റയല്‍ ചാമ്പ്യന്‍
റയല്‍ ചാമ്പ്യന്‍
Monday, December 22, 2014 11:26 PM IST
മരാകേഷ് (മൊറോക്കോ): ഫിഫ ക്ളബ് ലോകകപ്പ് ഫുട്ബോള്‍ കിരീടം സ്പാനിഷ് വമ്പനായ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. ഫൈനലില്‍ അര്‍ജന്റൈന്‍ ക്ളബ്ബായ സാന്‍ ലോറെന്‍സോയെ 2-0നു കീഴടക്കിയാണ് റയല്‍ മാഡ്രിഡ് ക്ളബ് ലോകകപ്പ് ഉയര്‍ത്തിയത്. ഇതോടെ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ റയലിന്റെ അക്കൌണ്ടിലേക്ക് എത്തുന്ന നാലാമത്തെ പ്രമുഖ കിരീടമാണ് ലോകകപ്പ്. ചാമ്പ്യന്‍സ് ലീഗ്, കോപ്പ ഡെല്‍റേ, യുവേഫ സൂപ്പര്‍ കപ്പ് എന്നിവ കാര്‍ലോസ് ആന്‍സിലോട്ടിയുടെ കുട്ടികള്‍ ഇതിനോടകം സ്വന്തമാക്കിയിരുന്നു. കിരീടനേട്ടത്തോടെ തോല്‍വി അറിയാതെ 22-ാം മത്സരവും റയല്‍ പൂര്‍ത്തിയാക്കി.

37-ാം മിനിറ്റില്‍ ഹെഡറിലൂടെ സെര്‍ഹ്യോ റാമോസും 51-ാം മിനിറ്റില്‍ ഗാരെത് ബെയ്ലും റയലിനായി എതിര്‍ ഗോള്‍ വല കുലുക്കി. ടോണി ക്രൂസിന്റെ ക്രോസില്‍നിന്നാണ് റാമോസിന്റെ ഹെഡര്‍ ഗോള്‍ പിറന്നത്. ഇസ്കോയാണ് ബെയ്ലിനു ഗോളിലേക്കുള്ള വഴി തുറന്നു നല്കിയത്.


അര്‍ജന്റൈന്‍ ചാമ്പ്യന്മാരും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇഷ്ട ക്ളബ്ബുമായ സാന്‍ ലോറെന്‍സോയ്ക്ക് റയലിന്റെ താര നിബിഢമായ ലൈനപ്പിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ലോകത്തിലെ പ്രമുഖ താരങ്ങള്‍ ഓരോ പൊസിഷനിലും അണിനിരന്ന റയലിനെ പിടിച്ചുകെട്ടാന്‍ ലോറെന്‍സോയുടെ കളിക്കാര്‍ പാടുപെട്ടു. 36 മിനിറ്റുവരെ ഗോള്‍ വഴങ്ങാന്‍ കൂട്ടാക്കാതിരുന്ന അര്‍ജന്റൈന്‍ ക്ളബ് മിന്നല്‍ നീക്കങ്ങളിലൂടെ റയല്‍ ഗോളി ഐകര്‍ കസിയസിനെ പരീക്ഷിച്ചെങ്കിലും ഗോള്‍ സ്വന്തമാക്കാന്‍ സാധിച്ചില്ല. റയലിന്റെ ആദ്യ പതിനൊന്നില്‍ ക്രിസ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സെമ, ജയിംസ് റോഡ്രിഗസ്, ഗാരെത് ബെയ്ല്‍, ടോണി ക്രൂസ്, ഇസ്കോ, റാമോസ് തുടങ്ങിയ വമ്പന്മാര്‍ അണിനിരന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.