‍ നടന്നിട്ടുള്ള കര്‍ണാടക, മണിപ്പൂര്‍, ആന്ധ്ര, പഞ്ചാബ്, ആസാം എന്നിവിടങ്ങളിലെല്ലാം സ്റേഡിയം സംരക്ഷിക്കുന്നത് കേരളത്തേക്കാള്‍ മികച്ച രീതിയിലാണ്. ഇക്കുറിയെങ്കിലും കേരളത്തിനു ലഭ്യമാകുന്ന അടിസ്ഥാന സൌകര്യങ്ങള്‍ മികച്ച രീതിയില്‍ നമ്മള്‍ സംരക്ഷിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.