ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റ്: കടമ്പകടന്നു കേരളം
ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റ്: കടമ്പകടന്നു കേരളം
Friday, November 28, 2014 12:02 AM IST
വിജയവാഡ: ഹര്‍ഡില്‍സില്‍ പ്രഖ്യാപിച്ച ആറു സ്വര്‍ണത്തില്‍ മൂന്നും നേടി കരുത്തു കണിച്ചപ്പോള്‍ 30-ാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ രണ്ടാംദിനം കേരളം മികച്ചതാക്കി. എങ്കിലും ഹരിയാനയെ പിന്തള്ളി ഒന്നാമതെത്താമെന്ന കേരളത്തിന്റെ മോഹം നടന്നില്ല. 35 ഇനങ്ങളുടെ ഫൈനല്‍ ഫലങ്ങള്‍ വന്നപ്പോള്‍ 119 പോയിന്റുള്ള ഹരിയാന മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് 110 പോയിന്റും 94 പോയിന്റുള്ള തമിഴ്നാട് മൂന്നാം സ്ഥാനത്തുമാണ്. 82 പോയിന്റുമായി ഉത്തര്‍പ്രദേശ് നാലാം സ്ഥാനത്താണ്. ആദ്യദിനത്തേതുപോലെതന്നെ ഇന്നലെയും കേരളം നാലു സ്വര്‍ണം സ്വന്തമാക്കി. ഇതോടെ സുവര്‍ണവേട്ട എട്ടായി ഉയര്‍ന്നു. മീറ്റിന്റെ രണ്ടാം ദിനത്തിലും ഒരു ദേശീയ റിക്കാര്‍ഡ് തകര്‍ക്കപ്പെട്ടു. ജൂണിയര്‍ പെണ്‍കുട്ടികളുടെ 10000 മീറ്റര്‍ റേസ് വാക്കിംഗില്‍ ഉത്തര്‍പ്രദേശിന്റെ പ്രിയങ്കയാണ് ദേശീയ റിക്കാര്‍ഡിന് ഉടമയായത്. സമയം-49:16.51. 2010ല്‍ പഞ്ചാബിന്റെ കുശ്ബീര്‍ കൌര്‍ സ്ഥാപിച്ച 49:21.21 എന്ന സമയത്തിന്റെ റിക്കാര്‍ഡാണ് പ്രിയങ്ക പഴങ്കഥയാക്കിയത്.

ചീറിപ്പാഞ്ഞ് മെയ്മോന്‍,ഇരട്ടസ്വര്‍ണത്തോടെ ഭരണങ്ങാനം സെന്റ് മേരീസ്

യൂത്ത് ഒളിമ്പിക്സില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ നാലാം സ്ഥാനത്തെത്തിയ കേരളത്തിന്റെ മെയ്മോന്‍ പൌലോസ് യൂത്ത് ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടി. 13.99 സെക്കന്‍ഡില്‍ പുതിയ മീറ്റ് റിക്കാര്‍ഡ് കുറിച്ചാണ് മെയ്മോന്‍ വിജയവാഡ സ്റ്റേഡിയത്തില്‍ താരമായത്. ഈയിനത്തില്‍ തമിഴ്നാടിന്റെ ലോകേശ്വരന്‍ വെള്ളിയും പശ്ചിമബംഗാളിന്റെ ദേവാര്‍ജുന്‍ മുര്‍മു വെങ്കലവും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷവും ഈയിനത്തില്‍ സ്വര്‍ണം മെയ്മോനായിരുന്നു. ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലേ സുവര്‍ണ നേട്ടത്തില്‍ എം.എന്‍. നിസാമുദ്ദീന്‍ കണ്െടത്തിയ സമയത്തേക്കാള്‍ മികച്ച സമയത്തിലാണ് മെയ്മോന്‍ ഓടിയതെന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു.

ജൂണിയര്‍ ആണ്‍കുട്ടികളുടെ ഹര്‍ഡില്‍സിലും കേരളത്തിനാണു സ്വര്‍ണം. എം.എന്‍ നിസാമുദ്ദീന്റെ ചാട്ടുളി പോലുള്ള ഓട്ടം സ്വര്‍ണത്തില്‍തൊട്ടാണ് അവസാനിച്ചത്. സമയം: 14.76 സെക്കന്‍ഡ്. ഈയിനത്തില്‍ കേരളത്തിനു തന്നെയാണ് വെള്ളിയും. ഡി ശ്രീകാന്താണ് വെള്ളിയുമായി തിളങ്ങിയത്. സമയം: 14.83. പശ്ചിമബംഗാളിന്റെ സത്യജിത് സരണ്‍ വെങ്കലം നേടി.


അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലും കേരളത്തിനാണ് സ്വര്‍ണം. ഭരണങ്ങാനം സ്പോര്‍ട്സ് കൌണ്‍സില്‍ ഹോസ്റ്റല്‍ താരം ഡൈബി സെബാസ്റ്റ്യനാണ് മിന്നും പ്രകടനത്തോടെ സ്വര്‍ണം സ്വന്തമാക്കിയത്. സമയം: 14.45 സെക്കന്‍ഡ്. മഹാരാഷ്്ട്രയുടെ അന്താരാഷ്്ട്രതാരം അങ്കിത ഗോസ്വാമി (14.72) വെള്ളിയും തമിഴ്നാടിന്റെ ജി. മോഹന(15.15) വെങ്കലവും സ്വന്തമാക്കി.

നിലവിലെ ചാമ്പ്യനായ ഡൈബി ഇടുക്കി മൂലമറ്റം പാതിപ്പുരയിടത്തില്‍ ദേവസ്യ-ബീന ദമ്പതികളുടെ മകളാണ്. ജൂലിയസ് ജെ. മനയാനിയാണ് പരിശീലകന്‍. ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഡൈബി. ഭരണങ്ങാനം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറിക്ക് ഇന്നലെ രണ്ടു സ്വര്‍ണമാണ് ലഭിച്ചത്.

ഇതേ സ്കൂളില്‍ ഇതേ ഹോസ്റ്റലില്‍ പരിശീലിക്കുന്ന ലിബിയ ഷാജി ഹൈജംപില്‍ സ്വര്‍ണം സ്വന്തമാക്കി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജംപില്‍ 1.66 മീറ്റര്‍ ഉയരം കണ്െടത്തിയാണ് ലിബിയ സ്വര്‍ണം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയതും കേരളത്തിന്റെ താരമാണ്. 1.64 മീറ്റര്‍ കണ്െടത്തിയ ടി.സി. ചെഷ്മ. കോട്ടയം, ചേന്നാട് കരിമ്പനാല്‍ ഷാജി-ഏലിയാമ്മ ദമ്പതികളുടെ മകളാണ് ലിബിയ.

ജൂണിയര്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പ്രതീക്ഷിച്ച സ്വര്‍ണം കേരളത്തിനു ലഭിച്ചില്ല. തമിഴ്നാടിന്റെ ധനലക്ഷ്മിക്കാണ് സ്വര്‍ണം. സമയം: 14.93. വെള്ളിയും വെങ്കലവും കേരളത്തിനാണ്. എലിസബത്ത് ആന്റണി(14.99) വെള്ളി നേടിയപ്പോള്‍ ടി.എസ്. ആര്യ (15.31) വെങ്കലം സ്വന്തമാക്കി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ കേരളത്തിന്റെ ജെ. രജ്നയ്ക്ക് വെങ്കലം ലഭിച്ചു. ഈയിനത്തില്‍ ഹരിയാനയുടെ പുഷ്പ ജാഗറിനാണ് സ്വര്‍ണം.
മീറ്റിന്റെ മൂന്നാം ദിനമായ ഇന്നു 35 ഫൈനലുകള്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.