ചെന്നൈയിന്‍ വീണു
Friday, November 28, 2014 12:05 AM IST
ഗോഹട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തട്ടകത്തില്‍ കളിക്കാനിറങ്ങിയ ചെന്നൈയിന്‍ എഫ്സി നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ ആക്രമണത്തിനു മുന്നില്‍ തകര്‍ന്നുവീണു. നോര്‍ത്ത്ഈസ്റ്റ് തങ്ങളുടെ നിര്‍ണായകമായ മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ചെന്നൈയിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കീഴടക്കി. തുടര്‍ച്ചയായ ആറു മത്സരങ്ങള്‍ക്കു ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് വിജയ പാതയിലേക്കു തിരിച്ചെത്തിയത്. ചെന്നൈയാണെങ്കില്‍ ഏഴു മത്സരങ്ങള്‍ക്കു ശേഷമാണ് തോല്‍വി വഴങ്ങുന്നതും.

വിജയത്തോടെ നോര്‍ത്ത് ഈസ്റ് പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തേക്കു കുതിച്ചെത്തി. അവര്‍ക്ക് ഇപ്പോള്‍ 11 മത്സരങ്ങളില്‍നിന്ന് 13 പോയിന്റുണ്ട്. 11 മത്സരങ്ങളില്‍നിന്ന് 19 പോയിന്റുള്ള ചെന്നൈയിനാണു മുന്നില്‍. മത്സരത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ടതോടെ 71ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മാര്‍കി താരം യോഹാന്‍ കാപ്ഡെവിയയ്ക്ക് പുറത്തേക്കു പോകേണ്ടിവന്നു. ഇതേത്തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് പത്തു പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായുള്ള ആക്രമണത്തിന്റെ ഫലം പത്താം മിനിറ്റില്‍തന്നെ കണ്ടു. ബോയ്താംഗിന്റെ ക്രോസ് ക്ളിയര്‍ ചെയ്യാന്‍ എറിക് ജെമ്പാ ജെമ്പാ പരാജയപ്പെട്ടപ്പോള്‍ ദുര്‍ഗാ ബോറോ ഹെഡ് ചെയ്ത് വല കുലുക്കി. നോര്‍ത്ത് ഈസ്റ്റ് മുന്നില്‍. 20ാം മിനിറ്റില്‍ മാസാംബ നോര്‍ത്ത് ഈസ്റ്റിന്റെ ലീഡ് ഉയര്‍ത്തി. വെറും രണ്ടു മിനിറ്റിന്റെ ഇടവേളയ്ക്കുശേഷം ആതിഥേയര്‍ വീണ്ടും സന്ദര്‍ശകരെ ഞെട്ടിച്ചു. ഫ്രീകിക്കെടുത്ത കൊക്കേയുടെ കണക്കുകൂട്ടല്‍ അണുവിടതെറ്റാതെ മസാംബയെ തേടിയെത്തി. ഇത്തവണയും ഉയര്‍ന്നു ചാടി മസാംബ പന്ത് തലയില്‍ സ്വീകരിച്ച് വലയുടെ വലതു വശത്തുതന്നെയിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.