മാറ്റുറപ്പിക്കാന്‍ അത്ലറ്റിക്കോയും ഗോവയും
Thursday, October 23, 2014 10:43 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ആദ്യ ജയം തേടി ഗോവ എഫ്സിയും ജയം ആവര്‍ത്തിക്കാന്‍ കോല്‍ക്കത്തയും ഇറങ്ങുമ്പോള്‍ മത്സരം ആവേശകരമാകും. ഗോവയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്കു മുന്നിലിറങ്ങുന്ന സീക്കോയുടെ ഗോവ എഫ്സി ആഗ്രഹിക്കുന്നത് ജയം മാത്രമാണ്. കഴിഞ്ഞ മത്സരത്തിലെ സമനിലയില്‍നിന്നും വിജയ വഴിയിലേക്കു തിരിച്ചുവരാനായിരിക്കും എതിരാളികളായ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയും ശ്രമിക്കുക. ബ്രസീലിയന്‍ ഇതിഹാസം സീക്കോ പരിശീലിപ്പിക്കുന്ന ഗോവയ്ക്ക് രണ്ടു മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ഇതുവരെ വിജയം നേടാനായില്ല. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ രണ്ടാം മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിന് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചതോടെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

അത്ലറ്റിക്കോ ഡി കോല്‍ക്കത്തയാണെങ്കില്‍ മൂന്നു മത്സരങ്ങളില്‍ രണ്ടു ജയവും ഒരു സമനിലയുമായി പോയിന്റ് പട്ടികയില്‍ മുന്നിലാണ്. സ്വന്തം നാട്ടില്‍ ഇറങ്ങുന്ന ഗോവയ്ക്കു കരുത്തായി എഡ്ഗര്‍ മാഴ്സെലെനോ, റോബര്‍ട്ട് പിറസ് എന്നിവരുടെ മധ്യനിരയിലെ നീക്കങ്ങളാണ്. കൂടാതെ ഗോള്‍പോസ്റ്റിനു കീഴില്‍ തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകള്‍ നടത്തുന്ന യാന്‍ സെഡയും. പ്രതിരോധത്തില്‍ ഗ്രിഗറി അര്‍ണോലിനും യൂനസ് ബെന്‍ഗെലിയനും നാരായണ്‍ ദാസും മികച്ച പ്രകടനമാണ് നടത്തുന്നത്. ഗോളിനുള്ള അവസരങ്ങള്‍ ഫലപ്രദമാക്കാന്‍ ഗോവന്‍ മുന്നേറ്റനിരയ്ക്കാകുന്നില്ല. ഗോവയുടെ രണ്ടു ഗോളുകളും പ്രതിരോധത്തിലെ ഗ്രിഗറി അര്‍ണോലിന്റെ വകയായിരുന്നു.


മുന്നേറ്റനിരയിലെ ഫിക്രു ടെഫേരയുടെ ഗോളടി മികവാണ് കോല്‍ക്കത്തയ്ക്കു മേല്‍ക്കൈ നല്‍കുന്നത്. ഫിക്രുവിനു കൂട്ടായി മുന്നേറ്റനിരയില്‍ ഊര്‍ജസ്വലമായി കളിക്കുന്ന ബല്‍ജിത് സാഹ്നിയും മികച്ച പ്രകടനമാണ് നടത്തുന്നത്.

കഴിഞ്ഞ മത്സരങ്ങളില്‍ ടീം പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിന്റെ ആവേശത്തിലാണ് ഗോവയുടെ തട്ടകത്തിലെത്തുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയം നേടിയ കോല്‍ക്കത്തയെ മൂന്നാമത്തെ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസ് സമനിലയില്‍ കുടുക്കി. കോല്‍ക്കത്തയുടെ പ്രധാനതാരം ലൂയിസ് ഗാര്‍സിയ ഇന്നത്തെ മത്സരത്തിനുണ്ടാകുമോ എന്ന കാര്യം സംശയമാണ്.

എന്നാല്‍, കഴിഞ്ഞ കളിയില്‍ പുറത്തിരിക്കേണ്ടിവന്ന ബോര്‍ഗ ഫെര്‍ണാണ്ടസ് തിരിച്ചെത്തുമെന്നത് കോല്‍ക്കത്തയ്ക്കു കരുത്തുപകരുന്നു. ബോര്‍ഗയ്ക്കൊപ്പം മധ്യനിരയില്‍ കളി മെനയാന്‍ ജോഫ്രെ മാറ്റുവും ചേരുന്നതു കോല്‍ക്കത്തയ്ക്കു ശക്തിപകരും പ്രതിരോധത്തില്‍ ജെസേമിയെയും അര്‍ണബ് മണ്ഡലിനെയും മറികടന്ന് ഒരു തവണയേ എതിരാളികള്‍ക്ക് പന്ത് വലയിലെത്തിക്കാനായുള്ളൂ. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ഗോവന്‍ ഗോള്‍ കീപ്പര്‍ യാന്‍ സെഡയെ മറികടക്കാന്‍ കോല്‍ക്കത്ത സ്ട്രൈക്കര്‍ ഫിക്രു ടെഫേരക്കാകുമോ എന്നും ഇന്ന് കാണാനാകും. ഇരുവരും തമ്മിലുള്ള പോരാട്ടത്തിനുകൂടിയാകും മത്സരം സാക്ഷിയാകുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.